ഇരുമ്പ് കൂട്ടില്‍ കിടന്നതിന് പിന്നില്‍: വെളിപ്പെടുത്തലുമായി മല്ലിക ഷെരാവത്ത്

ഇരുമ്പ് കൂട്ടില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മല്ലിക ഷെരാവത്ത്. ഇന്‌റര്‍നെറ്റിലും മറ്റ് സാമുഹ്യ മാധ്യമങ്ങളിലും വൈറലാകുകയാണ് ഈ ചിത്രം. എന്നാല്‍ എന്തായിരുന്നു ചിത്രത്തിന് പിന്നിലുള്ളതെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് മല്ലിക കൂട്ടിലടയ്ക്കപ്പെട്ടത്. സാധാരണ ഗതിയില്‍ മേനിയഴക് പ്രദര്‍ശിപ്പിച്ച് റെഡ് കാര്‍പ്പറ്റില്‍ ഇടം നേടാറുള്ള ആളാണ് മല്ലിക. എന്നാല്‍ വേറിട്ട രീതിയില്‍ ശ്രദ്ധ നേടിയ മല്ലിക എന്തിനാണ് കൂട്ടില്‍ കിടന്നതെന്നും വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങള്‍ക്കെതിരെ പെരുകി വരുന്ന ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനുമെതിരെയുള്ള താരത്തിന്‌റെ ബോധവത്കരണ പരിപാടിയായിരുന്നു ഇത്. മല്ലിക ഷെരാവത്ത് ഫ്രീ എ ഗേള്‍ എന്ന സംഘടനയെ പ്രതിനിധികരിച്ചാണ് കാന്‍സില്‍ വന്നത്.

“ലോകത്തെങ്ങും നടക്കുന്ന ലൈംഗിക ചൂഷണം എന്ന വിപത്തിനെ പുറം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ പറ്റിയ വേദിയാണ് ഇതെന്ന് തോന്നി. കെണിയില്‍ പെടുന്നവരുടെ പ്രതിരൂപമായാണ് കൂട്ടിനുള്ളില്‍ കിടന്നത്. പ്രതീക്ഷകള്‍ക്ക് ഒരു വകയും ഇല്ലാതെയാണ് ഓരോ മിനിട്ടിലും ഒരു സ്ത്രീ വീതം ദുരുപയോഗപ്പെടുന്നത്. അതിനെതിരെയുള്ള ബോധവത്കരണത്തിന്‌റെ ഭാഗമായി എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു”. മല്ലിക പറഞ്ഞു.

SHARE