GeneralLatest NewsMollywood

‘അച്ഛനോ ആരുടെ അച്ഛന്‍? ഏത് ഇന്ദിര? കാണണമെന്ന് ആഗ്രഹിച്ച അച്ഛനോടും പറഞ്ഞുവിട്ട അമ്മയോടും അന്ന് വെറുപ്പുതോന്നി

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ‘മുത്തേ .. പൊന്നെ പിണങ്ങല്ലേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അരിസ്റ്റോ സുരേഷ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് മലയാളം പതിപ്പിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അരിസ്റ്റോ സുരേഷ് അച്ഛനില്‍ നിന്ന് പോലും തനിക്ക് കഠിനമായ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുന്നു. ഒരിക്കല്‍ അഛനെ കാണാന്‍ പോയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചു.

വളരെ ചെറിയ പ്രായത്തിലെ തന്നെയും കുടുംബത്തെയും അച്ഛന്‍ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് പലപ്പോഴും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ഒരിക്കല്‍ അമ്മയുടെ നിര്‍ദ്ദേശപ്രകാരം അച്ഛനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നുവെന്നു അദ്ദേഹം തുറന്നു പറയുന്നു.

“ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരഞ്ഞു പോകുന്ന അനുഭവമാണത്. ജീവിതത്തില്‍ ആദ്യമായി അച്ഛനെ കാണാന്‍ പോയതായിരുന്നു. കുട്ടിക്കാലത്ത് ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ അടുത്തുചെല്ലാന്‍ സാധിച്ചിട്ടില്ല. എന്നെ കണ്ടിട്ടും സംസാരിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. ഒരു ദിവസം അമ്മ പറഞ്ഞു. അച്ഛന്‍ റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ആകുകയാണ്, നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല എന്ന്‌. അഞ്ചു പെണ്‍മക്കളുടെ പരാധീനതയായിരിക്കും അമ്മയെക്കൊണ്ട് അങ്ങനെ പറയിച്ചത്. അന്ന് പതിനാറോ പതിനേഴോ വയസ്സ് മാത്രമേ എനിക്ക് ഉള്ളൂ. കൊല്ലം സ്‌റ്റേഷനിലായിരുന്നു അച്ഛന്റെ യാത്ര അയപ്പ് . ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്തു ചെന്ന്‌, അച്ഛാ ഞാന്‍ സുരേഷാണ്- ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ് എന്നു പറഞ്ഞു. ‘അച്ഛനോ ആരുടെ അച്ഛന്‍? ഏത് ഇന്ദിര?. ഓരോന്ന് വലിഞ്ഞു കേറി വന്നോളും പൊയ്ക്കൊള്ളണം ഇവിടെ നിന്ന്’ അച്ഛന്‍ പറഞ്ഞു.

അപമാനം കൊണ്ട് തല പിളരുന്ന പോലെ. അച്ഛന്റെ ഈ ശകാരം ആരും കണ്ടില്ലെന്ന് കരുതി തിരിഞ്ഞു നോക്കിയത് എന്റെ സുഹൃത്തിന്റെ മുഖത്തേക്കായിരുന്നു. അന്നു രാത്രി അച്ഛനോടും കാണാന്‍ പറഞ്ഞുവിട്ട അമ്മയോടും കഠിനമായ വെറുപ്പുതോന്നി. മരിക്കുന്നത് വരെ അമ്മയ്ക്ക് ഒരു പ്രതിക്ഷയുണ്ടായിരുന്നു മക്കള്‍ക്ക് എന്തെങ്കിലും അച്ഛന്‍ കൊടുക്കുമെന്ന് പക്ഷേ അതൊന്നും ഉണ്ടായില്ല.” – സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button