GeneralLatest NewsMollywood

എസിപി സുരേഷിനെതിരെ ലൈംഗിക ആരോപണം; പരാതിയുമായി മേജർ രവിയുടെ സഹോദരന്‍ കണ്ണൻ പട്ടാമ്പി

സുരേഷിനെതിരെ നിരവധി പരാതികൾ വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്

ഇൻസ്പെക്ടർ വി.എസ്. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സിറ്റി അസി.പൊലീസ് കമ്മിഷണർ പി.എസ്. സുരേഷിനെതിരെ ലൈംഗിക ആരോപണ പരാതി. സംവിധായകന്‍ മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയാണ് സുരേഷിനെതിരെ രംഗത്തു വന്നത്.

2017ൽ നൽകിയ പരാതിയിൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ഡിജിപിയെ സമീപിച്ച കണ്ണന്‍ സുരേഷിനെതിരെ നിരവധി പരാതികൾ വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കണ്ണൻ പട്ടാമ്പി ഒരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

പരാതിക്ക് ആസ്പദമായ സംഭവത്തെക്കുറിച്ച് കണ്ണൻ പട്ടാമ്പി പറയുന്നത് ഇങ്ങനെ: സുരേഷ് പട്ടാമ്പി സിഐ ആയിരുന്ന സമയത്ത് ഞാനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. സിനിമയുമായി അടുപ്പമുള്ള കുടുംബമായതുകൊണ്ട് അവിടെ വരുന്ന ഒരു വിധം എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായും എനിക്ക് നല്ല ബന്ധമാണ്. സുരേഷ് പലപ്പോഴും വീട്ടിൽ വരികയും ഒരുമിച്ചു മദ്യപിക്കുകയും ചെയ്യാറുണ്ടായിരുന്നു. 2016 ജൂൺ ഏഴിന് ഞങ്ങളുടെ വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശം ഉണ്ടായിരുന്നു. അന്നു രാത്രി സുരേഷ് വിളിച്ച്, എന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അപ്പോൾ പുറത്തായിരുന്നു. ഇയാളുടെ ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ എത്തിയപ്പോഴേക്കും അയാൾ പോകുകയാണ് എന്നു പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി. വീട്ടിൽ എന്താണു സംഭവിച്ചതെന്ന് ഭാര്യ എന്നോട് അപ്പോൾ പറഞ്ഞില്ല

പക്ഷേ ആ ദിവസത്തിനു ശേഷം എന്റെ ഭാര്യ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. മകളുടെ പിറന്നാളിന് സിഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോൾ അവർ എതിർത്തു. ഒരുമിച്ച് മദ്യപിക്കുന്നതിലുള്ള നീരസമായിരിക്കും ഭാര്യയുടെ അത്തരം പ്രതികരണത്തിന് പിന്നിലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ആ സംഭവത്തിനു ശേഷം സുരേഷ് എന്നെ ദ്രോഹിക്കാൻ തുടങ്ങി. എന്താണ് അതിനു കാരണമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. 2017ലാണ് ഭാര്യ എന്നോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. അന്നു രാത്രി സുരേഷ് വീട്ടിൽ വന്നപ്പോൾ വെള്ളമെടുക്കാൻ പോയ എന്റെ ഭാര്യയെ അയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ഭാര്യ എന്നോടു വെളിപ്പെടുത്തി.

ഭാര്യയുടെ പരാതി 2017ൽ തന്നെ പൊലീസ് കംപ്ലെയ്ന്റ് സെല്ലിൽ നൽകി. രഹസ്യ സ്വഭാവം നിലനിർത്തിയാകും കംപ്ലെയ്ന്റ് സെല്ലിലെ പരാതികൾ കൈകാര്യം ചെയ്യുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് അവിടെ പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ നടപടികൾ ഒന്നും ഉണ്ടായില്ല. അതിനെത്തുടർന്ന്, ഈ വർഷം മാർച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രസീത് കൈപ്പറ്റി. പരാതി എസ്പിയുടെ മുന്നിലെത്തി. ആലത്തൂർ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതലയും നൽകി. പക്ഷേ, അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. പൊലീസുകാർ ഒത്തുകളിച്ച് കേസ് ഇല്ലാതാക്കി. നീതി നടപ്പാകണം എന്ന് ആവശ്യപ്പെട്ട് ജൂൺ 14ന് ഞാൻ ഡിജിപിയെ സമീപിച്ചു. അതോടൊപ്പം ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഡിജിപി, എസ്പി, എസ്ഐ എന്നിവരെയൊക്കെ കക്ഷി ചേർത്താണ് ഞാൻ വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്,” –കണ്ണൻ പട്ടാമ്പി പറഞ്ഞു.

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button