വര്‍ഷങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞു : പ്രവാസി മലയാളിയും മകനും വെള്ളിത്തിരയിലേക്ക്

അബുദാബി : സിനിമാ നടനാകണമെന്ന അതിയായ മോഹം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളിയായ പിങ്കു പിള്ളയും കുടുംബവും. മധുരത്തോടൊപ്പം ഇരട്ടി മധുരം നല്‍കുന്ന സംഗതികൂടിയുണ്ട് ഇതിനു പിന്നില്‍. പിങ്കുവും മകനും ഒന്നിച്ചാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമ്മൂടിന്‌റെ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലേക്കാണ് പിങ്കുവിനെ ഭാഗ്യം കൈപിടിച്ചു കയറ്റിയത്. കൊല്ലം സ്വദേശിയായ പിങ്കുവിന് ചെറുപ്പം മുതലേ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു മോഹം. നിരധി ഓഡിഷനുകളിലും മറ്റും പങ്കെടുത്തു. സ്‌കൂളിലും കോളേജിലും നാടകങ്ങളില്‍ വിജയം കരസ്ഥമാക്കി.

എഞ്ചിനീയറായി അബുദാബിയില്‍ എത്തിയപ്പോഴും സിനിമാ മോഹം ഉള്ളില്‍ കത്തുന്നുണ്ടായിരുന്നു. മുസാഫാ ആര്‍ട്ട് സൊസൈറ്റിയുടെ നാടകങ്ങളിലും മറ്റു പരിപാടികളിലും സജീവമായിരുന്നു പിങ്കു. കഴിഞ്ഞ വര്‍ഷം നടന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ ഓഡിഷനിലാണ് പിങ്കുവിനെയും മകന്‍ ആദിത്യനേയും വെള്ളിത്തിര സ്വന്തമാക്കിയത്. പിങ്കുവിനും മകനും പ്രോത്സാഹനം നല്‍കി ഭാര്യ രഞ്ജിനി സദാ ഒപ്പമുണ്ട്. ചിത്രം മെയ് 11ന് തിയേറ്ററുകളിലെത്തും.

SHARE