GeneralLatest NewsNEWS

ലോകപ്രശസ്ത ഇറാന്‍ ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി ജയില്‍ മോചിതനായി

ലോകപ്രശസ്ത ഇറാന്‍ ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി (62) ജയില്‍മോചിതനായി.
സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരില്‍ ജയിലിലായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചതിനാണ് കഴിഞ്ഞ ജൂലൈ 11ന് പനാഹിയെ ജയിലിലടച്ചത്. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെന്‍സര്‍ഷിപ് എന്നിവയെക്കുറിച്ച്‌ പനാഹി നിര്‍മ്മിച്ച ചലചിത്രങ്ങളും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

തന്നെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെഹ്രാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരുന്നു. ‘എന്റെ ചേതനയറ്റ ശരീരം തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ ഞാന്‍ സമരം തുടരും’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഭാര്യ തഹരെ സയീദി പുറംലോകത്തെ അറിയിച്ചിരുന്നു. തുടർന്ന് മനുഷ്യാവകാശ സംഘടനകളടക്കം നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് രണ്ട് ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ഭരണകൂടത്തെ വിമര്‍ശിച്ചെന്നാരോപിച്ച്‌ 2011ല്‍ പനാഹിക്ക് 6 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. അന്ന് 2 മാസം തടവില്‍ കഴിഞ്ഞശേഷം ഉപാധികളോടെ മോചിപ്പിക്കുകയായിരുന്നു. ദ് വൈറ്റ് ബലൂണ്‍, ദ് സര്‍ക്കിള്‍, ഓഫ്‌സൈഡ്, ടാക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജാഫര്‍ പനാഹി 2007ല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അദ്ധ്യക്ഷനായിരുന്നു.

shortlink

Post Your Comments


Back to top button