MollywoodMovie Reviews

‘മൈ സ്റ്റോറി’ ; പ്രേക്ഷകര്‍ക്ക് ഡെഡ് സ്റ്റോറി!-Film Review

പ്രത്യേകിച്ചൊരു പരസ്യ പ്രചാരണത്തിന്റെ ആവശ്യമില്ലാത്ത ചിത്രമായിരുന്നു റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ‘മൈ സ്റ്റോറി’. റോഷ്നിയും ഭര്‍ത്താവായ ദിനകറും ചേര്‍ന്നാണ് ‘മൈ സ്റ്റോറി’ നിര്‍മ്മിച്ചിരിക്കുന്നത്. കസബയെയും മമ്മൂട്ടിയേയും സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച നടി പാര്‍വതി കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ‘മൈ സ്റ്റോറി’യിലെ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സോഷ്യല്‍ മീഡിയ ആധികാരികമായി ചര്‍ച്ച ചെയ്ത ചിത്രത്തിന് മറ്റൊരു പ്രമോഷന്‍ ആവശ്യമേയുണ്ടായിരുന്നില്ല. ചിത്രത്തിലെ ഗാനത്തിന് ഡിസ്ലൈക്ക് അടിച്ചു ആഘോഷിച്ച പാര്‍വതി വിരോധികള്‍ റോഷ്നി ദിനകറിനെയും കൂട്ടരെയും ശരിക്കുമൊന്നു ഭയപ്പെടുത്തി. ഒടുവില്‍ വിവാദ ശബ്ദങ്ങള്‍ക്ക് മയം വന്നപ്പോള്‍ റോഷ്നി ‘മൈ സ്റ്റോറി’യുമായി ബിഗ്‌ സ്ക്രീനിലെത്തി.

പൃഥ്വിരാജും, പാര്‍വതിയുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍, സിനിമയ്ക്കുള്ളിലെ പ്രണയ കഥയാണ് മൈ സ്റ്റോറി പറയുന്നത്, സിനിമയിലെ നായികയ്ക്ക് നായകനോട് തോന്നുന്ന ഒരല്‍പം വട്ടുള്ള അനുരാഗം. ജീവിതത്തിലെ ഒളിച്ചോട്ടത്തില്‍ നായകനെ ഒപ്പം കൂട്ടുന്ന അരപിരി പോയ നായിക,  ഇഷ്ടമല്ലാത്ത ലൈഫിനെ മറികടക്കാന്‍ ജയ്‌ക്കൊപ്പം ചുറ്റിയടിക്കുന്ന താരയുടെ കഥയാണ് പൂര്‍ണ്ണമായും മൈ സ്റ്റോറിയുടെ ഇതിവൃത്തം. 

ക്ലീഷേ ശൈലി സിനിമയുടെ തുടക്കത്തില്‍ പ്രതിഫലിച്ചു കാണാമെങ്കിലും ഒതുക്കമുള്ള അവതരണത്തോടെയായിരുന്നു ചിത്രത്തിന്റെ പ്രയാണം. വളരെ ലഘുവായ ഒരു കഥാ പശ്ചാത്തലം പ്രേക്ഷകന് മുന്നിലേക്ക് അവതരിപ്പിച്ചപ്പോള്‍ സങ്കീര്‍ണ്ണമായ തലത്തിലേക്ക് ചിത്രം വ്യാഖാനിക്കപ്പെടാതിരുന്നതും, വൈകാരിക മൂഹൂര്‍ത്തങ്ങളിലൂടെ വഷളാകാതിരുന്നതും സിനിമയുടെ ഭേദപ്പെട്ട നിലവാര കാഴ്ചയായിരുന്നു. സിനിമ ഓരോ നിമിഷങ്ങള്‍ കഴിഞ്ഞങ്ങനെ തെളിഞ്ഞു തെളിഞ്ഞു നീങ്ങിയപ്പോഴായിരുന്നു കൂടുതല്‍ അപകടം മണത്തത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ നഗരം കാഴ്ചയില്‍ സുന്ദരമായപ്പോള്‍ അതിനുള്ളില്‍ തിരുകിയ കഥ, അംബുജാക്ഷന്റെ ശൈലിയിലുള്ള ടിപ്പിക്കല്‍ സ്റ്റോറിയായിരുന്നു. എഴുത്തിലെ  ഫിലോസഫിയും അവതരണത്തിലെ മെലോ ഡ്രാമയും പതിയെ പതിയെ ചിത്രത്തിന്റെ നിറം കെടുത്തി.

