ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം വൈകീട്ട് നിശാഗന്ധിയില്‍

കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മികച്ച സിനിമകള്‍ തന്നെയായിരുന്നു മേളയുടെ നേട്ടമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. വൈകീട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

14 മത്സരവിഭാഗ ചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമിഗ്രനെറ്റ് ഓര്‍ച്ചാഡ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.മത്സരവിഭാഗത്തിനു പുറമെ ‘ദ യങ് കാള്‍ മാര്‍ക്‌സ്’, ‘വില്ലേജ് റോക്ക് സ്റ്റാര്‍സ്’, ‘ഡ്ജാം’, ‘120 ബി.പി.എം’, ‘റീഡൗട്ടബിള്‍’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. ഏഷ്യന്‍ ഫിലിംസ് അവാര്‍ഡ്‌സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യന്‍ സിനിമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങള്‍ ചര്‍ച്ച ചെയ്ത അവള്‍ക്കൊപ്പം എന്ന വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.

വൈകീട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള രജത സുവര്‍ണ ചകോരമടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് സമ്മാനിക്കും. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

SHARE