CinemaEast Coast SpecialLatest NewsNew ReleaseNow Showing

കള്ളനും ഭഗവതിയും; പേര് പോലെ സുന്ദരം, ജന്മനസ്സുകൾ കീഴടക്കി കള്ളൻ മാത്തപ്പൻ – അസിം കോട്ടൂരിന്റെ റിവ്യൂ

പേര് പോലെ സുന്ദരമാണ് സിനിമയും..!

ഫാന്റസിയ്ക്കും റിയാലിറ്റിയ്ക്കുമൊപ്പം കോമഡിയും സംഗീതവും സമാസമം ചേർത്ത് പ്രേക്ഷകന്റെ മനസ്സറിഞ്ഞാണ് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു കോമേഴ്ഷ്യൽ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്ത പക്കാ “ഫാമിലി – കോമഡി – ഇമോഷണൽ – ഡിവോഷ്ണൽ – ഫീൽഗുഡ് മൂവി” എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

ഒരു നാട്ടിൻപുറത്തിന്റെ നിഷ്കളങ്കമായ മനോഹാരിതയിൽ തുടങ്ങുന്ന സിനിമ മെല്ലെ മെല്ലെ പ്രേക്ഷകനെ സർവ്വം മറന്ന് ആകാംക്ഷയോടെ തീയേറ്ററിനുള്ളിൽ പിടിച്ചിരുത്തുന്ന ഒരു മാജിക്കൽ അനുഭൂതിയായി തീരുന്നു. മാത്തപ്പന്റെയും പ്രിയാമണിയുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ആദ്യ പകുതി തമാശകളാലും വൈകാരിക മുഹൂർത്തങ്ങളാലും സമ്പന്നമാണ്. രണ്ടാം പകുതി അനിർവചനീയമായ മറ്റൊരു ആസ്വാദന തലത്തിലേക്കാണ് പ്രേക്ഷകനെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ഇടയ്ക്കിടെ ചിരിപ്പിച്ചും, കണ്ണ് നിറയിപ്പിച്ചും പ്രേക്ഷകനെ ഇമോഷ്ണലി കൊണ്ടുപോകുന്ന നിരവധി സന്ദർഭങ്ങൾ ചിത്രത്തിലുണ്ട്. സിനിമകളിൽ അധികം കാണാത്ത, യാഥാർഥ്യവും കാൽപ്പനികതയും സമന്വയിപ്പിച്ച “മാജിക്കൽ റിയലിസം” മൂഡിലാണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേർന്നൊരുക്കിയിരിക്കുന്നത്. ഉടനീളം വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ക്രീൻ സ്പെയ്സ് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും, സംഭാഷണങ്ങളും തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണവും.

മാത്തപ്പൻ ഉണ്ണി എന്ന വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്നത്തെ യുവത്വത്തിന്റെ പ്രതീകം കൂടിയാണ്. മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ജീവിതം പ്രതിസന്ധി ഘട്ടത്തിലായ സാഹചര്യത്തിലാണ് കള്ളൻ മാത്തപ്പൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. ഒടുവിൽ അയാൾ ഒരു മോഷണം കൂടി നടത്താനും അതും കൂടി പരാജയപ്പെട്ടാൽ ആത്മഹത്യ ചെയ്യണമെന്നും ഉറപ്പിക്കുന്നു. ആത്മഹത്യാകുറിപ്പും തയ്യാറാക്കുന്നു. ആ മോഷണത്തിനിടെ ഉദ്ധ്യോഗജനകമായ സംഭവങ്ങളിലൂടെ കള്ളൻ മാത്തപ്പന്റെ മുന്നിൽ ഭഗവതി കൂടി പ്രത്യക്ഷപ്പെടുന്നതോടെ ചിത്രം കൗതുകകരമായ മറ്റൊരു തലത്തിലേക്ക് മാറുന്നു. തീയേറ്ററിനുള്ളിൽ ഭക്തി സാന്ദ്രമായ നിരവധി മുഹൂർത്തങ്ങളിലേക്ക് സെക്കന്റ് ഹാഫ് സാക്ഷിയാകുന്നുണ്ടെങ്കിലും “കള്ളനും ഭഗവതിയും” തമ്മിലുള്ള ബന്ധവും അവർക്കിടയിലെ തമാശകളും ചിത്രത്തിന്റെ ഒഴുക്ക് മനോഹരമാക്കുന്നു.

മനുഷ്യനേക്കാൾ മതങ്ങൾക്ക് പ്രാധാന്യമുള്ള കാലത്ത് ചിത്രത്തിലെ ഭഗവതി പറയുന്ന ഈ ഡയലോഗും ചർച്ചയാവുകയാണ്.. “ദൈവങ്ങൾക്ക് മതമില്ല മാത്തപ്പാ…”

കള്ളനും ഭഗവതിയും ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടി സഞ്ചരിക്കുന്ന സിനിമ കൂടിയാണ്. കാലിക പ്രസക്തമായ നിരവധി സന്ദേശങ്ങൾ ചിത്രത്തിലുണ്ട്. ബംഗാളി താരമായ മോക്ഷയാണ് ഭഗവതിയുടെ വേഷം ചെയ്തിരിക്കുന്നത്. ഒരു അന്യഭാഷാ നടിയായിരുന്നിട്ടും ഏറെ അഭിനയ പ്രാധാന്യമുള്ള, കഥാപാത്രമായി ജീവിക്കുന്ന ഗംഭീര പ്രകടനമാണ് മോക്ഷയുടേത്. അനുശ്രീ അവതരിപ്പിച്ച പ്രിയാമണിയും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

കള്ളൻ മാത്തപ്പൻ എന്ന കഥാപാത്രത്തിന്റെ ആത്മാവറിഞ്ഞു വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ വേഷം അവിസ്മരണീയമാക്കി. മാത്തപ്പന്റെ സുഹൃത്ത് വല്ലഭനായി രാജേഷ് മാധവനും, ജ്യോത്സ്യനായി ജോണി ആന്റണിയും,പള്ളീലച്ചനായി സലിം കുമാറും, പോലീസ് ഓഫീസറായി പ്രേം കുമാറും ചിത്രത്തിലെ കോമഡി രംഗങ്ങൾക്ക് മെമ്പൊടി വിതറി ചിരിയുടെ മാലപ്പടക്കം തീർത്തിരിക്കുന്നു.

രഞ്ജിൻ രാജിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ജോൺ കുട്ടിയുടെ എഡിറ്റിങ്ങും,രതീഷ് റാമിന്റെ ഛായാഗ്രഹണവും രാജീവ് കോവിലകത്തിന്റെ കലാ സംവിധാനവും മികച്ചതാണ്. പൂർണമായും തീയേറ്റർ ശബ്ദ വിന്യാസത്തിൽ ആസ്വദിക്കാൻ കഴിയുന്ന സിനിമ കൂടിയാണ്. തീയേറ്ററിൽ തന്നെ ഈ ചിത്രം കാണുക.. ആസ്വദിക്കുക…. വിജയിപ്പിക്കുക… !! വ്യത്യസ്ഥമായൊരു തീയേറ്റർ എക്സ്പീരിയൻസ് ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കും.. ഉറപ്പ് !!

അസിം കോട്ടൂർ

shortlink

Related Articles

Post Your Comments


Back to top button