ഒരിക്കലും സഹിക്കാൻ ആവാത്ത ‘നമ്പർ ‘ ആയിപ്പോയി നിന്റെ മരണം; സഹതാരത്തിന്റെ മരണത്തെക്കുറിച്ച് നടന്‍ രഞ്ജിത്

രാജസേനൻ സംവിധാനം ചെയ്ത ‘കൃഷ്ണ കൃപാസാഗരം’ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനായിരുന്നു ശരത് കുമാർ. ‘ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയൂ, പട്ടുസാരി, ദത്തുപുത്രി’ തുടങ്ങി ഒരുപിടി നല്ല സീരിയലുകളില്‍ അഭിനയിച്ച ശരത് ഒരു അപകടത്തില്‍ മരണപ്പെട്ടു. ശരത് ബൈക്ക് അപകടത്തിൽ മരിച്ചിട്ട് ഈ ഫെബ്രുവരിയിൽ നാല് വർഷം തികയുമ്പോൾ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ്, ശരത്തിനെ ക്കുറിച്ച് പങ്കുവയ്ക്കുന്നു.

‘‘ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിൽ ‘ഫൈവ് ഫിംഗേഴ്സ്’ എന്നറിയപ്പെടുന്ന ഒരു ടീം ആണ് ഞങ്ങൾ അഞ്ചു പേർ. ഞാൻ, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവർ. എന്റെ കഥാപാത്രത്തിന്റെ പേര് ജയിംസ് എന്നായിരുന്നു. ശരത് രാഹുലും .സെറ്റിൽ വന്നാൽ പിന്നെ അണ്ണാ.. എന്നു വിളിച്ച് ശരത് എന്റെ പിന്നാലെ ഉണ്ടാവും. ആദ്യമൊക്കെ എനിക്ക് ആ വിളി ദേഷ്യമായിരുന്നു. ഞാൻ പറയും; ;എടേ … നീ എന്നെ അണ്ണാ എന്നു വിളിക്കണ്ട. പേര് വിളിച്ചാൽ മതി എന്ന്. പക്ഷെ അവന്‍ പരിഭവത്തോടെ പറയും ഞാന്‍ അങ്ങനെ വിളിച്ചു പോയിലെയെന്നു.

ഒരിക്കലും സഹിക്കാൻ ആവാത്ത ‘നമ്പർ ‘ ആയിപ്പോയി നിന്റെ മരണം. നാലു വർഷം ആവുമ്പോഴും ആ നടുക്കം എന്നെ വിട്ടു പോയിട്ടില്ല. ‘അണ്ണാ’ എന്ന നിന്റെ വിളി എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ഇപ്പോഴും. നിനക്കുവേണ്ടി പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലല്ലോ ചങ്ങാതി.’’

2015 ഫെബ്രുവരി 26 ന് കൊല്ലത്തെ സീരിയൽ ലൊക്കേഷനിലേക്ക് പോവും വഴി ശരത് ഓടിച്ചിരുന്ന ബൈക്ക് പാരിപ്പള്ളിക്ക് സമീപം മൈലക്കാട് വച്ച് നിയന്ത്രണം വിട്ട് ഒരു ടിപ്പർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം.

കടപ്പാട്: മനോരമ

SHARE