CinemaInterviewsLatest NewsMollywoodWOODs

”സിനിമയ്ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യം” സംവിധായകന്‍ രാഹുല്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ നില്‍ക്കുകയാണ് രാഹുല്‍ റജി നായര്‍ എന്ന യുവ സംവിധായകന്‍. ആദ്യ ചിത്രമായ ഒറ്റമുറി വെളിച്ചത്തിലൂടെ നാല് സംസ്ഥാന പുരസ്കാരങ്ങളാണ് രാഹുലും ടീമും സ്വന്തമാക്കിയിരിക്കുന്നത്. പുരസ്കാര നിറവില്‍ രാഹുല്‍ തന്റെ വിശേഷങ്ങള്‍ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയോട് പങ്കുവയ്ക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ നില്‍ക്കുകയാണ് സംവിധായകന്‍ രാഹുല്‍. താങ്കളുടെ ആദ്യ ചിത്രം തന്നെ നാല് പുരസ്കാരങ്ങള്‍ നേടിയിരിക്കുന്നു. ഇതിനെക്കുറിച്ച് പറയാനുള്ളത്?

കഴിഞ്ഞവര്ഷം  വിഷു കഴിഞ്ഞാണ് ഈ ചിത്രം ആരംഭിക്കുന്നത്. അടുത്ത വിഷു ആകുമ്പോള്‍ അപ്രതീക്ഷിത പുരസ്കാര നിറവില്‍ നില്‍ക്കുകയാണ്. ആ ഒരു സന്തോഷമാണ് ആദ്യം. നമ്മള്‍ എടുക്കുന്ന ഒരു ചെറിയ സിനിമ. അതിനു ഇത്രയും മികച്ച അംഗീകാരം കിട്ടുന്നത് വലിയ സന്തോഷം.

വൈവാഹിക ബാലാത്സംഗമാണ് ഒറ്റമുറി വെളിച്ചമെന്ന ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. അത്തരം ഒരു വിഷയത്തിലേയ്ക്ക് താങ്കള്‍ എത്തിയത് എങ്ങനെ?

ഒരു സ്ത്രീയുടെ എപ്പോഴും വെളിച്ചമുള്ള ഒറ്റമുറിയിലെ ജീവിതമാണ് സിനിമയിലെ പ്രധാന പ്രമേയം. അവിടെ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വൈവാഹിക ബാലാത്സംഗം കടന്നു വരുന്നു എന്നുമാത്രം. സ്വകാര്യതയും സ്ത്രീജീവിതവും പ്രമേയമായി വരുന്ന ചിത്രം സുധയുടെ ജീവിതത്തിലൂടെയാണ് മുന്നേറുന്നത്. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രതികരണം ഈ ചിത്രത്തിന് ലഭിച്ചു. ഓരോരുത്തരും ഓരോ ടൈപ്പ് കഥാപാത്രങ്ങളാണ്. അതുപോലെയാണ് സ്വകാര്യതയും. ഓരോ വ്യക്തിയ്ക്കും അവരുടെതായ സ്വകാര്യതയുണ്ട്. ആ സ്വകാര്യതയെ അവളുടെ അഹങ്കാരമായി കാണുന്ന ഒരു വ്യക്തിയാണ് ഇതിലെ നായകന്‍.

സ്ത്രീയ്ക്ക് അവളുടെ സ്വകാര്യത ഇപ്പോഴും നഷ്ടമാകുന്നു; ആണധികാരം സ്ത്രീയെ ഇപ്പോഴും അടക്കി ഭരിയ്ക്കാന്‍ ശ്രമിക്കുന്നു. പുരുഷാധിപത്യത്തിന്റെ പ്രതീകമല്ലേ ദീപക്.

അങ്ങനെ എല്ലാ പുരുഷന്മാരെയും ജനറലൈസ് ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ നമുക്ക് ചുറ്റും അത്തരം വ്യക്തികള്‍ നിരവധിയുണ്ട്. സ്വകാര്യതയ്ക്ക് വേണ്ടി സ്ട്രഗിള്‍ ചെയ്യുന്ന ഒരാളാണ് ഇതിലെ നായികാ സുധ. എന്നാല്‍ ചന്ദ്രന്‍ ആ സ്വകാര്യതയെ മറികടന്നു അവളുടേതായ ഇടത്തെ നഷ്ടപ്പെടുത്തുന്നു. വളരെ അന്തര്‍മുഖനായ ഒരു വ്യക്തിയാണ് ചന്ദ്രന്‍. അവള്‍ക്ക് പ്രൈവസിയുടെ ആവശ്യമുണ്ടെന്നു അയാള്‍ ചിന്തിക്കുന്നില്ല. അത്തരം ഒരു മാനസിക സഞ്ചാരത്തിലൂടെ നടക്കുന്ന ചന്ദ്രനെ അവതരിപ്പിച്ചത് ദീപക്കാണ്. വിവാഹവും അതിലൂടെ മാറിവരുന്ന ജീവിതവും വളരെ ചെറിയ ക്യാന്‍വാസില്‍ അവതരിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. വൈവാഹിക ബന്ധങ്ങളിലും റേപ് നടക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ സമൂഹത്തില്‍ ഇല്ലായെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണ്. കണ്ണടച്ച് ഇരുട്ടക്കിയാലും സത്യം അതല്ല. എനാല്‍ വളരെക്കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുന്നുള്ളൂ എന്ന് മാത്രം.

