അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്; വെളിപ്പെടുത്തലുമായി മോളി ജോസഫ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മോളി ജോസഫ്. ചാള മേരി എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മകന്റെ ഭാര്യ വീട്ടുകാര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി. ഇത് സംബന്ധിച്ച് കൊച്ചിസിറ്റി പൊലീസിന് മുന്‍പാകെ പരാതി നല്‍കിയിരിക്കുകയാണ് മോളിയും മകന്‍ ജോളിയും. ‘എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം’ മോളി പറയുന്നു.

ചെല്ലാനം കണ്ടക്കടവിലാണ് മോളീ ജോസഫിന്റെ മകന്‍ വീടു വയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്ന് താരം പറയുന്നു. ”മകന്‍ ജോളിക്ക് വിവാഹ ശേഷം സ്ത്രീധനമായി മൂന്ന് സെന്റ് സ്ഥലം ഭാര്യാ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ വീടു വയ്ക്കാന്‍ ഇപ്പോള്‍ ഭാര്യയുടെ അമ്മ അനുവദിക്കുന്നില്ല. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം. ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച്‌ ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്. അങ്ങനെ ആണെങ്കില്‍ എനിക്ക് എന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ്” മോളി വ്യക്തമാക്കി.

SHARE