ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിച്ച സിനിമയാണ് ഇത്.

വ്യത്യസ്ത വംശങ്ങളില്‍പ്പെട്ട കുടിയേറ്റക്കാരില്‍ നിന്ന് കാന്തിക മതിലുകള്‍ കൊണ്ട് സംരക്ഷിച്ച ഒരു നഗരത്തിലാണ് എറോള്‍ എറിന്‍ എന്ന ജനിതക ശാസ്ത്രജ്ഞന്‍ താമസിക്കുന്നത്. അവ്യക്തമായ ജനിതക പ്രശ്‌നം അവിടുത്തെ കൃഷിയെ ബാധിക്കുകയും കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്യുന്നു. എറോള്‍ ജോലി ചെയ്യുന്ന നോവസ് വിറ്റ എന്ന കമ്പനിയില്‍ നടക്കുന്ന യോഗത്തില്‍ ജനിതക ശാസ്ത്രജ്ഞനായ സെമില്‍ അക്മാനെക്കുറിച്ച് പരാമര്‍ശമുണ്ടാകുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്ഥിരമായി പഠിക്കുകയും എഴുതുകയും ചെയ്യുന്ന സെമിലിനെ കണ്ടെത്താന്‍ എറോള്‍ തീരുമാനിക്കുന്നു.ആ യാത്ര എറോളിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. സ്പാനിഷ് ചിത്രമായ ‘സിംഫണി ഓഫ് അന’ യാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം.

SHARE