പ്രണയത്തിന്‍റെ വിഭവ സമൃദ്ധമായ അത്താഴം; ‘മെഴുതിരി അത്താഴങ്ങള്‍’- Review

എഴുത്തിന്‍റെ സൗന്ദര്യമാണ് അനൂപ്‌ മേനോന്‍ ചിത്രങ്ങളുടെ ആകര്‍ഷണം. ബ്യൂട്ടിഫുളും, ‘ട്രിവാണ്ട്രം ലോഡ്ജു’മൊക്കെ നല്ല രചനയില്‍ സ്ക്രീനില്‍ തെളിഞ്ഞ ചലച്ചിത്രങ്ങളായിരുന്നു, ആ നിരയിലേക്കാണ് മെഴുതിരി അത്താഴങ്ങളുടെ കടന്നു വരവ്. ടൈറ്റില്‍ ഭംഗി കൊണ്ട് ആസ്വാദകരെ ആകര്‍ഷിച്ച ‘മെഴുതിരി അത്താഴങ്ങള്‍’ക്ക് പറയാനുള്ളത് കോടമഞ്ഞിന്റെ കുളിരില്‍ ഉരുകുന്ന ഊട്ടിയിലെ അനുരാഗ കഥയാണ്.സഞ്ജയ്‌  പോള്‍ എന്ന ധനികനായ  നായകന്റെ വര്‍ത്തമാന കാലത്ത് നിന്ന് മൂന്നു വര്‍ഷം പിന്നിലേക്ക് തിരിയുന്ന പ്രേമ വിവരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  അനൂപ്‌ മേനോന്റെ എഴുത്തിലെ ലാളിത്യം കൊണ്ട്  ആദ്യ കാഴ്ചയില്‍ തന്നെ ചിത്രം പ്രേക്ഷകരെ കൂടെ കൂട്ടുന്നുണ്ട്.

ഏറെ പുതുമ നല്‍കാത്ത മേക്കിംഗ് ശൈലിയോടെ  സ്റ്റാര്‍ട്ട് ചെയ്യുന്ന ചിത്രം കഥപറച്ചിലിലെ വശ്യത കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നു, മലയാള സിനിമയില്‍ പഴകി തേഞ്ഞ നിരവധി ലവ് സ്റ്റോറികള്‍ക്ക് മുന്നില്‍ ‘എന്റെ മെഴുതിരി’അത്താഴങ്ങള്‍ അതിന്റെ ആഖ്യാന ശോഭ കൊണ്ട് ട്രാക്കില്‍ വീഴുന്നു. കഥാപാത്രങ്ങളെ ആര്‍ട്ടിഫിഷ്യലായി പെര്‍ഫോം ചെയ്യിക്കാതെ സ്വാഭാവികതയോടെ വെട്ടം കാണിക്കാന്‍ നവാഗത സംവിധായകന്‍ സൂരജ് തോമസ്‌ ശ്രമിച്ചെങ്കിലും ടെലിവിഷന്‍ സീരിയല്‍ പോലെയുള്ള അവതരണ ശൈലി ചിത്രത്തിന് വിനയാകുന്നുണ്ട്.

സിനിമയുടെ പശ്ചാത്തലം സമ്പന്നതയുടെ അത്താഴങ്ങളില്‍ മുങ്ങി നിവരുമ്പോഴും അനൂപ്‌ മേനോന്റെ എഴുത്തിനു ഒരു സാധാരണത്വമുണ്ട്, പച്ചയായി പറഞ്ഞാല്‍ ഒരു മലയാളഗാനം കേട്ട അനുഭൂതി, അതിന്റെ വാസനയിലാണ് പ്രേക്ഷക മനസ്സിലാകെ മെഴുതിരി  മിന്നിയതും, അത്താഴങ്ങള്‍ ഒരു പരിധിവരെ പ്രേക്ഷകര്‍ക്ക് ദഹിച്ചതും, സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് നായകനൊപ്പം ഞൊടിയിടകൊണ്ട് ആടിപ്പാടുന്ന പ്രണയനായികയല്ല അത്താഴങ്ങളിലെ അഞ്ജലി എന്ന പെണ്‍മുഖം. നായകനിലേക്ക് സാവാധാനം ഒരു പൂമ്പാറ്റയെ പോലെ പ്രണയ ഗീതമായി  പറന്നെത്തുന്ന ഹൃദയ സ്പര്‍ശിയായ അഞ്ജലി മലയാള സിനിമയില്‍  അടുത്തിടെ ദര്‍ശിച്ച മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. അഞ്ജലിയുടെ മനസൗന്ദര്യവും, വദനകാന്തിയും വളരെ തന്മയത്വത്തോടെ പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ട്. സഞ്ജയ്‌ പോള്‍ എന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള അഞ്ജലിയുടെ പ്രണയത്തിന്റെ റൂട്ട് സ്ലോ പേസിലാണ് അവതരിപ്പിച്ചിരിക്കുന്നത്, ‘ദേവതാരു’ വൃക്ഷം സാക്ഷിയായ മിതത്വമുള്ള സ്നേഹ ബന്ധം പ്രേക്ഷകര്‍ക്ക് മടുപ്പില്ലാത്ത പ്രണയ നിമിഷങ്ങളായി മാറി. മണ്‍സൂണ്‍ കാലത്തെ മാമ്പഴ ഭംഗി പോലെ മാര്‍ദ്ദവമായി മനസ്സില്‍ പറ്റുന്നുണ്ട്  ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’.

