CinemaEast Coast SpecialFilm ArticlesGeneralIndian CinemaInternationalKollywoodLatest NewsMollywoodMovie ReviewsNEWSSpecialTollywood

മലയാള സിനിമ : പോയ വര്‍ഷം ( പ്രത്യേക റിപ്പോര്‍ട്ട് )

മലയാള സിനിമരംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കി കടന്നു പോയൊരു വര്‍ഷമായിരുന്നു 2017. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ ‘കാട് പൂക്കുന്ന നേരം’ മുതല്‍ ഡിസംബറിലെത്തിയ ‘വിശ്വഗുരു’ വരെ 132 ചിത്രങ്ങളാണ്‌ പുറത്തിറങ്ങിയത്. വന്‍ പ്രതീക്ഷകള്‍ നല്‍കിയ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവതരണമികവും വ്യത്യസ്ത പ്രമേയങ്ങളും കൊണ്ട് ചെറു ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആദ്യ പകുതിയേക്കാള്‍ പ്രതീക്ഷകള്‍ നല്‍കി വര്‍ഷാവസാനം ഇറങ്ങിയ ചിത്രങ്ങള്‍ വിജയയാത്ര തുടരുകയും ചെയ്യുന്നു. സംഭവബഹുലമായ ഒരു വര്‍ഷം കൂടിയായിരുന്നു 2017.കൊച്ചിയില്‍ ഒരു നടി അക്രമിക്കപ്പെടുന്നതിനും അതിനെ തുടര്‍ന്ന് ഒരു പ്രമുഖ നടന്‍ അറസ്റ്റിലാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. തുടര്‍ന്ന് വന്ന സംഭവവികാസങ്ങളിലൂടെ സിനിമയ്ക്കുള്ളിലെ കളികള്‍ എല്ലാം പുറത്താവുകയും ചെയ്തു. സിനിമാ സംഘടനകളും, സിനിമാവ്യവസായവും ചെറിയ പ്രതിസന്ധി നേരിട്ട സമയം കൂടിയായിരുന്നു അത്. അവനൊപ്പവും, അവള്‍ക്കൊപ്പവും പിന്തുണയും നിലപാടുകളുമായി സിനിമാക്കാരും ആരാധകരും ഉണര്‍ന്നു. 85 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞു പുറത്തിറങ്ങിയ ദിലീപിനെ എതിരേറ്റത് ‘രാമലീല’ എന്ന ചിത്രത്തിന്‍റെ വന്‍ വിജയമായിരുന്നു.

പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു വര്‍ഷം കൂടിയായിരുന്നു. അരുണ്‍ ഗോപി (രാമലീല),ടോമിന്‍ ഡിസില്‍വ (പൈപ്പിന്‍ ചുവട്ടിലെ പ്രണയം), ടോം ഇമ്മട്ടി (ഒരു മെക്സിക്കന്‍ അപാരത), ഫാന്റം പ്രവീണ്‍ (ഉദാഹരണം സുജാത), സൗബിന്‍ ഷാഹിര്‍ (പറവ), ജിനു എബ്രഹാം (ആദം ജോണ്‍), അല്‍ത്താഫ് സലിം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള),അന്‍സാര്‍ ഖാന്‍ (ലക്‌ഷ്യം), ഹനീഫ് അദേനി (ദി ഗ്രേറ്റ്‌ ഫാദര്‍), മഹേഷ്‌ നാരായണന്‍ (ടേക്ക് ഓഫ് ) തുടങ്ങിയ പുതുമുഖ സംവിധായകര്‍ അരങ്ങേറ്റം ഗംഭീരമാക്കി. സൂപ്പര്‍താര ചിത്രങ്ങളെ
ക്കാള്‍ യുവതാര ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ദുല്ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ക്കൊപ്പം താരമൂല്യമുള്ള യുവനടനായി ടോവിനോ തോമസും വളര്‍ന്നു. തുടര്‍ച്ചയായി ടോവിനോ അഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. ഒടുവില്‍ പുറത്തിറങ്ങിയ ‘മായാനദി’ ടോവിനോയുടെ താരമൂല്യം ഉയര്‍ത്തുകയും ചെയ്തു.

