ആദ്യചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ തനിക്ക് അവസരം നല്‍കിയതാരം; മോഹന്‍ലാലിനെക്കുറിച്ചു കമല്‍

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും ഹിറ്റ് സംവിധായകന്‍ കമലും ഒന്നിച്ചപ്പോഴൊക്കെ വിജയ ചിത്രങ്ങള്‍ പലപ്പോഴും പിറന്നിട്ടുണ്ട്. മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഉണ്ണികളെ ഒരു കഥപറയാം, വിഷ‌ണു ലോകം, ഉള്ളടക്കം എന്നീ ചിത്രങ്ങള്‍ മോഹന്‍ലാല്‍ – കമല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞവയാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ മോഹന്‍ലാലിനെക്കുറിച്ച് തുറന്നു പറയുന്നു.

തന്റെ ആദ്യചിത്രം റിലീസ് ആകുന്നതിന് മുമ്പു തന്നെ അടുത്ത ചിത്രത്തിന് തനിക്ക് അവസരം നല്‍കിയ താരമാണ് മോഹന്‍ലാലെന്ന് കമല്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കുവച്ചു. ‘ലാലിന്റെ മിഴിനീര്‍ പൂവുകള്‍ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുകയാണ്. നിര്‍മ്മാതാവ് സെഞ്ച്വറി കൊച്ചുമോനോട് എന്നെ കുറിച്ച്‌ വളരെ പോസി‌റ്റീവ് ആയി ലാല്‍ സംസാരിച്ചു. പിറ്റേ ദിവസം രാവിലെ എന്നെ വിളിച്ച്‌ സെഞ്ച്വറി ഫിലിംസ് വരെ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് സെഞ്ച്വറി ഫിലിംസുമായി വളരെ അടുത്ത ബന്ധമുണ്ട്. അങ്ങനെ അവിടെ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അവിടെയുണ്ട്.

ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലാല്‍ എന്നോടു പറയുന്നത്, കമലേ നമുക്ക് അടുത്ത പടം ചെയ്യണമെന്ന്. എന്നെ സംബന്ധിച്ച്‌ ഒരു ഡയറക്‌ടര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നത്. എന്റെ ആദ്യത്തെ പടം റിലീസായിട്ടില്ല അന്ന്. ഒന്ന് ആലോചിച്ചു നോക്കൂ. അതിന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതേയുള്ളു. ഒരു കഥ ആലോചിച്ചോളൂ എന്നാണ് ലാല്‍ പറഞ്ഞത്.

ഇന്ന ടൈപ്പ് സിനിമ എന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടേയില്ല. കമലിന് ഇഷ്‌ടമുള്ള സിനിമ ചെയ്‌തോളൂ എന്നായിരുന്നു പറഞ്ഞത്. ആ ഫ്രീഡം നമുക്ക് തന്നിട്ടുണ്ടായിരുന്നു. ഒരു പ്രിയദര്‍ശന്‍ ടൈപ്പെന്നോ, സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ പടമെന്നോ അല്ലെങ്കില്‍ ആക്ഷന്‍ വേണമെന്നോ ഒന്നും പറഞ്ഞില്ല. കമലിന് ഇഷ്‌ടമുള്ള പടം ചെയ്‌തോളൂ എന്നായിരുന്നു ലാലിന്റെ വാക്കുകള്‍’.

കടപ്പാട്: കൗമുദി ചാനല്‍

SHARE