Latest NewsMollywoodNostalgia

ഗുരുവായൂരിലെ തിരക്കിനിടയിലും സ്നേഹപൂർവം അവർ എന്നെ അകത്തു കടത്തിവിടാറുണ്ട്

‘എന്റെ പേരു കണ്ണനുണ്ണി’ എന്ന പാട്ട് ആകാശവാണിക്കായി പാടുമ്പോൾ എനിക്ക് 5 വയസ്സാണ്

മലയാളികളുടെ മാത്രമല്ല, സംഗീത പ്രേമികളുടെ പ്രിയ ഗായികയാണ് കെ എസ് ചിത്ര. കൃഷ്ണ ഭഗവാൻ തന്നെ അദ്ദേഹത്തിനടുത്തേക്കു വലിച്ചടുപ്പിച്ചു ചേർത്തുനിർത്തിയ ജീവിതമാണു ഞങ്ങളുടേതെന്നു ചിത്ര തുറന്നു പറയുന്നു. ആദ്യമായി ജന്മാഷ്ടമിയില്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ സന്തോഷത്തിലാണ് താരം.

ജീവിതത്തിൽ താന്‍ ആദ്യം പാടി റിക്കോർഡ് ചെയ്തതു കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണെന്നു ചിത്ര പറയുന്നു. ”‘എന്റെ പേരു കണ്ണനുണ്ണി’ എന്ന പാട്ട് ആകാശവാണിക്കായി പാടുമ്പോൾ എനിക്ക് 5 വയസ്സാണ്. എം.ജി.രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്; ജന്മാഷ്ടമിക്കു പ്രക്ഷേപണം ചെയ്യാനുള്ള സംഗീതശിൽപത്തിലെ കൃഷ്ണന്റെ ഭാഗത്തിനുവേണ്ടിയുള്ള പാട്ട്. പിന്നീട് ജീവിതം പാട്ടു മാത്രമായി മാറിയപ്പോൾ കൃഷ്ണഭഗവാനെക്കുറിച്ചുള്ള എത്രയോ പാട്ടുകൾ പാടി. പലതും എന്നെ കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു.

ഗുരുവായൂരിലെ തിരക്കിനിടയിലും സ്നേഹപൂർവം അവർ എന്നെ അകത്തു കടത്തിവിടാറുണ്ട്. നടയിലേക്കുള്ള വഴിയുടെ വശത്തുനിന്നു തൊഴുതോളൂ എന്നു പറയാറുണ്ട്. പക്ഷേ, കൂടുതൽ നേരം നിൽക്കാൻ തോന്നാറില്ല. മണിക്കൂറുകളായി എത്രയോ പേർ ഒരു നിമിഷ ദർശനത്തിനായി കാത്തുനിൽക്കുമ്പോൾ ഞാനൊരു മറയായി മാറുന്നത് ആലോചിക്കാനേ വയ്യ. അതുകൊണ്ടു ഞാൻ കഴിവതും പെട്ടെന്നു മാറും. പക്ഷേ, പോരുന്നതിനു മുൻപ് കണ്ണുനിറച്ചു കാണും”

താന്‍ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സിൽ കാണുന്നത് ആ വിഗ്രഹമാണെന്നു ചിത്ര പറയുന്നു. ”കണ്ണൻ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. എന്നെ സത്യത്തിൽ വലിച്ചടുപ്പിച്ചു നിർത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേർത്തുപിടിച്ചു നിർത്തിയിരിക്കുന്നുവെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഓരോ കൃഷ്ണാഷ്ടമിയും എന്നെ കൂടുതൽ കൂടുതൽ ഭഗവാനിലേക്ക് അടുപ്പിക്കുകയാണ്. ഭഗവാനും, എന്നും നെറ്റിയിൽ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഉള്ളിൽ നിറയുന്നതും ഭഗവാനാണ്.” ചിത്ര കൂട്ടിച്ചേര്‍ത്തു

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button