GeneralLatest NewsNEWS

ആ കഥ വായിച്ച് കുറേനേരം അന്തം വിട്ട് ഇരുന്ന് പോയി, അത്രയും വൃത്തിക്കെട്ട വില്ലന്‍ വേഷമായിരുന്നു അത്: ദിനേശ് പണിക്കർ

സീരിയലിലും അതുപോലെ സിനിമയിലുമൊക്കെ സജീവ സാന്നിധ്യമാണ് നടനും നിര്‍മാതാവുമൊക്കെയാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായിട്ടുമൊക്കെ തിളങ്ങി നിന്ന താരം സുരേഷ് ഗോപിയുടെ ജനകന്‍ എന്ന സിനിമയില്‍ കിടിലനൊരു വില്ലന്‍ വേഷത്തിലെത്തി നടന്‍ ആരാധകരെ പോലും അമ്പരപ്പിച്ച് കളഞ്ഞിരുന്നു. ഇന്നും ആ സിനിമയിലെ വില്ലനായിട്ടാണ് തന്നെ പലരും കാണുന്നതെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിൽ ദിനേശ് പറയുന്നത്. ജനകനിലെ വില്ലന്‍ കാരണം പലരും തന്നെ വെറുത്തിരുന്നുവെന്നും അതൊരു അവാര്‍ഡായി കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ :

‘ജനകനില്‍ അഭിനയിച്ചതിന് ശേഷം പലരും എന്നെ വെറുത്തു. വര്‍ഷങ്ങളായി എന്നെ അറിയുന്ന എപ്പോള്‍ കണ്ടാലും അത്രയും സ്‌നേഹത്തോടെ സംസാരിച്ചിരുന്ന ഒരു അമ്മച്ചി എന്നെ കണ്ടതും മുഖം തിരിച്ച് പോയി. അവര്‍ക്കെന്താണ് പറ്റിയതെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയുടെ കാര്യം ഓര്‍മ്മ വന്നത്. ജനകന്‍ കണ്ടിരുന്നോ എന്ന് ഞാന്‍ അവരോട് പോയി ചോദിച്ചു. ‘കണ്ടു, ദിനേശിനെ അങ്ങനെ കാണാന്‍ ഇഷ്ടമില്ലെ’ന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ അഭിനയിച്ചത് നന്നായത് കൊണ്ടാണല്ലോ ഇങ്ങനെയൊരു മാര്‍ക്കിംഗ് കിട്ടിയത്. അഭിനയം സൂപ്പറായിരുന്നത് കൊണ്ടാണ് എല്ലാവര്‍ക്കും വെറുപ്പ് തോന്നുന്നതെന്ന് പിന്നീട് ചിന്തിച്ചപ്പോള്‍ മനസിലായി. അതുകൊണ്ട് വേറെ വിഷമമൊന്നും തോന്നിയില്ല.

ശരിക്കും ആ കഥ വായിച്ച് കുറേനേരം അന്തം വിട്ട് ഇരുന്ന് പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത, അത്രയും വൃത്തിക്കെട്ട വില്ലന്‍ വേഷമായിരുന്നു അത്. സിനിമയുടെ ഹൈലൈറ്റ് അതായിരുന്നു. സിനിമയുടെ തുടക്കത്തില്‍ എനിക്ക് പോസിറ്റീവ് ഇമേജായിരുന്നു. അവസാനത്തിലേക്കാണ് അതിലെ വില്ലന്‍ ഞാനാണെന്ന് തെളിയുന്നത്. ഇട്ടിട്ട് പോയാലോ എന്നൊക്കെ ഞാന്‍ ആലോചിച്ചിരുന്നു. ദൈവമായി തന്ന ചലഞ്ചാണ്. ഒരു വില്ലന്റെ വേഷം ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് വിചാരിച്ചു. അത് ഗംഭീരമായി തന്നെ ചെയ്യാനും സാധിച്ചു. എനിക്ക് കിട്ടാവുന്നതില്‍ മികച്ച അവാര്‍ഡാണ് അത്’.

 

shortlink

Post Your Comments


Back to top button