താരയും ജയ്‌യും തമ്മിലുള്ള പ്രണയ തീവ്രത  പ്രേക്ഷകനെ അനുഭവപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും പ്രേക്ഷകര്‍ ‘മൈ സ്റ്റോറി’യില്‍ നിന്ന് മുഖം തിരിച്ചു. നായികയ്ക്ക് നായകനോട്  തോന്നുന്ന പ്രണായാവേഷം ഒരു ബോളിവുഡ് സിനിമാ സ്റ്റൈലിന്റെ മണത്തിനൊപ്പം എത്തുന്നുവെങ്കിലും സിനിമയുടെ തിരക്കഥ ബലമില്ലാതെ നട്ടം തിരിയുകയായിരുന്നു. പ്രേക്ഷകന്റെ ക്ഷമയ്ക്ക് മേല്‍ ആണിയടിച്ച ‘മൈ സ്റ്റോറി’ രണ്ടാം പകുതിയിലും കാഴ്ചക്കാരെ മുഷിപ്പിച്ചു. മൊയ്തീനായി പൃഥ്വിരാജും, കാഞ്ചനയായി പാര്‍വതിയും മിന്നല്‍ പ്രകടനം നടത്തുന്നത്  ബിഗ്‌ സ്ക്രീനിലൂടെ നമ്മള്‍ അനുഭവിച്ചതാണ്‌, അതേ അവര്‍ തന്നെ വീണ്ടും പ്രണയവര്‍ണ്ണങ്ങളുമായി പ്രേക്ഷകനരികില്‍ എത്തുകയാണ്. വളരെ നിലവാരമുള്ള ഒരു  ട്വിസ്റ്റോട് കൂടി സിനിമ പറഞ്ഞു തീര്‍ത്തിട്ടും ടോട്ടാലിറ്റിയില്‍ സിനിമ കെട്ടഴിഞ്ഞതായി മാറി.

യുറോപ്യന്‍  പശ്ചാത്തലത്തില്‍ മലയാളികളുടെ പ്രണയ കഥ അവതരിപ്പിച്ച ചിത്രത്തിന് ഒരു വേളയിലും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിച്ചില്ല, നൂലില്ലാ പട്ടം പോലെ എങ്ങോട്ടോ പാറി പോയ ‘മൈ സ്റ്റോറി’ പ്രേക്ഷകന് നല്ല സിനിമയുടെ നിറം സമ്മാനിച്ചില്ല. ലിസ്ബണിലെ മനോഹരമായ പ്രകൃതി ഭംഗി ഉള്‍പ്പടെ ചിത്രം ആസ്വാദകരിലേക്ക് അടയാളപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥ ചിത്രത്തിന് വിനയാവുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മോശം സിനിമകളുടെ കൂട്ടത്തില്‍ ‘മൈ സ്റ്റോറി’യുടെ പേരും എഴുതി ചേര്‍ക്കാം. പറയുന്നതിന്റെ ആശയം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു തിരക്കഥ  രചിക്കാന്‍ കഴിയാതെ പോയതാണ്  ‘മൈ സ്റ്റോറി’ ഡെഡ് സ്റ്റോറിയായി അനുഭവപ്പെട്ടത്.