സഞ്ജയുടെ ഹോട്ടലില്‍ രുചി പ്രേമികള്‍ക്കായി തയ്യാറാകുന്ന ചിക്കനിലെ രഹസ്യ റെസിപ്പിയും, അഞ്ജലി ഡിസൈന്‍ ചെയ്യുന്ന മെഴുതിരിയുടെ  ഗന്ധത്തിന്റെ  സീക്രട്ടും ഒന്നാണെന്ന്  പ്രേക്ഷകന് ബോധ്യപ്പെടുന്നിടത്ത് മെഴുതിരി അത്താഴങ്ങള്‍ ആസ്വാദനത്തിന്റെ വ്യത്യസ്തത തീര്‍ക്കുന്നു.

 സിനിമയുടെ അന്ത്യത്തില്‍  പ്രേക്ഷകരെ ആകര്‍ഷിക്കാനായി ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കി സ്ഥിരം പാറ്റെണിലൂടെ  കഥ പറഞ്ഞവസാനിപ്പിച്ചത് സിനിമയുടെ ടോട്ടലായുള്ള മനോഹര കഥയുമായി ഇണങ്ങിയില്ല.  സ്ത്രീകളെ വില്‍പ്പന ചരക്കായി മാത്രം കാണുന്ന  ഞരമ്പ് രോഗികള്‍ക്ക് ദിലീഷ് പോത്തന്‍ കഥാപാത്രത്തിലൂടെ  കൊട്ട് കൊടുക്കുന്നുണ്ടെങ്കിലും അത്തരം സീന്‍ എഴുതിയുണ്ടാക്കിയത് അരോചകമായി അനുഭവപ്പെട്ടു, ഊട്ടിയിലെ മലമുകളിലെ ഒറ്റപ്പെട്ട വീട്ടില്‍ കഴിയുന്ന ലാല്‍ ജോസിന്റെ കഥാപാത്രവും പ്രേക്ഷകനില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗിയുടെ റോളിലെത്തുന്ന വീട്ടു സഹായിയുടെ കഥാപാത്രം ഭേദപ്പെട്ട നിലവാരത്തോടെ ചിത്രത്തില്‍  അവതരിപ്പിച്ചിട്ടുണ്ട്.

മെഴുതിരി അത്താഴങ്ങളില്‍ ആനന്ദമായി അനുഭവപ്പെടുത്തുന്ന ചിലതുണ്ട്, ഭംഗിയുള്ള റിബണ്‍ ധരിച്ച്, നീലയും- വെള്ളയും ചേര്‍ന്ന യൂണിഫോം കുപ്പായമിട്ട് സ്കൂളില്‍ എത്തിയിരുന്ന തുളസിയുടെ ഫ്ലാഷ്ബാക്ക് അനൂപ്‌ മേനോന്‍ നന്നായി എഴുതുകയും, ഒതുക്കത്തോടെ ഒറ്റ സീനില്‍ പ്രസന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘കൃഷ്ണ തുളസി’ എന്ന വാക്കിന്റെ സൗന്ദര്യം പോലെ മികവുറ്റതായിരുന്നു അവളുടെ ഇപ്പോഴുള്ള ജീവിതത്തിന്റെ തുറന്നു കാട്ടലും!. ‘മെഴുതിരി അത്താഴങ്ങള്‍’ എല്ലാ അര്‍ത്ഥത്തിലും അനൂപ്‌ മേനോന്റെ രചനാ മികവില്‍ ജ്വലിച്ചു നില്‍ക്കുന്ന സിനിമയാണ്. കൈയ്യടിച്ച് ഇറങ്ങാനുള്ളതില്ലെങ്കിലും ആകെ മൊത്തത്തില്‍ കൈ കൊടുക്കാവുന്ന സിനിമയാണ്.

