ചരിത്രം തിരുത്തിയെഴുതാന്‍ എഡ്ഡിയും പിള്ളേരും നാളെ എത്തുന്നു.. (വീഡിയോ)

‘പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയൊരുക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മാസ് ചിത്രം ‘മാസ്റ്റര്‍ പീസ്‌’ നാളെ പ്രദര്‍ശനത്തിനെത്തും. ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറായി എത്തുന്ന ഈ ചിത്രം മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളും കൊണ്ട് ദൃശ്യ വിസ്മയം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവും സംഘവും. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ആരാധകരുടെ കാത്തിരിപ്പും ഈ ചിത്രം വന്‍ വിജയത്തിലെത്തുമെന്ന സൂചനകളാണ് നല്‍കുന്നത്. യൂട്യൂബില്‍ റിലീസായ ചിത്രത്തിന്റെ ടീസറിനും,ട്രെയിലറിനും,ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇത് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. ഈ കോളേജിലെ പൂര്‍വ്വ വിദ്യര്‍ത്ഥി കൂടിയായ ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. അവിടെ പഠിച്ചിരുന്നപ്പോഴും എഡ്ഡി പ്രശ്നക്കാരനായ വിദ്യര്‍ത്ഥി ആയിരുന്നു. സ്ഥിരം പ്രശ്നക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ ഒരു നിയോഗമായി എത്തുന്നത്‌. എഡ്ഡിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നതും. ഉണ്ണി മുകുന്ദന്‍,മുകേഷ്,മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍,സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി, പൂനം ബജ്വ  , ലെന തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറാമാന്‍. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ്‌ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

SHARE