മെലോ ഡ്രാമയില്‍ കുതിര്‍ന്ന പൃഥ്വിരാജിന്റെയും, പാര്‍വതിയുടെയും അഭിനയം തരക്കേടില്ലാത്തതായിരുന്നുവെങ്കില്‍ പാര്‍വതിയുടെ പ്രകടനമായിരുന്നു കൂട്ടത്തില്‍ ഏറെ മെച്ചം, പ്രണയ രംഗങ്ങളില്‍ സ്വഭാവികത കൈ വരുത്താറുള്ള പൃഥ്വിരാജ് മൈ സ്റ്റോറിയിലെ ‘ജയ്‌’ എന്ന കഥാപാത്രമായി  മാറിയപ്പോള്‍ പലയിടത്തും പതറുന്ന കാഴ്ചയാണ് കാണാനായത്. സംവിധായികയുടെ നിര്‍ദേശത്തിനനുസരിച്ച പ്രകടനമാകണം അഭിനയം ഓവര്‍ ആയി മാറുന്നുവെന്ന തോന്നലുണ്ടാക്കിയത്. പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങളിലൂടെ മാത്രം കഥ വികസിക്കുന്നതിനാല്‍ ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും സ്ക്രീന്‍ സ്പേസ് ഉണ്ടായിരുന്നില്ല.

പോര്‍ച്ചുഗലിലെ ലിസ്ബണും, പോര്‍ട്ടോയുമൊക്കെ അഴക്‌ ജനിപ്പിക്കുന്ന അത്ഭുതമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോഴും ‘മൈ സ്റ്റോറി’യിലൂടെ റോഷ്നി ദിനകര്‍ പറയാന്‍ ശ്രമിച്ച നല്ല  ആശയം അടിസ്ഥാനമില്ലാത്ത രചനയില്‍ തകര്‍ന്നു പോകുകയായിരുന്നു!.
പാകതയില്ലാത്ത ദുര്‍ബലമായ എഴുത്താണ് ശങ്കര്‍ രാമകൃഷ്ണനില്‍ നിന്ന് പലപ്പോഴും ലഭിക്കുന്നത്. അതിനെ പതിവ് ചേരുവകള്‍ ചേര്‍ത്ത് റോഷ്നി സ്ക്രീനില്‍ എത്തിച്ചപ്പോള്‍ കയ്യടിക്കേണ്ട പ്രേക്ഷകര്‍ ‘മൈ സ്റ്റോറി’യെ എല്ലാ അര്‍ത്ഥത്തിലും കയ്യൊഴിഞ്ഞു. കാലം കടന്നാലും ആസ്വാദക മനസ്സില്‍ തെളിച്ചമില്ലാതെ മങ്ങലോടെ കലങ്ങി കിടക്കുന്ന സിനിമ തന്നെയാകും ‘മൈ സ്റ്റോറി’!. അണിയറ പ്രവര്‍ത്തകര്‍ക്ക് ന്യൂജെന്‍ പരീക്ഷണമെന്ന പേരില്‍ ആശ്വാസപ്പെടാമെങ്കിലും നിലവാരമുള്ള ഭൂരിഭാഗം പ്രേക്ഷര്‍ക്കും ‘മൈ സ്റ്റോറി’ നല്ല അനുഭവമായി മാറുന്ന സിനിമയാകുന്നില്ല.

മലയാളികളുടെ  സാധാരണ ജീവിത സാഹചര്യങ്ങളുള്ള കഥാപാത്രങ്ങളെ അകറ്റി നിര്‍ത്തി കോട്ടും,സ്യൂട്ടുമിട്ട് ചിത്രീകരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന പൃഥ്വിരാജിനെ പോലെയുള്ളവര്‍ നേരത്തെ ഏറെ ചെയ്തതും ഇപ്പോള്‍ അതിലേറെ ചെയ്യുന്നതും എല്ലാം ഒന്നാണ്. അനുരാഗത്തിന്റെ അഡാറു ഐറ്റങ്ങളില്‍ ചേര്‍ത്തു പിടിക്കാന്‍ നായികയും കുളിക്കാന്‍ പൂളും, കഴിക്കാന്‍ ആഡംബര ഹോട്ടലും വിശാലമായി കറങ്ങാന്‍ യൂറോപ്പ് നഗരങ്ങളും സജ്ജമാക്കിയാല്‍ സുകുമാര പുത്രന്‍ പൃഥ്വിരാജിന്‍റെ ഡേറ്റ് ആര്‍ക്കും പുഷ്പം പോലെ റെഡിയാണ്.