അഭിനയത്തില്‍ ‘മോഹന്‍ലാല്‍’ അനുകരണമെന്ന  ദുഷ്പ്പേര് മാറ്റിയെടുക്കാന്‍ അനൂപ്‌ മേനോന് ഇനിയും സാധിച്ചിട്ടില്ല, ശരീര ഭാഷയില്‍ മോഹന്‍ലാലുമായി സാമ്യം ഉള്ളതിനാല്‍ പ്രേക്ഷകര്‍ മിക്കപ്പോഴും അനൂപ്‌മേനോനെ കണക്റ്റ് ചെയ്യുന്നത് മലയാളത്തിന്റെ സ്വകാര്യമായ അഭിനയ രീതിയോടാണ്‌!. അനൂപ്‌ മേനോനിലെ ലാല്‍ ആക്ടിംഗ് ഈസിയായി നമുക്ക് വേര്‍തിരിച്ചെടുക്കാനും സാധിക്കും. അറിഞ്ഞോ, അറിയാതെയോ ‘മോഹന്‍ലാല്‍ ആക്ടിംഗ്’ അനൂപ്‌ മേനോനില്‍ തളംകെട്ടി കിടക്കുന്നത് പകല്‍ പോലെ വ്യക്തം. അനൂപ് ,മേനോന്‍ മിതത്വത്തോടെ രചിച്ച അഞ്ജലി എന്ന കഥാപാത്രത്തിന്റെ മൂഡ്‌ കൃത്യമായി മനസ്സിലാക്കി കൊണ്ടായിരുന്നു നടി മിയയുടെ പ്രകടനം. ജീന്‍സിലും, മോഡേണ്‍ വസ്ത്രങ്ങളിലും ന്യൂജെന്‍ ശൈലിയിലെ പാലാക്കാരിയായി  സിനിമയ്ക്ക് പുറത്തെ വിശ്രമവേളകള്‍ ആനന്ദകരമാക്കുന്ന  മിയ എന്ന നടിയ്ക്ക് ഒരു ഗ്രാമീണ വശ്യതയുണ്ട്, ഏതൊരാള്‍ക്കും പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു ചൈതന്യ മുഖഭാവം, അവരുടെ അത്തരം സവിശേഷതകളെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ സിനിമയാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍. തലമൊട്ടയടിച്ച് ബിഗ്‌ സ്ക്രീനിലെത്തിയ ബൈജുവിന്റെ കഥാപാത്രവും, കള്ളുകുടിയനും, ബ്ലോഗ്‌ എഴുത്തുകാരനുമായ അലന്‍സിയറുടെ കഥാപാത്രവും അനൂപ്‌ മേനോന്റെ രചനയില്‍ തലയുയര്‍ത്തി നിന്ന രചനാ സൃഷ്ടികളായിരുന്നു.

സോഫ്റ്റ്‌ ആയുള്ള  മികച്ച മെലഡി ഗാനങ്ങളുടെ അഴകിനാല്‍ ആസ്വാദകരെ  പ്രണയിക്കാന്‍ കൊതിപ്പിച്ച ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന നിലയിലും പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട്. വിജയ്‌ യേശുദാസ്  ആലപിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രവണ സുഖം നല്‍കുന്നു. എം.ജയചന്ദ്രന്‍ ഈണമിട്ട ചിത്രത്തിലെ അഞ്ച് ഗാനങ്ങളും കാഴ്ചക്കാരുടെ പ്രീതി നേടിയെടുത്തു.ഊട്ടിയിലെ വിഷ്വല്‍ സാധ്യതകളെ നന്നായി ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തിന്റെ ക്യാമറമാനും പ്രശംസ അര്‍ഹിക്കുന്നു, രാഹുല്‍ രാജിന്റെ പശ്ചാത്തല ഈണം ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂ, പല ഘട്ടത്തിലും സന്ദര്‍ഭത്തിന് അനുയോജ്യമാകാതെ നിന്നു ചിത്രത്തിലെ ബാക്ക്ഗ്രൌണ്ട് സ്കോര്‍….

അവസാന വാചകം 

ആര്‍ക്കും ദഹിക്കുന്ന രുചിയേറിയ അത്താഴമാണ് അനൂപ്‌ മേനോനും കൂട്ടരും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്. പ്രണയത്തിന്‍റെ സ്വാദിനായി സധൈര്യം ടിക്കറ്റെടുക്കാം

നിരൂപണം ; പ്രവീണ്‍.പി നായര്‍

SHARE