‘മുട്ടയുടെ വെള്ള തേച്ച്‌ മുടി പിറകിലോട്ട് ചീകി, ലാലിന്റെ ഷര്‍ട്ട് ഊരിവാങ്ങി, വര്‍ക്ക് ഷോപ്പില്‍ നിന്ന് ചങ്ങലവാങ്ങി അരയില്‍ കെട്ടി’; വിജയരാഘവന്‍

മലയാളികളുടെ പ്രിയ താരമാണ് വിജയരാഘവന്‍. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി മനസ്സില്‍ നിന്നും മാഞ്ഞു പോകാത്ത ഒരു കഥാപാത്രമാണ് റാംജി റാവ്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ കഥാപാത്രം. പിന്നോട്ടു ചീകി വെച്ചിരിക്കുന്ന മുടി, താഴോട്ട് ഇറക്കി വെട്ടിയ മീശയും കൃതാവും, നീളന്‍ ഷര്‍ട്ടിന് മുകളിലൂടെ അരയില്‍ കെട്ടിയിരിക്കുന്ന ചങ്ങലയും കൊണ്ട് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഈ കഥാപാത്രം പിന്നീടിറങ്ങിയ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ പുതിയ ചിത്രം മാസ്‌കിലും റാജി റാവായി വിജയരാഘവന്‍ എത്തുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഈ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ വിജയരാഘവന്‍.

ലൊക്കേഷനില്‍ നിന്ന് കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച്‌ തന്നെയായിരുന്നു രൂപമാറ്റം. ‘ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകിലോട്ട് ചീകിവെച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിനോട് സമാനമായ ഷര്‍ട്ടും പാന്റുമാണ് കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോള്‍ അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍ നിന്ന് ഷര്‍ട്ട് ഊരിവാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ടായിരുന്ന അത്. റാജിറാവ് ധരിച്ച കീറലുകളുള്ള ജീന്‍സ് പാന്റ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ നിന്ന് ചങ്ങലവാങ്ങി അരയില്‍ കെട്ടി’ വിജയരാഘവന്‍ പറഞ്ഞു.

കടപ്പാട്: മാതൃഭൂമി

SHARE