രണ്ടു ചിത്രങ്ങളുടെ രണ്ടാം ഭാഗവുമായി എത്തിയ ജയസൂര്യ വിജയം നില നിര്‍ത്തി. ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് , ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 എന്നിവയാണ് ആ ചിത്രങ്ങള്‍. സിദ്ധീക്ക് സംവിധാനം ചെയ്ത ഫുക്രിയാണ് മറ്റൊരു ജയസൂര്യ ചിത്രം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, 1971: ബിയോണ്ട് ബോര്‍ഡര്‍സ്, വെളിപാടിന്റെ പുസ്തകം, വില്ലന്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലും, പുത്തന്‍ പണം, ദി ഗ്രേറ്റ്‌ ഫാദര്‍, പുള്ളിക്കാരന്‍ സ്റ്റാറാ , മാസ്റ്റര്‍പീസ്‌ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ആരാധകരെയും പ്രേക്ഷകരെയും കൂടുതല്‍ നിരാശപ്പെടുത്താതെ സാന്നിദ്ധ്യം നില നിര്‍ത്തി. എസ്ര, ടിയാന്‍, ആദം ജോണ്‍, വിമാനം എന്നീ നാല് ചിത്രങ്ങളാണ് പ്രിഥ്വിരാജ് നായകനായി പുറത്തു വന്നത്. ടിയാന്‍ നിരാശപ്പെടുത്തിയപ്പോള്‍ മറ്റ് മൂന്ന് ചിത്രങ്ങളും വിജയങ്ങളായി മാറി. ആസിഫ് അലിയ്ക്കും നല്ല വര്‍ഷമായിരുന്നു. സണ്‍‌ഡേ ഹോളിഡെ , ഹണിബി 2, ഹണിബി 2.5, ടേക്ക് ഓഫ്‌, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ , അവരുടെ രാവുകള്‍, തൃശ്ശവപേരൂര്‍ ക്ലിപ്തം, കാറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് ആസിഫ് അലി അഭിനയിച്ചത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളായിരുന്നു.

ഗോദ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ടേക്ക് ഓഫ്‌, സി.ഐ.എ, ഒരു മെക്സിക്കന്‍ അപാരത, സണ്‍‌ഡേ ഹോളിഡേ, അങ്കമാലി ഡയറീസ്, പറവ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ചങ്ക്സ്, ആട് 2, വിമാനം, മായാനദി എന്നീ ചിത്രങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അവകാശവാദങ്ങള്‍ ഇല്ലാതെ എത്തിയ രക്ഷാധികാരി ബൈജു, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളും ഭേദപ്പെട്ട വിജയം സ്വന്തമാക്കി. ഫഹദ് ഫാസിലും, നിവിന്‍ പോളിയും,കുഞ്ചാക്കോ ബോബനുമൊക്കെ വിജയ ചിത്രങ്ങളുടെ ഭാഗമായി. തൊണ്ടി മുതലും ദൃക്സാക്ഷിയും,വാര്‍ന്ന്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് മികച്ച സ്വഭാവനടന്‍ കൂടിയാണെന്ന് തെളിയിച്ചു.കെയര്‍ ഓഫ് സൈറാഭാനു, പറവ ചിത്രങ്ങളിലെ അഭിനയം യുവതാരം ഷെയ്ന്‍ നിഗമിനെ കൂടുതല്‍ പ്രതീക്ഷയുള്ള താരമാക്കി മാറ്റി. എബി, ഒരു സിനിമാക്കാരന്‍, ആന അലറലോടലറല്‍ എന്നീ ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെ വിനീത് ശ്രീനിവാസനും സജീവമായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close