CinemaLatest NewsMollywood

കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു

നാല്പത്തിയാറു വർഷങ്ങൾക്കു മുമ്പ് മികച്ച നടിയായി കേരളം അംഗീകരിച്ച കുട്ട്യേടത്തി വിലാസിനി വീണ്ടും ആ വേഷം അണിയുന്നു.എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ പി.എന്‍. മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘കുട്ട്യേടത്തി’ സിനിമയില്‍ സത്യന്‍റെ നായികയായി തിളങ്ങിയതോടെയാണ് കോഴിക്കോട് വിലാസിനി കുട്ട്യേടത്തി വിലാസിനിയായത്. ജീവകാരുണ്യപ്രവര്‍ത്തനത്തിനാണ് എഴുപത്തിനാലാം വയസ്സില്‍ വീണ്ടും കുന്തിയാകുന്നത്.

കാന്‍സര്‍-വൃക്ക രോഗികള്‍ക്ക് മരുന്നും പോഷകാഹാരങ്ങളുംഎത്തിക്കുകയും ചാഴൂര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പഴുവില്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് വാര്‍ഷികത്തിന്‍റെ ഭാഗമായാണ് നാടകം അരങ്ങേറുന്നത്.സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തില്‍ ഇരുപത്തിനാലിനാണ് വിലാസിനിയുടെ കുന്തി വേദിയിലെത്തുക. വൈകീട്ട് ഏഴിന് പഴുവില്‍ ജേപീസ് സംഗമം ഹാളിലാണ് നാടകം.

1971-ല്‍ അഖില കേരള നാടകമത്സരത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുത്ത കുന്തിയെന്ന നാടകത്തിന്‍റെ പുനരാവിഷ്കാരമാണ് ഇത് . കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാടകോത്സവവുമായി ബന്ധപ്പെട്ട് ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ കുട്ട്യേടത്തി ആഗ്രഹം പ്രകടിപ്പിച്ചത്. അഭിനയജീവിതത്തിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് കുന്തിയെന്ന നാടകം നിശ്ചയിച്ചത്. ജയശങ്കര്‍ പൊതുവത്താണ് സംവിധാനം.

സര്‍ക്കസ് പരിപാടികളുടെ ഇടവേളകളില്‍ പാട്ടും ഡാന്‍സും അവതരിപ്പിച്ചാണ് വിലാസിനിയുടെ കലാരംഗത്തെ തുടക്കം. പൊന്‍കുന്നം വര്‍ക്കി രചിച്ച പൂജയെന്ന നാടകത്തില്‍ നായികാപ്രാധാന്യമുള്ള വേഷം ചെയ്ത് കണ്ടശ്ശാംകടവില്‍ ആദ്യനാടകം അവതരിപ്പിച്ചു. 1973 മുതല്‍ 1990 വരെ അമെച്ചര്‍-പ്രൊഫഷണല്‍ നാടകങ്ങളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം വേദികളില്‍ കോഴിക്കോട് വിലാസിനിയെന്ന പേരില്‍ നാടകം അവതരിപ്പിച്ചു.1966, 67, 68 വര്‍ഷങ്ങളില്‍ കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. തൃശ്ശൂര്‍ റീജണല്‍ തിയേറ്റര്‍ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി വി.വി. ഗിരിയില്‍നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

സംസ്ഥാനസര്‍ക്കാരിന്‍റെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് കിട്ടി. നൂറ്റിരുപതോളം സീരിയലിലും വേഷമിട്ടു. 
വിനീതുമൊത്ത് അഭിനയിച്ച മാധവീയം സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് കുന്തിയാകാൻ വിലാസിനി ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button