മമ്മൂട്ടിയും ശോഭനയും ദിലീപും ശാലിനിയും ഒന്നിച്ച ചിത്രം; പാട്ട് പാടിയത് ലേഖ പക്ഷെ കാസെറ്റിൽ പാട്ട് ചിത്രയുടേത്!!!

സിനിമയില്‍ പാട്ടുകള്‍ അത്യാവശ്യമാണ്. വികാര നിര്‍ഭരമായ രംഗങ്ങളിലൂടെ പാട്ടുകള്‍ ജനഹൃദയങ്ങളെ കീഴടക്കുന്നു. എന്നാല്‍ താന്‍ പാടിയപ്പാട്ട് മറ്റൊരാളുടെ പേരില്‍ അറിയപ്പെട്ടാലോ. അത്തരം ഒരു തെറ്റിദ്ധാരണ സംഭവിച്ച ഒരു ഹിറ്റ് ഗാനത്തിന്റെ കഥയറിയാം.

മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയും ശോഭനയും ദിലീപും ശാലിനിയും കേന്ദ്രകഥാപാത്രങ്ങളായി 1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍. അനിൽ ബാബു ഒരുക്കിയ ഈ ചിത്രത്തിലെ മണിക്കുട്ടിക്കുറുമ്പുള്ള…, വർണവൃന്ദാവനം… എന്നീ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളായി തുടരുന്നു. ഇതിൽ ‘വർണവൃന്ദാവനം’ റേഡിയോയിലും ടിവിയിലും സൂപ്പർ ഹിറ്റായി മാറി. ചിത്രത്തിന്റെ ആദ്യമിറങ്ങിയ ഓഡിയോ കസെറ്റുകളിൽ ഗായികയുടെ പേരില്ലായിരുന്നു. പിന്നീടിറങ്ങിയ കസെറ്റുകളിലും സിഡികളിലും ഈ ഗാനം ചിത്രയുടേതായി രേഖപ്പെടുത്തുകയും വിദേശ രാജ്യങ്ങളിൽ ചിത്രയുടെ പ്രശസ്ത ഗാനങ്ങൾ അടങ്ങിയ സിഡിയിൽ ഈ ഗാനം ഇടം നേടുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഗാനം ആലപിച്ചത് ചിത്രയല്ല.

വർണവൃന്ദാവനം… എന്ന ഗാനം പാടിയത് ലേഖ ആർ. നായർ എന്ന ഗായികയാണ്. ജി. ദേവരാജന്റെ സംഗീതത്തിൽ ‘യമനം’ എന്ന ചിത്രത്തിൽ പാടി 1991-ൽ മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറിയ ലേഖ എന്ന ഗായിക ഹിറ്റായത് ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിലെ യേശുദാസിനൊപ്പം പാടിയ ‘മാഘമാസം മല്ലികപ്പൂ കോർക്കും’ എന്ന ഗാനത്തിലൂടെയാണ്. ‘പണ്ടുപണ്ടൊരു രാജകുമാരി’, ‘തൂവൽക്കൊട്ടാരം’, ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ (1997) തുടങ്ങിയ സിനിമകളിൽ പാടി മുൻനിരയിലേക്ക് വരുമ്പോഴാണ് ‘വർണവൃന്ദാവനം’ എന്ന ഹിറ്റ് ഗാനം പാടുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റിലിലും കസെറ്റിലും പേരില്ലാതെ വന്നത് ലേഖയെ വല്ലാതെ വേദനിപ്പിക്കുയും നിരാശപ്പെടുത്തുകയും ചെയ്തു. ഇപ്പോഴും ഈ ഗാനം അറിയപ്പെടുന്നത് ചിത്രയുടെ പേരില്‍.

 

കടപ്പാട് : മനോരമ

SHARE