CinemaMollywoodMovie Reviews

മലയാളികളുടെ അപ്പുക്കുട്ടനും അശോകേട്ടനും കംബാക്ക്; ‘ഡ്രാമ’ റിവ്യു

മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരെ തുടരെ തുടരെ തന്‍റെ ചിത്രത്തിലെ നായകനാകാന്‍ രഞ്ജിത്ത് തെരഞ്ഞെടുക്കുന്നത് താന്‍ ചിന്തിക്കുന്ന കഥകള്‍ അവര്‍ക്ക് യോജ്യമാകുന്നത് കൊണ്ടാണെന്ന് രഞ്ജിത്ത് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘പുത്തന്‍പണം’ എന്ന ചിത്രത്തിന്റെ തകര്‍ച്ചയുടെ തട്ടില്‍ നിന്ന് മാറി രഞ്ജിത്ത് ലണ്ടന്‍ അന്തരീക്ഷത്തില്‍ പറഞ്ഞ രാജകീയമല്ലാത്ത ലഘു കഥയാണ് മോഹന്‍ലാല്‍ നായകനായ ‘ഡ്രാമ’. ഇപ്പോഴുള്ള ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ ഡ്രാമ എന്ന ആരവ രഹിതമായ സിനിമയുടെ പ്രസക്തി എന്തെന്ന ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ വ്യക്തിത്വം പോലെ നൈര്‍മല്യമുള്ളതായിരുന്നു. ‘ടൈറ്റാനിക്’ എന്ന സിനിമ മാത്രമല്ല ‘ഹോം എലോണ്‍’ പോലെയുള്ള കുഞ്ഞന്‍ സിനിമകള്‍ക്കും ഹോളിവുഡില്‍ തരംഗമുണ്ടാക്കാന്‍ കഴിയുമെന്ന രഞ്ജിത്ത് പ്രസ്താവന ഡ്രാമ എന്ന ചിത്രത്തിന്റെ പ്രേക്ഷക പ്രതീക്ഷകളുടെ നിറം വര്‍ധിപ്പിച്ചു.

പതിവ് ക്ലീഷേ ലൈന്‍ പോലെ മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടനെ സ്ക്രീനില്‍ നിന്ന് കുറച്ചു നേരം മാറ്റി നിര്‍ത്തി കൊണ്ടാണ് ഡ്രാമയുടെ യാത്ര ആരംഭിക്കുന്നത്, മരണ മനസ്സിന്റെ തേര് വലിച്ചു കൊണ്ടുള്ള താളാത്മകമായ ആ യാത്ര അഴകപ്പന്റെ ക്യാമറയില്‍ പൂവിരിയും ഭംഗി പോലെ തെളിഞ്ഞു നിന്നു. ഡ്രാമയുടെ തുടക്കത്തിലെ മരണ സവാരി  മനസ്സില്‍ മായാത്ത വിധം മിഴിവേകി. അമ്മയെ സ്നേഹിച്ച മക്കളും, അമ്മയെ മറന്ന മക്കളും ചേര്‍ന്ന് ശവസംസ്കാര ആഘോഷത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ഡിക്സണ്‍ ലോപ്പസിനെയും, ടീമിനെയും ഏല്‍പ്പിക്കുമ്പോള്‍ അത് വഴി വന്ന സ്നേഹനിധിയായ, സഹാനൂഭൂതിയുള്ള സാധാരണ മനുഷ്യനായിരുന്നു രാജഗോപാല്‍. മരണമുഖം മിനുക്കാന്‍ മരണപ്പാച്ചിലോടെ ഓടുന്ന ലണ്ടനിലെ ബിസിനസ് കണ്ണിയിലെ സഹയുടമ രാജുവായി മോഹന്‍ലാല്‍ അരങ്ങിലെത്തിയപ്പോള്‍  പ്രേക്ഷക ആസ്വാദനത്തിനു പഴയ അശോകേട്ടന്‍റെയും, അപ്പുക്കുട്ടന്‍റെയുമൊക്കെ കുസൃതി അഭിനയത്തിന്റെ മുഖമായിരുന്നു. നര്‍മ റൂട്ടില്‍ കളം നിറഞ്ഞ ‘ഡ്രാമ’ മനുഷ്യ ബന്ധങ്ങളുടെ കളങ്ക കാഴ്ചകളും, ആത്മാര്‍ത്ഥ സ്നേഹത്തിന്റെ കണ്ണീര്‍ കാഴ്ചകളുമാണ് സംസാര വിഷയമാക്കിയത്.

