‘ആ മറുപടി എന്നെ അതിശയിപ്പിച്ചു, ഇവൾ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാൻ പെട്ടെന്ന് ആലോചിച്ചു’: ധ്യാൻ

'കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാൽ ഫിംഗർ പ്രിന്റ് കിട്ടില്ലെന്ന് അവൾ പറഞ്ഞു': മകളെ എല്ലാ സിനിമയും കാണിക്കാറുണ്ടെന്ന് ധ്യാൻ

മലയാളികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് വരെ ആരാധകർ ഏറെയാണ്. വളരെ കൂളായി സംസാരിക്കുന്ന, ചിൽ മനുഷ്യനാണ് ധ്യാൻ എന്നാണ് സോഷ്യൽ മീഡിയയുടെയും അഭിപ്രായം. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൂന്നര വയസ്സുകാരിയായ തന്റെ മകൾ ഒരു സിനിമ കണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും മകളുടെ മറുപടികൾ തന്നെ അതിശയിപ്പിച്ചതിനെ കുറിച്ചും ധ്യാൻ തുറന്നു പറഞ്ഞിരുന്നു.

‘സിനിമകൾ കാണുമ്പോൾ ഞാൻ എല്ലാ സിനിമയും മകളെയും കാണിക്കാറുണ്ട്. ഹൊറർ സിനിമ, ത്രില്ലർ തുടങ്ങി എല്ലാം കാണിക്കും. പിന്നെ എപ്പോഴെങ്കിലും കണ്ടിട്ട് പേടിക്കേണ്ടല്ലോ കരുതിയാണ്. ചിലരൊന്നും കുട്ടികളെ ആദ്യമൊന്നും ഇത്തരം സിനിമകൾ കാണിക്കില്ല. ഞാൻ നേരെ തിരിച്ചാണ് ആലോചിക്കുന്നത്. ഇത് സിനിമയാണ് റിയാലിറ്റി അല്ല എന്നൊക്കെ പറഞ്ഞാൽ അവൾക്കിപ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാൻ അവളെ ഒരു സിനിമ കാണിച്ചു. മർഡർ മിസ്റ്ററിയാണ്. പൊലീസ് വരും അയാൾ മരിച്ചു എന്നൊക്കെ അവൾക്ക് ഞാൻ പറഞ്ഞ് കൊടുക്കുകയാണ്. എനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് അവളും പറയുന്നുണ്ട്. പൊലീസ് വന്നാൽ അന്വേഷണം നടത്തും കൊലപാതകം നടത്തിയ ആളെ കോടതിയിൽ കൊണ്ടുപോയി ശിക്ഷിക്കുമെന്നൊക്കെ അവൾക്ക് ഇപ്പോൾ അറിയാം.

പെട്ടെന്ന് എന്നോട് പറഞ്ഞു, കൊലപാതകി ഒരു മണ്ടനാണെന്ന്. അതെന്താണെന്ന് ഞാൻ ചോദിച്ചു. പൊലീസ് ഫിംഗർ പ്രിന്റ് ചെക്ക് ചെയ്യുന്നതൊക്കെ അവൾക്ക് അറിയാം. ഞാൻ തന്നെ പറഞ്ഞു കൊടുത്തതാണ്. എപ്പോഴോ പറഞ്ഞു കൊടുത്ത കാര്യം എനിക്ക് ഓർമ ഇല്ലായിരുന്നു. ഫിംഗർ പ്രിന്റ്സിന്റെ കാര്യം എന്താണെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ, പപ്പാ… കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാൽ ഫിംഗർ പ്രിന്റ് കിട്ടില്ലെന്ന് അവൾ പറഞ്ഞു. ആ മറുപടി എന്നെ അതിശയിപ്പിച്ചു. ഇവൾ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാൻ പെട്ടെന്ന് ആലോചിച്ചു, മൂന്നര വയസ് ആയിട്ടേ ഉള്ളൂ, ഗ്ലൗസ് ഇട്ട് കഴിഞ്ഞാൻ ഫിംഗർ പ്രിന്റ്സ് വരില്ലെന്ന് അവൾക്ക് അറിയാം. പെട്ടെന്ന് തന്നെ ഞാൻ ആ സിനിമ ഓഫാക്കി. പിന്നെ കാണാമെന്ന് കരുതി’, ധ്യാൻ ചിരിയോടെ പറഞ്ഞു.

Share
Leave a Comment