Latest NewsNEWSSocial Media

സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്: ഭീഷ്മപർവ്വം ചിത്രത്തിലെ കഥാപാത്രത്തിനെതിരെ കെ വി തോമസിന്റെ മകന്‍

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ സിനിമ കണ്ട ശേഷം പ്രതികരണവുമായി കെ വി തോമസിന്റെ മകന്‍ ബിജു തോമസ് രംഗത്ത്. ദിലീഷ് പോത്തന്‍ അവതരിപ്പിച്ച എറണാകുളം എംപി ജെയിംസ് എന്ന കഥാപാത്രം എറണാകുളം മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസിനെ ഉദ്ദേശിച്ചാണെന്ന് പരക്കെ സംസാരം ഉയര്‍ന്നിരുന്നു. ബിജു സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്ന പോസ്റ്റ് കെ വി തോമസും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബിജു തോമസിന്റെ കുറിപ്പ് :

ഭീഷ്മ പര്‍വ്വം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്.

ദിലീഷ് പോത്തന്‍ അഭിനയിച്ച ടി വി ജെയിംസ് എണ്‍പതുകളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റിൽ ഡയറി, പേന, കൈയില്‍ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്പളങ്ങിയില്‍ നിന്നു ഡെല്‍ഹിയില്‍ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത. അമല്‍ നീരദിന്റെ കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത്.

ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കൊണ്ടുള്ള സഹായങ്ങള്‍. ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം ന്യൂജനറേഷന്‍കാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകള്‍ – കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.

അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ ജീൻസും ടി – ഷർട്ടും ഇട്ട്, ബസ് സ്റ്റോപ്പും, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ത്തയം.
ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷര്‍ട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.

ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇന്നും കെ വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല

shortlink

Related Articles

Post Your Comments


Back to top button