ശക്തമായ കഥാപാത്രങ്ങള്‍ മലയാളത്തില്‍ സ്വീകരിക്കുന്ന പാര്‍വതിക്ക് ‘മൈ സ്റ്റോറി’ ചിലതൊക്കെ ബാക്കി നല്‍കുന്നുണ്ട്. ഒരു നിഴല്‍ പോലെ പൃഥ്വിരാജ് മൈ സ്റ്റോറിയുടെ ഭാഗമാകുന്നുണ്ടെങ്കിലും, സ്ക്രീനില്‍ ഏറെ പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചത് പാര്‍വതിക്കാണ്. ‘മൈ സ്റ്റോറി’ പാര്‍വതിയിലെ നടിയ്ക്ക് നല്ല മൈലേജ് നല്‍കുന്നുണ്ട്. മികച്ച മലയാള സിനിമയുടെ ലിസ്റ്റില്‍ ഈ ചിത്രം കുറിക്കപ്പെട്ടില്ലങ്കിലും പാര്‍വതിയുടെ നല്ല കഥാപാത്രങ്ങളില്‍ ‘മൈ സ്റ്റോറി’യിലെ കഥാപാത്രത്തിനു സ്ഥാനമുണ്ടാകും!.
റോഷ്നി ദിനകറിലെ ഫിലിം മേക്കര്‍ യുറോപ്പിലെ ലൊക്കേഷന്‍ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയെന്നതല്ലാതെ അവതരണത്തില്‍ കാര്യമായ സൗന്ദര്യം ജനിപ്പിച്ചില്ല. പൂര്‍ണ്ണമായും നിലംപൊത്തിയ തിരക്കഥയില്‍ രക്ഷാപ്രവര്‍ത്തനം പോലെ എന്തൊക്കെ റോഷ്നി ചെയ്തത് അഭിനന്ദനാര്‍ഹമാണ്.

ഷാന്‍ റഹ്മാന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ തരക്കേടില്ലാത്തതായിരുന്നു, ‘പതുങ്ങി പതുങ്ങി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം തിയേറ്ററില്‍ കേള്‍ക്കാന്‍ സുഖമുള്ളതായി തോന്നി. ഗാനത്തിന്റെ വിഷ്വല്‍ സൗന്ദര്യം ബിഗ്‌ സ്ക്രീനില്‍ കളര്‍ഫുളായി മാറുകയും ചെയ്തു. രണ്ടാം പകുതിയിലേക്ക് സിനിമ കടക്കുമ്പോള്‍ എഡിറ്റിംഗ് വിഭാഗവും നീതി പുലര്‍ത്തിയില്ല. പ്രിയങ്ക പ്രേം കുമാര്‍ ആയിരുന്നു ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചത്. ക്യാമറ കൈകാര്യം ചെയ്ത ഡഡ്ലി , വിനോദ് പെരുമാള്‍ എന്നിവര്‍ അവരുടെ ജോലി അന്തസ്സായി തന്നെ നിര്‍വഹിച്ചു.

last word

ശരിക്കും ‘മൈ സ്റ്റോറി’ പ്രേക്ഷകര്‍ക്ക് ‘ഡെഡ് സ്റ്റോറി’യാണ്….അകപ്പെടാതിരിക്കൂ, അകന്നു നില്‍ക്കൂ……. 

നിരൂപണം ; പ്രവീണ്‍.പി നായര്‍ 

 

 

 

Tags

Post Your Comments

Related Articles


Back to top button
Close
Close