അമ്മയുടെ മരണത്തിനു കടല്‍ കടന്നു പല ദേശത്തു നിന്നുമെത്തുന്ന ആണ്‍പെണ്‍മക്കളുടെ ജീവിതത്തിന്റെ ആവിഷ്കാരം അച്ചടക്കത്തോടെയാണ് രഞ്ജിത്ത് സ്ക്രീനിലെത്തിച്ചത്. വലിയ സ്വരങ്ങളാല്‍ തിയേറ്ററിലേക്ക് ആളെ കൂട്ടാനുള്ള വിപണന തന്ത്രം ഡ്രാമയില്‍ നിന്ന് ബഹുദൂരം മാറി നിന്നപ്പോഴും മോഹന്‍ലാലിന്‍റെ മാനറിസങ്ങള്‍ കീശയിലിട്ടു പോകാനാണ് പലരും ടിക്കറ്റെടുത്തത്. സൂപ്പര്‍ താര ലേബല്‍ അഴിഞ്ഞു വീണ ഡ്രാമയിലെ മോഹന്‍ലാലിനെ ആദരവോടെയും, ആഹ്ലാദത്തോടെയും, അഭിമാനത്തോടെയും തീര്‍ച്ചയായും നമുക്ക് ചിത്രത്തിലുടനീളം നോക്കിയിരിക്കാം, കാരണം ഡ്രാമ എന്ന സിനിമ അതിന്റെ രസത്തോടെ പ്രേക്ഷകനില്‍ നിലനിര്‍ത്തുന്നത് മോഹന്‍ലാലിന്റെ മസിലു പിടുത്തമില്ലാത്ത മാസ്മരിക അഭിനയമാണ്. അടുത്ത കാലത്തായി ഏതൊരു മോഹന്‍ലാല്‍ കഥാപാത്രത്തിലേക്ക് നോക്കിയാലും മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ വാഴ്ച കാണാം,ഇത്തിക്കരപക്കി എന്ന കഥാപാത്രത്തില്‍ പോലും അത് വ്യക്തമാണ്‌, പക്ഷെ ഇവിടെ മോഹന്‍ലാലിലെ നടന്‍ മാന്യനായ നടനായി പൂണ്ടുവിളയാടുന്നുണ്ട്.

ഡ്രാമയുടെ കഥാപശ്ചാത്തലം ആവര്‍ത്തിക്കപ്പെടുന്നതാണെങ്കിലും അതിന്റെ ആഖ്യാന രീതിയില്‍ രഞ്ജിത്ത് എന്ന എഴുത്തുകാരന്‍ അശ്രദ്ധനായിട്ടില്ല. രഞ്ജിത്ത് എന്ന ഫിലിം മേക്കറും ചിത്രത്തില്‍  ശ്രദ്ധാലുവായിരിക്കുന്നു. ചിരിക്കാനും, ചിന്തിക്കാനും വക നല്‍കുന്ന ഡ്രാമ പണത്തെ പ്രേമിക്കുന്ന പ്രമാണിമാര്‍ക്കും പാഠമാക്കാവുന്ന സിനിമയാണ്, ജാതിയുടെ പൊങ്ങച്ചം പേറുന്ന കള്ളക്കൂട്ടങ്ങളെ വലിച്ചു താഴെയിടുന്ന രഞ്ജിത്ത്  ഇവിടെ പറയേണ്ടത് തന്നെയാണ് പറയുന്നത്. ഞാന്‍ ആകെ ചെയ്യുന്ന ഒരേയൊരു ക്രൈം സിനിമ ചെയ്യുന്നത് മാത്രമാണെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന രഞ്ജിത്തില്‍ നിന്ന് പ്രേക്ഷകര്‍ ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്നതും ഇത്തരം ചങ്കൂറ്റം തന്നെയാണ്. പ്രാഞ്ചിയേട്ടനും, പാലേരി മാണിക്യവും, ഇന്ത്യന്‍ റുപ്പിയും ചെയ്ത അതേ ചലച്ചിത്രകാരന്‍ ഇവിടെയും തെറ്റില്ലാത്ത ചലച്ചിത്ര കാഴ്ചയോടെ കയ്യടി നേടുന്നു. ഹ്യൂമറില്‍ മോഹന്‍ലാലിന് മനോഹരമായി ചെയ്യാന്‍ കഴിയുന്ന ഏരിയ വളരെ കൃത്യതയോടെ രഞ്ജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ചിരിയുണര്‍ത്തുന്ന ചെറു തമാശകള്‍ പല പ്രേക്ഷകനിലും പലരീതിയിലാകും പതിയപ്പെടുക. തുടക്കകാലത്തെ മോഹന്‍ലാലിലെ അഭിനയത്തിന്‍റെ കുസൃതിക്കൂട്ട് ഡ്രാമയില്‍ തിരിച്ചെത്തുമ്പോള്‍ ചിത്രം മനം മടുപ്പിക്കാത്ത അനുഭവമായി അവശേഷിക്കുന്നു.
ഡ്രാമയില്‍ ഏറ്റവും മഹത്തരമാകുന്നത് അതിലെ സംഭാഷണങ്ങളാണ്, ഇമോഷണല്‍ സീനുകളില്‍ കടന്നു വരുന്ന നല്ല ഒതുക്കമുള്ള സംഭാഷണങ്ങള്‍ രഞ്ജിത്തിന്റെ എഴുത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മോഹന്‍ലാലിന്റെയും, ബൈജുവിന്‍റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഇഷ്ടപ്പെടുത്തുന്നവിധം രഞ്ജിത്ത് എഴുതിവെച്ചിട്ടുണ്ട്, അവര്‍ തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന്റെ പ്ലോട്ടുമായി നന്നായി യോജിച്ചു നിന്നു.

ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്‌, ജോണി ആന്റണി, കനിഹ, സുബി സുരേഷ്, ആശ ശരത്ത്, ടിനി ടോം, രണ്‍ജി പണിക്കര്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ സാന്നിദ്ധ്യവും സിനിമ അടയാളപ്പെടുത്തുന്നുണ്ട്, നന്നായി പെര്‍ഫോം ചെയ്യണ്ട പല ഭാഗങ്ങളിലും ശ്യാമപ്രസാദിന്റെ അഭിനയ രീതി കല്ല് കടിയാകുന്നു. മോഹന്‍ലാലുമൊന്നിച്ചുള്ള ട്രെയിനിലെ കോമ്പിനേഷന്‍ സീനില്‍ ശ്യാമ പ്രസാദിലെ നടന്‍ ശരിക്കും പതറുന്നതും കാണാം. ദിലീഷ് പോത്തനെപ്പോലെ ജോണി ആന്റണി ഭേദപ്പെട്ട നടനായി ചിത്രത്തില്‍ രസിപ്പിക്കുന്നുണ്ട്, ചിത്രത്തിലെ മറ്റൊരു പ്രാധാന്യമേറിയ റോളിലെത്തിയ അരുന്ധതി നാഗ് തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു.

ഡ്രാമ സുന്ദരമാകുന്നത് അത് പറഞ്ഞിരിക്കുന്ന രീതി കൊണ്ടാണ്. ആവശ്യമില്ലാത്തവ ആട്ടിപ്പായിച്ചു കൊണ്ടുള്ള ഈ വിവരണ രീതി രഞ്ജിത്ത് എന്ന ചലച്ചിത്രകാരനും ആവശ്യമായിരുന്നു, ചിത്രത്തിലെ ചില ഭാഗങ്ങളില്‍ എഴുത്തിലെ അപാകത അടയാളപ്പെടുമ്പോഴും ഡ്രാമ അതിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത സിനിമയായി മാറുന്നില്ലെന്നതാണ് ആശ്വാസം. മോഹന്‍ലാല്‍ അവതരിപ്പിച്ച രാജഗോപാല്‍ എന്ന കഥാപാത്രത്തെയും അരുന്ധതി നാഗ് അവതരിപ്പിച്ച റോസമ്മ എന്ന കഥാപാത്രത്തെയും തിയേറ്റര്‍ പടിക്കല്‍ ഉപേക്ഷിക്കാതെ പ്രേക്ഷകര്‍ കൂടെ ചേര്‍ക്കുന്നുണ്ട്. പണം കൊണ്ട് കമിഴ്ന്നു വീഴുന്ന മനുഷ്യ മനസ്സുകളുടെ ഈ നാടകകാഴ്ച നാട്യമില്ലാത്ത നട്ടെല്ലുള്ള രഞ്ജിത്ത് സിനിമയാകുന്നു.

അവസാന വാചകം

കോടികളുടെ പണകിലുക്കത്തിന്റെ കണക്ക് പറയാത്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇനിയും ഇവിടെ പിറവി കൊള്ളട്ടെ, അയാള്‍ ഇനിയും പ്രേക്ഷകരുടെ നടനാവട്ടെ, ആരാധകര്‍ അയാളെ നടനായി സ്നേഹിക്കട്ടെ, ആരവങ്ങളില്ലാത്ത സിനിമകള്‍ നമുക്ക് മുന്നില്‍ അതിശയപ്പെടട്ടെ…

നിരൂപണം ; പ്രവീണ്‍.പി നായര്‍

Tags

Post Your Comments


Back to top button
Close
Close