GeneralLatest NewsNEWSTV Shows

പ്രായത്തിന്റെ വിവരക്കുറവും അറിവില്ലായ്‍മയും, അച്ഛനെ നഷ്ടപ്പെട്ടു: വേദനയോടെ മനീഷ് പറയുന്നു

ഹോസ്പിറ്റലില്‍ നിന്ന് അച്ഛന്‍ വിളിച്ചത് അച്ഛന്‍ അഭിനയിക്കുന്ന സീരിയലിന്റെ സംവിധായകനെയാണ്.

ആരാധകരെ ഏറെയുള്ള ടെലിവിഷൻ താരമാണ് മനീഷ് കൃഷ്ണ. വില്ലനായും നായകനായും മിനിസ്‌ക്രീനിൽ നിറയുന്ന മനീഷ് അച്ഛന്റെ വേർപാടിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ വൈറൽ. അച്ഛന് അറ്റാക്ക് വന്നതിനെ തുടർന്ന് സർജറി ചെയ്തിരുന്നു. എന്നാൽ, അതിനെ തുടർന്നുള്ള അറിവില്ലായ്മയാണ് അച്ഛന്റെ മരണത്തിനു കാരണമെന്ന് മനീഷ് പറയുന്നു.

read also: ‘ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു, പക്ഷെ…’: തുറന്നു പറഞ്ഞ് ബിനു അടിമാലി

മനീഷിന്റെ വാക്കുകൾ ഇങ്ങനെ,

സിനിമയിലും സീരിയലിലും നാടകത്തിലും എല്ലാം വളരെ അധികം സജീവമായിരുന്നു അച്ഛന്‍. അച്ഛന്‍ വഴി തന്നെയാണ് ഞാനും ഈ രംഗത്തേക്ക് വരുന്നത്. പക്ഷെ എന്റെ ആദ്യത്തെ സീരിയല്‍ സംപ്രേക്ഷണം തുടങ്ങി രണ്ട് ആഴ്ച മാത്രമേ അച്ഛന് കാണാന്‍ സാധിച്ചുള്ളൂ. ഞങ്ങള്‍ രണ്ട് മക്കളും എന്തെങ്കിലും ഒക്കെ ആവുന്നതിന് മുന്‍പേ അദ്ദേഹം പോയി. രണ്ട് ഹാര്‍ട്ട് അറ്റാക്ക് അച്ഛന് കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെയൊന്നും ഒരു വയ്യായ്കയും അച്ഛന് ഉണ്ടായിരുന്നില്ല. എപ്പോഴും നല്ല ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും ആണ് അച്ഛനെ കണ്ടിരുന്നത്. വളരെ അധികം ആത്മവിശ്വാസവും അച്ഛന് ഉണ്ടായിരുന്നു. മൂന്നാമത്തെ അറ്റാക്ക് വരുമ്പോള്‍ അച്ഛന്‍ ലൊക്കേഷനിലേക്ക് ടു വീലര്‍ ഓടിച്ച് പോകുകയായിരുന്നു. പോകുന്ന പോക്കില്‍ വേദന വന്നപ്പോള്‍ നേരെ ഹോസ്പിറ്റലില്‍ കയറി. അവിടെ അഡ്മിറ്റ് ചെയ്തു.

ഹോസ്പിറ്റലില്‍ നിന്ന് അച്ഛന്‍ വിളിച്ചത് അച്ഛന്‍ അഭിനയിക്കുന്ന സീരിയലിന്റെ സംവിധായകനെയാണ്. അദ്ദേഹം ആണ് ഞങ്ങളെ വിളിച്ച് വിവരം പറഞ്ഞത്. എങ്ങിനെയാണ് ഹോസ്പിറ്റലില്‍ എത്തിയത് എന്ന് ഒന്നും എനിക്ക് ഓര്‍മയില്ല. പക്ഷെ ഞാന്‍ ചെന്ന് കാണുമ്പോഴും അച്ഛന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. നീ എങ്ങിനെ അറിഞ്ഞത്, എങ്ങിനെയാ വന്നത് എന്നൊക്കെയാണ് അച്ഛന്‍ ചോദിച്ചത്. കുഴപ്പം ഒന്നും ഇല്ല എന്ന് അച്ഛന്‍ തന്നെ പറയുന്നുമുണ്ട്.

