CinemaEast Coast SpecialFilm ArticlesGeneralIndian CinemaInternationalLatest NewsNEWSSpecial

അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ..

ഹിറ്റ്മേക്കേഴ്സ് സിദ്ധീഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ധീഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലര്‍. മലയാളത്തിലെ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായ ഈ സിനിമ പിന്നീട് സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ നിറഞ്ഞ സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തു. സോമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ ..ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നെനെ’ എന്ന ഡയലോഗ് ഇന്നും പലരും സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്നുണ്ട്. കൂടുതലും തമാശയായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും ഇതിലെ സ്ത്രീ വിരുദ്ധത കണാതിരിക്കരുത് എന്നാണ് പല ഫെമിനിസ്റ്റ് ചിന്താഗതിക്കാരും പറയുന്നത്.വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം സോമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ മാധവന്‍കുട്ടിയോട് പറയുന്ന സംഭാഷണമാണ് അവര്‍ എടുത്തു കാട്ടുന്നത്. മാധവന്‍ കുട്ടിയുടെ സഹോദരീ കഥാപാത്രം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന സംഭവം അറിഞ്ഞു അന്വേഷിക്കാന്‍ എത്തിയതായിരുന്നു മാധവന്‍ കുട്ടി, അപ്പോള്‍ സോമന്‍ കഥാപാത്രം പറയുന്ന സംഭാഷണം ഇങ്ങനെയാണ്;

”അതെടാ .. ഞാന്‍ തെറ്റ് ചെയ്തു. ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു. എന്റെ മദ്യത്തിന്റെ ലഹരിയില്‍ ചെയ്തു പോയതാ… പക്ഷെ അവളോ? അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കിലോ? ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിലോ?”
മാധവന്‍കുട്ടി ഇത് കേട്ട് തകര്‍ന്നടിഞ്ഞു കണ്ണുമിഴിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും സംഭാഷണ തുടര്‍ച്ചയായി സോമന്‍ കുറ്റബോധഭാവത്തില്‍ ,
”അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ ..ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ .. ആ നിമിഷം ഞാനുണര്‍ന്നേനെ മാധവന്‍ കുട്ടി..” എന്ന സംഭാഷണമാണ് പിന്നീട് കടുത്ത സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ടത്. ബലാത്സംഗത്തിന് ഇരയാകുമ്പോഴും ഒന്നുറക്കെ കരയാത്തതിന്റെയും ഒച്ചയുണ്ടാക്കാത്തതിന്റെയും ബാധ്യത ഇരയാക്കപ്പെടുന്ന സ്ത്രീയുടെ പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഈ സംഭാഷണം എന്നും വാദിക്കുന്നു. അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏത് പുരുഷനും മറ്റൊരു സ്ത്രീക്ക് മേല്‍ ഇത്തരത്തില്‍ മോശമായി പെരുമാറാം എന്നും സ്ത്രീ പ്രതിഷേധിച്ചില്ലെങ്കില്‍ പുരുഷന് എന്തും ചെയ്യാമെന്നുമാണ് ഈ സംഭാഷണങ്ങള്‍ പറഞ്ഞു വെയ്ക്കുന്നത്. ആണ്‍ മേല്‍ക്കോയ്മയ്ക്ക് മേല്‍ സ്ത്രീയുടെ നിശബ്ദമായ സഹകരണമായി ഇതിനെ കണക്കാക്കരുത്. സ്ത്രീ ഒറ്റപ്പെടുന്ന അവസരങ്ങളില്‍ അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഒരു നല്ല പുരുഷന്റെ ഉത്തരവാദിത്വമാണ്. അധ്യാപകനായ സോമന്‍ കഥാപാത്രം സ്വന്തം വിദ്യാര്‍ത്ഥിനിയോട് കാണിക്കുന്ന ലൈംഗികാതിക്രമം മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. അതിനപ്പുറം അയാളുടെ സംഭാഷണം സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

പുരുഷനില്‍ വികാരം ഉണര്‍ന്നാല്‍ ഏതൊരു സ്ത്രീക്കെതിരെയും ഇങ്ങനെ പെരുമാറാം എന്നും അവര്‍ അങ്ങനെ നിന്നുംകൊടുക്കും എന്നുള്ള മോശം പ്രവണതകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം സിനിമാ സംഭാഷണങ്ങള്‍ കാരണമാകും എന്നും സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കേണ്ടത് സിനിമകളില്‍ കൂടിയാവണമെന്നും സ്ത്രീ ശാക്തീകരണ സംഘടനകള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അതുകൊണ്ടാണ് മലയാളത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ നിറഞ്ഞ സിനിമയില്‍ ഹിറ്റ്ലറും ഇടം പിടിച്ചത്.

shortlink

Post Your Comments


Back to top button