പ്രവീണ ലളിത ഭായി എന്ന പേരിൽ എന്തെങ്കിലും റിക്വസ്റ്റുകൾ വന്നാൽ ഒരിക്കലും അക്സപ്റ്റ് ചെയ്യാതിരിക്കുക: പ്രവീണ

സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി പ്രവീണ. ഫേസ്ബുക്കിലും ഇൻസ്റ്റയിലും തന്റെ പേരിൽ ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്നും ഒരുപാട് ഫേക്ക് ഐഡികളിലൂടെ തന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ആ വ്യക്തി തന്റെ ഫോട്ടോ മോർഫ് ചെയ്തു രസിക്കുകയായിരുന്നു എന്നും പ്രവീണ കൂട്ടിച്ചേർത്തു.

‘ഏകദേശം ഒരു മൂന്നു വർഷം മുമ്പേയാണ് ഞാൻ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് എന്നോട് പലരും വിളിച്ചു പറയാൻ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോ എന്ന് കരുതി വിട്ടു കളഞ്ഞു. എന്നാൽ, പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു’.

‘ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല. അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് അവൻ ആരാണ് എന്ന് പോലും ഞാൻ അറിയുന്നത്. അവന് എന്റെ ഫോട്ടോ മോർഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം’.

‘എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടോ എന്ന് അറിയില്ല. പക്ഷേ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എന്റെ ഫോട്ടോസ് ആയിരുന്നു. അത് മോർഫ് ചെയ്തു രസിക്കുകയാണ് അവൻ. എന്തോ ഒരു അംഗവൈകല്യം ഉണ്ടനെന്നാണ് അറിയാൻ കഴിഞ്ഞത്’.

‘എന്തെങ്കിലും ശാരീരിക അപാകതകളുള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതല്ല. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. കുറെ നാൾ ഞാൻ ഇഗ്നോർ ചെയ്തു. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ഫാമിലി ഗേൾ ആണ്. അവർക്ക് ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സഹിക്കുമോ’.

‘എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്തു കയറ്റുന്നത്. വീട്ടുകാർക്ക് വിവരം എല്ലാം അറിയുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും ഇത് കാണുന്ന സാധാരണക്കാർ ഒരിക്കൽ എങ്കിലും സംശയിച്ചു പോകില്ലേ. ഒരിക്കൽ ഞാൻ ഇൻസ്റ്റയിലൂടെ ഈ വിവരം പറഞ്ഞിരുന്നു’.

‘എന്നാൽ, അതിന്റെ വാശിയെന്നോണം ഞാൻ ഫോളോ ചെയ്യുന്ന എല്ലാ ആളുകളെയും അവൻ കോണ്ടാക്ട് ചെയ്യാൻ തുടങ്ങി. അരോചകമായ ശബ്ദത്തിൽ എനിക്ക് മെസേജുകൾ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. എന്നാൽ, ഡൽഹിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഭാഗ്യരാജ് എന്ന വ്യക്തിയാണ് ഇതെന്ന് പിന്നീടാണ് മനസിലാകുന്നത്. ഒരു കമ്പ്യൂട്ടർ സ്റ്റുഡന്റ് ആണ് അവൻ. ഞാൻ എപ്പോഴും മെസേജുകൾ അവനു അയച്ചു കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവൽ പേഴ്സണാലിറ്റി’.

‘ആരാധനയാണ് എന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കുന്ന സമയത്തുതന്നെ എന്റെ ചിത്രങ്ങൾ വച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്. സമാധാനമായി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എല്ലാവരുടെയും ഉപദേശം കൊണ്ട് ഞാൻ സൈബർ സൈല്ലിൽ പരാതി കൊടുത്തു. പരാതി കൊടുത്ത ശേഷം അവനെ ഒരിക്കൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു’.

‘ഡൽഹിയിൽ ചേരിയിലാണ് അവന്റെ താമസം. അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ അവൻ ഇറങ്ങി. ഇറങ്ങിയ പാടേ വീണ്ടും അവൻ പരിപാടി തുടങ്ങി. എത്ര പരാതി കൊടുത്താലും അവൻ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഒരുതരം വാശിയോടെയാണ് അവൻ എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്’.

Read Also:- കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് നന്ദി: ഷാരൂഖ് ഖാൻ

‘ഇപ്പോൾ കുറച്ചു കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ മോശമായ ചിത്രങ്ങൾ മോർഫ് ചെയ്തു അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി. ഇൻസ്റ്റാഗ്രാം ആണ് ഇപ്പോൾ തട്ടകം. എനിക്ക് എന്റെ പ്രേക്ഷകരോട് പറയാനുള്ളത് ഒന്ന് മാത്രമാണ്, പ്രവീണ ലളിത ഭായി എന്ന പേരിൽ എന്തെങ്കിലും റിക്വസ്റ്റുകൾ വന്നാൽ ഒരിക്കലും അക്സപ്റ്റ് ചെയ്യാതിരിക്കുക’ പ്രവീണ പറഞ്ഞു.

Share
Leave a Comment