” കരഞ്ഞു കൊണ്ടാണ് അവൾ കാര്യം പറഞ്ഞത്. ഞാനാകെ തകർന്നു പോയി”; നടന്‍ രാജീവ് റോഷന്‍

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് രാജീവ് റോഷന്‍. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായി എത്തിയ രാജീവ് ജീവിതത്തില്‍ ഉണ്ടായ ദുരിതജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. തൈറോയ്ഡ് കാൻസര്‍ എന്നാ വലിയ ദുരിതത്തെ കീഴടക്കിയതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു.

പത്തു വര്‍ഷം മുന്പ് ഉണ്ടായ കാര്യമാണ് താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. ഈ റിസള്‍ട്ട് അറിഞ്ഞ സമയത്ത് ഒരു പ്രണയ രംഗത്തില്‍ സങ്കടം ഉള്ളില്‍ അടക്കി അഭിനയിച്ചതിക്ക്രിച്ചും രാജീവ് പങ്കുവയ്ക്കുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

‘പത്തു വർഷം മുൻപാണ്. ശരീരത്തിനു ചെറിയ ചില അവശതകൾ തോന്നി ഒരു ഡീറ്റെയിൽഡ് ചെക്കപ്പ് നടത്തി. രക്തം പരിശോധിച്ചു. ബയോപ്സി ചെയ്തു. റിസൾട്ട് വന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഞാൻ ഷൂട്ടിലായതിനാൽ ഭാര്യയാണ് ഡോക്ടറെ കണ്ട് റിസൾട്ട് വാങ്ങാന്‍ പോയത്. റിസൾട്ടിൽ ചില പ്രശ്നങ്ങൾ കണ്ടു. തൈറോയ്ഡ് കാൻസർ. സീരിയസാണ്. ഉടൻ സർജറി വേണം. വൈകുന്നേരം നാലു മണിയായിട്ടുണ്ടാകും. ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. ഭാര്യ എന്നെ വിളിച്ചു. കരഞ്ഞു കൊണ്ടാണ് അവൾ കാര്യം പറഞ്ഞത്. ഞാനാകെ തകർന്നു പോയി. ആരോടും ഒന്നും പറഞ്ഞില്ല. അടുത്തതായി അഭിനയിക്കേണ്ടത് ഒരു പ്രണയ രംഗത്തിലാണ്. ഞാനും നായികയും കൂടി ഒരു ഡൈനിങ് ടേബിളിനു ചുറ്റും ഒാടുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെയാണ് സീൻ. ആ സമയത്ത് എന്റെ സങ്കടം പറഞ്ഞിട്ടു കാര്യമില്ല.

ഒരു ദിവസത്തെ ഷൂട്ടു മുടങ്ങിയാൽ വലിയ നഷ്ടം സംഭവിക്കും. എന്നിട്ടും ഇതു നാളെ എടുത്താലോ എന്നു മടിച്ചു മടിച്ചു ചോദിച്ചു നോക്കി. പക്ഷേ, സംവിധായകൻ നിസ്സഹായനായിരുന്നു. ഒടുവിൽ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമേ ചിരിച്ച് ഞാനാ സീൻ അഭിനയിച്ചു തീർത്തു. പിന്നീടങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. പ്രിയപ്പെട്ടവരും ഈശ്വരനും ഒപ്പം നിന്നു. ശസ്ത്രക്രിയ വിജയമായി. മരുന്നും തുടർ പരിശോധനകളുമായി ദിവസങ്ങൾ പലതും കൊഴിഞ്ഞു. സർജറി കഴിഞ്ഞ് മൂന്നു വർഷം കടന്നാൽ പിന്നീട് ഭയക്കാനില്ല. ആ മൂന്നു വർഷങ്ങൾ ആശങ്കയുടെതായിരുന്നു. അപ്പോഴേക്കും ഞാൻ മാനസികമായി കരുത്തു നേടിയിരുന്നു. അഭിനയത്തിൽ സജീവമായി. കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടു. ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. പിന്നീടൊരിക്കലും ആ രോഗമോ അതിന്റെ ബുദ്ധിമുട്ടുകളോ എന്നെ തേടിയെത്തിയിട്ടില്ല. എല്ലാം ദൈവാനുഗ്രഹം. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുടെ ശക്തി”

കടപ്പാട് : വനിത

SHARE