രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു; റാണ ദഗുബാട്ടി പറയുന്നു

ബാഹുബലിയിലെ പൽവാൾ ദേവനിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍. അദ്ദേഹത്തിന്റെ പ്രിയ കൂട്ടുകാരനാണ് മറ്റൊരു തെന്നിന്ത്യൻ താരമായ രാം ചരൺ. ഇരുവർക്കും പഠനത്തോട് വലിയ തലപര്യമില്ലെന്ന് തുറന്നുപറയുകയാണ്.

പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരു കുട്ടിയായിരുന്നു താനെന്ന് റാണ പറയുന്നു. പത്താം ക്ലാസിൽ ഞാൻ തോറ്റു. പിന്നീട് പത്താംക്ലാസ് പരീക്ഷ എഴുതിയെടുക്കാൻ മറ്റൊരു സ്കൂളിൽ ചെല്ലുമ്പോഴായിരുന്നു രാം ചരണിനെ പരിചയപ്പെട്ടത്. രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്.

എന്റെ മുത്തച്ഛൻ ഡി രാമനായിഡുയായിരുന്നു എന്റെ വഴികാട്ടി. എന്റെ പഠനത്തെ കുറിച്ച് ഒരിക്കലും അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ല. ഞാൻ നന്നായി വായിക്കുമെന്നും എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു അറിയാമായിരുന്നു. കുട്ടിക്കാലം മുതൽ സിനിമയുടെ വളരെ അടുപ്പത്തിലായിരുന്നു. സെറ്റിൽനിന്ന് ഭക്ഷണം കഴിച്ചിട്ടാണ് പലപ്പോഴും ഞാൻ സ്കൂളിൽ പോയിട്ടുള്ളത്.

ബാഹുബലിയോടെയാണ് പ്രഭാസുമായി ചങ്ങാത്തത്തിൽ ആകുന്നത്. ഇത്രയും ക്ഷമയുളള ഒരു മനുഷ്യനെ ഞാൻ ആദ്യമായാണ് കാണുന്നത്. ചോദ്യം ചെയ്യാനാകാത്ത പിന്തുണയായിരുന്നു ആ ചിത്രത്തിന് പ്രഭാസ് നൽകിയത്. ബാഹുബലിയ്ക്കായി മാറ്റി വച്ച അഞ്ചു വർഷങ്ങൾ കൊണ്ട് കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സമ്പാദിക്കാമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സമര്‍പ്പണം, ക്ഷമ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതൊരു പാഠമാണു താനും– റാണ പറയുന്നു.

SHARE