അലറിക്കൊണ്ട് പാഞ്ഞടുക്കുന്ന സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ കണ്ണുപൊത്തി; അപകടരംഗങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്നും ആവേശപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചിത്രമാണ് നരസിംഹം. സിംഹമായ നരാവതാരമായ പൂവള്ളി ഇന്ദുചൂഡനായി മോഹന്‍ലാല്‍ എത്തിയ ഈ ചിത്രത്തിലെ ഡയലോഗുകളും ചലനങ്ങളുമെല്ലാം മലയാളികള്‍ക്ക് ഇന്നും ആവേശമാണ്. ഷാജി കൈലാസ് ഒരുക്കിയ ഈ ചിത്രത്തില്‍ ഭാരതപ്പുഴയില്‍ നിന്ന് കയറി വരുന്ന നായകന്റെ ഷോട്ടിനൊപ്പം അലറിക്കൊണ്ട് പാഞ്ഞടുക്കുന്ന സിംഹത്തെ കാണിക്കുന്നുണ്ട്. എന്നാല്‍ ആ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അപകടകരമായ പല സംഭവങ്ങളും ഉണ്ടായതായി സംവിധായകന്റെ തുറന്നു പറച്ചില്‍. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അതിനെക്കുറിച്ച് ഷാജി കൈലാസ് പങ്കുവയ്ക്കുന്നതിങ്ങനെ…

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലേക്ക് ഒരു സിംഹത്തെ വേണമെന്ന് താന്‍ പറഞ്ഞു. സംഗതി നടക്കില്ലെന്നു വിചാരിച്ചാണ് ഇത് പറഞ്ഞത്. പക്ഷെ പ്രെഡാക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ പരപ്പനങ്ങാടി തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ ഒരാള്‍ വളര്‍ത്തുന്ന സിംഹത്തെ താന്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പൊക്കികൊണ്ടുവന്നു. മൂന്ന് ദിവസമാണ് സിംഹത്തെവെച്ച്‌ ഷൂട്ട് ഉണ്ടായിരുന്നത്.

ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. ഇതിനായി സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പികൊണ്ടുള്ള കയര്‍ കെട്ടി. സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട് സിംഹം അലറിക്കൊണ്ട് ഓടിവരും. ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച്‌ പിടിച്ച്‌ നിര്‍ത്തും അതായിരുന്നു പ്ലാന്‍. സംഭവം വിചാരിച്ച പോലെ വര്‍ക്കൗട്ടായെങ്കിലും ആ ഓട്ടത്തിന്റെ ശക്തിയില്‍ സിംഹത്തിന് പിറകില്‍ കെട്ടിയ കമ്പി വിട്ടുപോവുകയായിരുന്നു.

ഞങ്ങള്‍ പേടിച്ചു വിറച്ചു. ഇറച്ചുമായി നിന്നയാള്‍ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നില്‍ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാന്‍ വന്നപ്പോള്‍ പിറകില്‍ നിന്ന് വന്നയാള്‍ കെട്ടിയ കമ്പി വലിച്ചു പിടിച്ചു നിര്‍ത്തി. ശ്വാസം പിടിച്ചു നിന്നാല്‍ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഗ്രാഫിക്‌സ് വച്ച്‌ ചെയ്യാം.’ ഷാജി കൈലാസ് പറഞ്ഞു.

SHARE