കാലാകാലങ്ങളിലായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു വിഷയം. അതുകൊണ്ടും പിന്നെ സ്ത്രീ കേന്ദ്രിതമായ ഇത്തരം വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കപ്പെടുന്നതും കൊണ്ട് ചിത്രം ശ്രദ്ധിക്കപ്പെടുന്നു.

അവാര്‍ഡ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച പ്രേക്ഷക പ്രീതി ലഭിക്കുന്നുണ്ടോ? തിയറ്റര്‍കാരുടെ ചില നിലപാടുകള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയല്ലേ?

തിയറ്ററുകാരെ മാത്രമായി കുറ്റം പറയാന്‍ കഴിയില്ല. ഈ ചിത്രം പ്ലാന്‍ ചെയ്ത സമയം മുതല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് നിര്‍മ്മാതാവിനെ തേടിയുള്ള അലച്ചില്‍. കൃത്യമായ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷ പറയാന്‍ കഴിയാത്ത ഇത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍മ്മാതാക്കള്‍ പോലും മടിക്കുന്നു. പിന്നെ മറ്റൊന്ന് സിനിമയുടെ മാര്‍ക്കറ്റിംഗ്. ഒരു മലയാള ചിത്രത്തിന് നല്ല രീതിയില്‍ മാര്‍ക്കറ്റിംഗ് നടത്താന്‍ അമ്പതു ലക്ഷം വരെ ചിലവാക്കുന്നുണ്ട്. എന്നാല്‍ ഇരുപത് ലക്ഷത്തില്‍ പൂര്‍ത്തിയാക്കുന്ന ഒരു ചിത്രം എങ്ങനെയാണ് അതിന്റെ ഇരട്ടിയില്‍ അധികം പണം കൊടുത്ത് മാര്‍ക്കറ്റിംഗ് നടത്തുന്നത്. കൂടാതെ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓഡിയന്‍സില്‍ നിന്നും ഇപ്പോഴുള്ളവര്‍ വളരെ മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ മികച്ച മാര്‍ക്കറ്റിംഗ് പ്ലയിസ് ആയി നില്‍ക്കുന്നുമുണ്ട്. പിന്നെ എല്ലാവരും ലാഭത്തിലേയ്ക്കാണ് നോക്കുന്നത്.

എന്റെ ഈ ചിത്രത്തില്‍ കൂടുതല്‍ പേരും പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്. നിര്‍മ്മതാക്കളോടും ഞങ്ങള്‍ പറഞ്ഞത് ലാഭം മുന്നില്‍കണ്ട് പൈസ മുടക്കരുത് എന്ന് മാത്രമാണ്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ സുധയെ അവതരിപ്പിച്ചത് വിനീത കോശിയാണ്. പ്രത്യേക ജൂറി പരാമര്‍ശവും വിനീതയ്ക്ക് ലഭിച്ചു. വിനീതയെ തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം?

വിനീത തന്റെ മ്യൂസിക് ആല്‍ബത്തിലെ നായികയായിരുന്നു. ഈ ചിത്രത്തിലേയ്ക്ക് ആദ്യം തീരുമാനിച്ചത് വിനീതയെ ആയിരുന്നില്ല. സുധയെന്ന കഥാപാത്രത്തിനു അനുയോജ്യയായ ഒരാളെ കണ്ടെത്താന്‍ ഓഡിഷന്‍ നടത്തിയിരുന്നു. ചിലരെ ഇഷ്ടപ്പെട്ടു. എന്നാല്‍ ചെറിയ ബജെറ്റില്‍ അതൊന്നും ശരിയായില്ല. പിന്നീട് ചിത്രത്തിലെ ഒരു സ്വീന്‍ വിനീതയെകൊണ്ട് ചെയ്യിപ്പിച്ചു നോക്കി. അങ്ങനെ അപ്രതീക്ഷിതമായി വിനീത സുധയായി.

ഐടി ജോലി ഉപേക്ഷിച്ചു സിനിമയിലേയ്ക്ക് എത്തുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ?

ക്യാപസ് പ്ലേസ്മെന്റിലൂടെ മൈസൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ സിനിമയെന്ന ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നു. അത് ശക്തി പ്രാപിച്ചത് 2011കാലത്താണ്. അക്കാലത്ത് ഒരു ഷോര്‍ട്ട് ഫിലിം എടുത്തു. അത് മികച്ച പ്രതികരണം നേടിയിരുന്നു. പിന്നീട് ഒരു മ്യൂസിക് വീഡിയോ ചെയ്തു. അങ്ങനെ സിനിമ മേഖലയുമായി അടുത്ത ശേഷമാണ് സിനിമ എന്ന ലക്‌ഷ്യം സഫലമാകുന്നത്. എന്ത് ചെയ്താലും ആത്മാര്‍ത്ഥയോടെ ചെയ്യണമെന്നു മാത്രമാണ് അച്ഛനും അമ്മയും പറയുന്നത്. പിന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ താങ്ങായി ഒരാള്‍ ഉണ്ടാകും. പൂര്‍ണ്ണ പിന്തുണയുമായി അങ്ങനെ എനിക്ക് ഒപ്പം നില്‍ക്കുന്ന ഒരാളാണ് എന്റെ ഭാര്യ നിത്യ. തന്റെ സിനിമ ജീവിതത്തിനിടയില്‍ അയാള്‍ക്ക് ജോലിയുള്ളത് കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നുവെന്ന് പറയേണ്ടി വരും.

അഭിമുഖം :  രശ്മി അനില്‍ 

Tags

Post Your Comments


Back to top button
Close
Close