GeneralLatest NewsMollywoodNEWSWOODs

‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ, അച്ഛനെ അപമാനിച്ചവരോട് പറയാനുള്ളത്: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാൻ സോഷ്യല്‍ മീഡിയയും മുന്നിലായിരുന്നു

നടി നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയില്‍ സംസാരിക്കവേ നിമിഷ സജയൻ പറഞ്ഞ വാക്കുകള്‍ കുത്തി പൊക്കി സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വിമർശനം ഉയരുകയാണ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായി വിഷമം മാത്രമേയുള്ളൂവെന്ന് ഗോകുല്‍ പറയുന്നു.

‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിയുടെ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. അന്ന് അത് പറയുമ്പോള്‍ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത ആ നടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഗോകുല്‍ പറഞ്ഞു.

read also: ഷെയിനിന്റെ പുതിയ ചിത്രത്തിന് ഗള്‍ഫില്‍ വിലക്ക്: നിഗൂഢത പുറത്തുവരാനുണ്ടെന്ന് സാന്ദ്ര തോമസ്

ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ,

‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല.

ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോള്‍ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. ഗോകുല്‍ സുരേഷിന്‍റെ വാക്കുകള്‍.

സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോള്‍ ജയിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ എന്‍റെ മുമ്പില്‍ കാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കില്‍ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ ഏറ്റവും കൂടുതല്‍ ശ്രമിച്ചത്.

അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കില്‍പ്പോലും നല്ല കാര്യങ്ങള്‍ ചെയ്യാൻ അച്ഛന് സാധിക്കും. എന്തെങ്കിലും മോശമോ അബദ്ധമോ പറ്റുമ്പോള്‍ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങള്‍ കാണിക്കുന്ന വ്യഗ്രത നല്ലത് ചെയ്യുമ്പോളും കാണിക്കണം. കാമറ പിടിച്ച്‌ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നവർ തന്നെയാണ് നെഗറ്റിവ് കണ്ടന്‍റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ചാനല്‍ കണ്ടന്‍റ് ഇടുന്നു, അതില്‍ നിന്നും പല ഭാഗങ്ങളെടുത്ത് വിവിധ വീഡിയോകളാക്കി മറ്റ് ചാനലുകാർ പോസ്റ്റ് ചെയ്യുന്നു.

എന്നിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, അതിനായി ഉതകുന്ന തലക്കെട്ടും നല്‍കിയിട്ടുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോള്‍ അതിന്‍റെ ഒറിജിനല്‍ കണ്ടന്‍റ് നല്‍കിയവർ മുന്നോട്ട് വരികയോ, സുരേഷ് ഗോപി പറഞ്ഞ കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിലുള്ള നട്ടെല്ലില്ലായ്മ പല മാധ്യമങ്ങള്‍ക്കും ഉണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഇതിലൂടെ സഞ്ചരിക്കുക എന്നുള്ളത് മാത്രമാണ് പോംവഴിയെന്നറിയാം. സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാൻ സോഷ്യല്‍ മീഡിയയും മുന്നിലായിരുന്നു. നല്ലത് പറയാനും പിന്തുണയ്‌ക്കാനും ചിലരുണ്ടായിരുന്നെങ്കിലും അവർ ചെറിയൊരു കൂട്ടം മാത്രമായി ഒതുങ്ങി. സുരേഷ് ഗോപിയെ മോശം പറയാനും തെറി വിളിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു കൂടുതലും. അതൊരു പക്ഷേ അവരുടെ അജണ്ടയാകും.

ഇപ്പോള്‍ സുരേഷ് ഗോപി ജയിച്ച്‌ വന്നപ്പോള്‍ അദ്ദേഹത്തെ വേദനിപ്പിച്ച ചാനലുകാർ തന്നെ പിന്തുണയ്‌ക്കാൻ ഒരുപക്ഷേ ശ്രമിക്കാം. മാധ്യമങ്ങള്‍ ഒരാളെ താറടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തുടരുക തന്നെ ചെയ്യും.

അങ്ങനെ അടിച്ചമർത്തി കൊല്ലാൻ ശ്രമിച്ചതിനെ അതിജീവിച്ച്‌ അയാള്‍ വിജയിച്ച്‌ വന്നാല്‍ ഈ വേദനിപ്പിച്ചവർ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വ്യാജമായ യാഥാർഥ്യത്തിലാണ് നാം ജീവിക്കുന്നത്.’- ഗോകുല്‍ സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button