മോഹൻലാലും ശ്രീനിവാസനും തമ്മിലെ പ്രശ്നം; സത്യന്‍ അന്തിക്കാട് പറയുന്നു

മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും തമ്മില്‍ അകല്‍ച്ചയില്‍ ആണോ എന്ന് ആരാധകര്‍ക്ക് സംശയം. ശ്രീനിവാസന്‍ തന്റെ ചില ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കളിയാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായെന്നും ഇരുവരും തമ്മില്‍ പ്രശ്നത്തില്‍ ആണെന്നും വാട്സ്ആപ്പില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

‘മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ’

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രം ‘വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനിവാസന്‍ മറുപടി നൽകുന്നുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് ചിലര്‍ വ്യാഖാനിച്ചത്. എന്നാല്‍ മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനിവാസനെന്നു സത്യന്‍ അന്തിക്കാട് പറയുന്നു. ”തിരിച്ചും അങ്ങനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്,” സത്യൻ അന്തിക്കാട് വ്യക്തമാക്കി.

SHARE