GeneralLatest NewsNEWS

മോഹന്‍ലാലിനെ കൂടുതൽ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നു, ലാലിനെ സ്നേഹിക്കുന്നവർ പതറിപ്പോകുന്നു: ഷാജി കൈലാസ്

ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ്. ചില പ്രത്യേക മാനസീകാവസ്ഥയിലുള്ളവരാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലാലിനെ സ്നേഹിക്കുന്നവർ പതറിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ നായകനായ എലോണിനും കാപ്പയിലെ അന്ന ബെന്നിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളോട് ഷാജി കൈലാസ് പ്രതികരിച്ചത്.

സംവിധായകന്റെ വാക്കുകൾ :

ഈയിടെയായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നു. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാളിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു, ബാക്കിയുള്ളവര്‍ വിഷമിക്കുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട് ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്. പക്ഷെ നമ്മള്‍ പോലീസ് സ്‌റ്റേഷനിലോ മറ്റോ പോയാല്‍ കാണുന്ന ഗുണ്ടകള്‍ നരുന്തകളായിരിക്കും. പതിനെട്ട് വയസുള്ള കുഞ്ഞുങ്ങളായിരിക്കും. ഇവര്‍ കയറി വെട്ടുമെന്നോ കൊല്ലുമെന്നോ നമ്മള്‍ ചിന്തിക്കുകയില്ല. അങ്ങനെയുള്ള ഗുണ്ടകളെ അവര്‍ക്ക് കണ്ട് പരിചയമില്ല. ഇപ്പോഴത്തെ കാലം അങ്ങനെയാണ്. അറസ്റ്റിലായ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ, ഇവരാണോ ഇങ്ങനെ ചെയ്തതെന്ന് നമ്മള്‍ ചിന്തിച്ചു പോകുന്നത് പോലെയുള്ള കുട്ടികളാണ്. ബിനുവിന്റെ തലച്ചോറാണ് വര്‍ക്ക് ചെയ്യുന്നത്, അല്ലാതെ അവളിറങ്ങി വെട്ടുകയും കൊല്ലുകയുമല്ലല്ലോ ചെയ്യുന്നത്. ഗുണ്ട ബിനു എന്നൊരു സംഭവം തന്നെ നമ്മള്‍ അതില്‍ ഉണ്ടാക്കിയിട്ടില്ല. ഇതൊക്കെ ശ്രദ്ധിച്ചു വേണം വിമര്‍ശിക്കാന്‍.

കൊവിഡ് എന്ന വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് എലോണ്‍ സിനിമയെടുക്കുന്നത്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹം ഒരുക്കി തന്നൊരു വഴിയായിരുന്നു. അടച്ചിട്ട സ്ഥലത്ത്, കുറച്ചു പേര്‍ മാത്രമുള്ള ക്രൂവിന് വച്ചൊരു സിനിമ. പുറത്തു നിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. എന്നും ആര്‍ടിപിസആര്‍ എടുത്തിരുന്നു. അദ്ദേഹം ഒഴികെ എല്ലാവരും മാസ്‌ക് വച്ചിരുന്നു. ആ സമയത്ത് ഒറ്റയ്ക്ക് ഒരു ഇന്‍ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് ഒരു നന്മ എന്നു കരുതി എടുത്തതാണ്. പിന്നെ ഒടിടിയ്ക്കായി എടുത്ത സിനിമ കൂടിയായിരുന്നു. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തീയേറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തീയേറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്‌കാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുളള അംഗീകാരം കിട്ടിയാല്‍ മതിയെന്നും ആന്റണി പറഞ്ഞു. ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നതും ആന്റണിയുടെ ആശയമായിരുന്നു. ഞാനത് വേണോ എന്ന് ചോദിച്ചിരുന്നതാണ്. പരിചിതരായവരുടെ ശബ്ദം ആകുമ്പോള്‍ അവര്‍ അപ്പുറത്തുള്ളതായി ഫീല്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് മഞ്ജുവിനോടും രാജുവിനോയും ആനിയോടുമൊക്കെ ഡബ്ബ് ചെയ്ത് തരാന്‍ പറ്റുമോ എന്ന് ചോദിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ വന്ന് ചെയ്യുകയും ചെയ്തു. ഡോക്ടറുടെ വോയ്‌സ് ആനിയായിരുന്നു. ഞാന്‍ വിളിച്ചു കൊണ്ടു വന്ന് ചെയ്യിപ്പിച്ചതാണ്.

shortlink

Related Articles

Post Your Comments


Back to top button