GeneralNEWS

ലഭിക്കാതെ പോയ ആ ഷെയ്ക്ക് ഹാന്‍ഡിനെയോര്‍ത്ത് ഞാന്‍ ഇന്നും വേദനിക്കുന്നു: കൊച്ചിൻ ഹനീഫയെ കുറിച്ച് ഇന്നസെന്റ്

അകാലത്തിൽ നമ്മെ വിട്ടു പോയ അനശ്വര നടൻ കൊച്ചിൻ ഹനീഫയില്‍ നിന്നും കിട്ടാതെ പോയൊരു ഷെയ്ക്ക് ഹാന്‍ഡിനെ കുറിച്ച് പ്രതിപാദിച്ച് നടൻ ഇന്നസെന്റ്. കാലന്റെ യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തിലാണ് സിനിമാ ലൊക്കേഷനില്‍ നടന്ന സംഭവം ഇന്നസെന്റ് തന്നെ എഴുതിയിരിക്കുന്നത്.

ഇന്നസെന്റിന്റെ വാക്കുകൾ :

മമ്മൂട്ടി, കൊച്ചിന്‍ ഹനീഫ, മനോജ് കെ ജയന്‍ എന്നിവര്‍ക്കൊപ്പം താനും സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. പരസ്പരം പരിഹസിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സംഭാഷണം നീണ്ടു. അങ്ങനൊരു ദിവസം ബൈബിള്‍ ഏത് ഭാഷയിലാണ് എഴുതിയതെന്ന് മമ്മൂട്ടി ചോദിച്ചു. ഹനീഫയോടായിരുന്നു ചോദ്യം. അറിയില്ലെന്ന് മറുപടി വന്നു. മനോജ് കെ ജയനും അറിയില്ലെന്ന് തന്നെ പറഞ്ഞു. ചോദ്യം പിന്നെ എനിക്ക് നേരെ നീണ്ടു. കൂട്ടത്തിലെ ഏക ക്രിസ്ത്യാനി ഞാനാണല്ലോ. അതുകൊണ്ട് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കി. ഞാന്‍ അറിയില്ലെന്ന് തന്നെ പറഞ്ഞു. മമ്മൂട്ടി ഗൂഢമായൊന്ന് ചിരിച്ചു. ഞാന്‍ അതൊന്നും കൂസാതെയിരിക്കുകയാണ്. അപ്പോഴാണ് ബൈബിള്‍ എഴുതിയത് ഹീബ്രുഭാഷയിലാണെന്ന് മമ്മൂട്ടി പറയുന്നത്. ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് അത്ഭുതം നിറഞ്ഞു. മമ്മൂട്ടി ഊറിച്ചിരിക്കുകയാണ്.

പെട്ടെന്ന് കൊച്ചിന്‍ ഹനീഫ എഴുന്നേറ്റ് ചെന്നിട്ട് മമ്മൂട്ടിയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തു. വെറുതേയല്ല മമ്മൂക്കയ്ക്ക് മൂന്ന് തവണ ദേശീയ പുരസ്‌കാരം കിട്ടിയതെന്ന ഭാവം മുഖത്ത്. എന്നിട്ടും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കുന്നല്ലോ എന്ന തരത്തിലാണ് ഹനീഫയുടെ പ്രകടനം. ക്രിസ്ത്യാനിയായിട്ടും ഇതറിയില്ലല്ലോ എന്ന് പറഞ്ഞ് അവരെന്നെ കളിയാക്കി. ഇതോടെ ഞാനതിന് വിശദീകരണം നല്‍കി. ‘ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിള്‍ എഴുതിയതെന്ന് അറിയുന്ന കുറച്ച് പേര്‍ ഉണ്ടാകും. എന്നാല്‍ അവരെയൊന്നും ആര്‍ക്കും അറിയില്ല. ബൈബിള്‍ ഹീബ്രു ഭാഷയിലാണ് എഴുതിയതെന്ന് അറിയാത്ത എന്നെ ഒരുവിധം മലയളികള്‍ക്കെല്ലാം അറിയാം. അതാണെന്റെ കളി’, ഞാനും പറഞ്ഞു.

എന്റെ വാക്ക് കേട്ടതോടെ മമ്മൂട്ടിയോട് തോന്നിയ അതേ ഭാവത്തിലായി ഹനീഫ. താനൊരു ഭയങ്കരന്‍ തന്നെ എന്ന ഭാവത്തില്‍ എനിക്ക് ഷെക്ക് ഹാന്‍ഡ് തരാന്‍ ഹനീഫ വന്നു. കൈനീട്ടിയതും മമ്മൂട്ടി ഹനീഫയെ തറപ്പിച്ച് നോക്കി. പെട്ടെന്ന് പൊള്ളിയത് പോലെ അദ്ദേഹം കൈ വലിച്ചു. ഹനീഫയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാനായി നീട്ടിയ എന്റെ കൈ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. എനിക്കങ്ങനെ ഷെയ്ക്ക് ഹാന്‍ഡ് തരാതെ എന്റെ ഹനീഫ നേരത്തെ പോയി. ലഭിക്കാതെ പോയ ആ ഷെയ്ക്ക് ഹാന്‍ഡിനെയോര്‍ത്ത് ഞാന്‍ ഇന്നും വേദനിക്കുന്നു. ജനപ്രതിനിധിയായതിന് ശേഷം എത്രയോ പേര്‍ എനിക്ക് കൈ തരാറുണ്ട്. അപ്പോഴെല്ലാം ആ ആള്‍ക്കൂട്ടത്തില്‍ ഹനീഫയുടെ നീട്ടിപ്പിടിച്ച കൈ ഉണ്ടോന്ന് ഞാന്‍ നോക്കുമെന്നും ഇന്നസെന്റ് പറയുന്നു.

ഇക്കാര്യം ഒരിക്കല്‍ ഞാന്‍ മമ്മൂട്ടിയോടും പറഞ്ഞു. എന്നാല്‍ തനിക്കിപ്പോള്‍ ഒരു ഷെയ്ക്ക് ഹാന്‍ഡ് അല്ലേ, വേണ്ടത് അത് ഞാന്‍ തരാമെന്ന് പറഞ്ഞു. എന്നാല്‍ എനിക്കത് പോരായിരുന്നു. പാതിവഴിയില്‍ പിന്‍വലിച്ച ഷെയ്ക്ക് ഹാന്‍ഡുമായി ഹനീഫ സ്വര്‍ഗത്തില്‍ എന്നെയും കാത്ത് നില്‍പ്പുണ്ടാവുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുകയാണ്. ഇനി ഞാൻ സ്വർഗത്തിൽ പോകുമോന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അക്കാര്യത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button