അച്ഛന്‍ ഒരിക്കലും ഒരു തലവേദന വന്ന് പോലും കിടക്കുന്നത് കണ്ടിട്ടില്ല. അപ്പോഴും അത് പോലെ, ഒട്ടും ക്ഷീണമില്ലാതെയാണ് അച്ഛന്‍ സംസാരിക്കുന്നത്. അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല എന്ന് ഞങ്ങളും കരുതി. അച്ഛന്റെ ഓപ്പറേഷന്‍ കഴിഞ്ഞു. വലിയ പ്രയാസം ഒന്നും ഇല്ല. ഓപ്പറേഷന് ശേഷം അവിടെ തന്നെയുള്ള ചെറിയച്ഛന്റെ വീട്ടിലാണ് ഞങ്ങള്‍ നിന്നത്.

അനിയന്‍ അപ്പോള്‍ എന്‍ജിനിയറിങിന് പഠിക്കുകയായിരുന്നു. അവന് പരീക്ഷയുടെ സമയവും. അമ്മ അച്ഛന്റെ അടുത്ത് നില്‍ക്കുന്നത് കാരണം അവന് പരീക്ഷയ്ക്ക് പോകാന്‍ പറ്റുന്നില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ട് ആഴ്ച ആയപ്പോള്‍ അച്ഛന്‍ തന്നെ പറഞ്ഞു, ‘ഞങ്ങളിന് വീട്ടിലേക്ക് പോകാം. അവിടെ ആവുമ്പോള്‍ അവന് പരീക്ഷയ്ക്ക് പോകാം, എനിക്കും മിണ്ടിയും പറഞ്ഞു ഇരിക്കാന്‍ പരിചയക്കാരും ഉണ്ടാവും’ എന്ന്. സ്റ്റെപ്പ് കയറുകയും ഇറങ്ങുകയും ഒന്നും ചെയ്യരുത്, കുറച്ച് അധികം ശ്രദ്ധിക്കണം. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നാട്ടിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അടുത്ത പ്ലാറ്റ് ഫോമിലാണ് വണ്ടി വരുന്നത്. സ്‌റ്റെപ്പ് കയറി ഇറങ്ങി അപ്പുറം പോകണം. ഒരു കണക്കിനും സ്‌റ്റേഷനില്‍ ഒരു വീല്‍ ചെയര്‍ കിട്ടുന്നില്ല. വണ്ടിയുടെ സമയം ആണെങ്കില്‍ അടുത്ത് കൊണ്ടിരിയ്ക്കുന്നു.

സാരമില്ല, ഞാന്‍ സ്റ്റെപ്പ് കയറാം. എനിക്ക് കുഴപ്പമില്ല എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്റെ മുഖത്ത് നോക്കി വയ്യായ്ക ഉണ്ടെന്ന് പോലും തോന്നുന്നില്ല. അത്രയധികം ആത്മവിശ്വാസത്തോടെയാണ് അച്ഛന്‍ പറയുന്നത്. അങ്ങനെ പതിയെ ഒരോ സ്‌റ്റെപ്പ് എടുത്ത് വച്ച് കയറി ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിലെത്തി. വീട്ടിലേക്ക് വണ്ടി കയറി.ആദ്യത്തെ രണ്ട് ദിവസം പ്രശ്‌നം ഉണ്ടായിരുന്നില്ല. മൂന്നാമത്തെ ദിവസം അച്ഛന്റെ മൂക്കില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. ഉടനെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സത്യം പറഞ്ഞാല്‍ ഇങ്ങനെ ഒരു ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിയാതെ പരസഹാസം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും പാടില്ല. ആ അറിവ് ഒന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. പ്രായത്തിന്റെ വിവരക്കുറവോ എന്തോ, അച്ഛനെ നഷ്ടപ്പെട്ടു. ആ വേദന ഇപ്പോഴും ഉണ്ട്. കെയര്‍ ചെയ്യാത്തതിന്റെ പ്രശ്‌നമായിരുന്നു. അച്ഛനെ മാത്രം ഡിപ്പന്റ് ചെയ്യുന്ന അമ്മയായിരുന്നു. അച്ഛന്‍ പോയതോടെ കലക്ഷന്‍ ഏജന്റായി ജോലി നോക്കി അമ്മ അനിയനെ പഠിപ്പിച്ചു. ഞാനും ചെറിയ രീതിയില്‍ അഭിനയത്തിലൂടെ വരുമാനം ഉണ്ടാക്കി. അവന്‍ ജോലി ശരിയായി. അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ തുടക്കകാലത്ത് ഇന്റസ്ട്രിയില്‍ ഞാന്‍ നേരിട്ടിരുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. അച്ഛന്‍ വലിയൊരു നഷ്ടം തന്നെയാണ്. പത്ത് – പതിനേഴ് വര്‍ഷം ആയി എങ്കിലും ആ വേദന മാറില്ല- കണ്ണീരോടെ മനീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button