General

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ മകൾ പാർവതി രംഗത്ത്

നടന്‍ ജഗതി ശ്രീകുമാർ മരിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ മകൾ പാർവതി രംഗത്ത്. ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാർവതി വ്യക്തമാക്കി. ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണമെന്നും അദ്ദേഹം എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെയെന്നും അവർ പറയുന്നു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ;

ഒരിക്കലും ഇങ്ങനെയൊരു വിഡിയോ അപ്ലോഡ് ചെയ്യണമെന്ന് വിചാരിച്ചതല്ല. പക്ഷേ അപ്ലോഡ് ചെയ്യാതിരിക്കാനും കഴിയുന്നില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവുചെയ്ത് സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി സന്തോഷവാനായി ഇരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍. എന്തെങ്കിലും ആരോഗ്യകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച്‌ അറിയിച്ചോളാം.

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാല്‍ കണ്ണുംപൂട്ടി ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുക അല്ല വേണ്ടത്. അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിന്തിക്കണം. കലാകാരന്മാര്‍ എന്നുള്ളത് നിങ്ങള്‍ക്ക് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍. എന്തുമാത്രം പരിശ്രമം എടുത്താണ് ഞങ്ങൾ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനും ആളുകളെ തിരിച്ചറിയാനുമുള്ള കപ്പാസിറ്റി ഉണ്ട്. ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യര്‍ഥന ആണിത്.

എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും വന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്റെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെയെന്നും പാർവതി വ്യക്തമാക്കുന്നു.

Tags

Post Your Comments


Back to top button
Close
Close