CinemaGeneralMollywoodNEWS

വീശിയകന്ന കാറ്റ് ഏതുനേരവും തിരിച്ചുവരാം : വൈറസിനെക്കുറിച്ചുള്ള വ്യത്യസ്ത കുറിപ്പുമായി രഘുനാഥ് പലേരി

ഇതിൻറെ സിനിമ ഭാഷയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു പോലുമില്ല

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ എന്ന രോഗത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് വേറിട്ട സിനിമാനുഭവമാകുമ്പോള്‍ പ്രമുഖരെല്ലാം ചിത്രം മികച്ചതെന്ന നിരൂപണവുമായി രംഗത്തെത്തിയിരിക്കുയാണ്, പ്രമുഖ തിരക്കഥാകൃത്തായ രഘുനാഥ് പലേരി വൈറസ് എന്ന ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച നിരൂപണം ഏറെ ശ്രദ്ധേയമാണ്,

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

വൈറസ് കണ്ടു.
ഒരു ദുരന്തം മറികടക്കാൻ സ്വന്തം ജീവിതം മറന്നു പൊരുതി നിന്ന ഒരു കൂട്ടം മനുഷ്യരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശ്രീ ആഷിക് അബു സൃഷ്ടിച്ച സിനിമ. ഒരു മഴ പെയ്തു തോരുന്ന സമയ ദൂരം മാത്രമേ നമ്മളിൽ നിന്നും ആ ചരിത്രത്തിലേക്ക് ഉള്ളൂ. ഈ സിനിമ ഒരു കാലഘട്ടത്തിന്റെ കഥയൊന്നുമല്ല. ഇത്തിരി ദിവസങ്ങൾക്കു മുമ്പ് മഹാദുരന്തമായി മാറിയേക്കാവുന്ന ഒരു ഭീതി സൃഷ്ടിച്ച ആഘാതത്തിൽ നിന്നും നമ്മെ രക്ഷിച്ചെടുത്ത ഒരുകൂട്ടം മനുഷ്യരുടെയും, ആ കയത്തിൽ പെട്ടുപോയ നമ്മളിൽ തന്നെ ചിലരുടെയും നേർകാഴ്ച്ചയാണ്‌. സമയ ബോധത്തോടെ ചിന്തിച്ച ആ നല്ലവർക്കും വിനാശത്തിൽ മാഞ്ഞു പോയവർക്കും ഉള്ള സ്മാരകമായി ഞാൻ ഈ ചിത്രത്തെ കാണുന്നു.

ഇതിൻറെ സിനിമ ഭാഷയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു പോലുമില്ല. ഇതിൻറെ മെയ്ക്കിംഗ് എന്നെ കസേരയിൽ അമർത്തി ഇരുത്തിയെങ്കിലും അതൊന്നും എൻറെ ശ്രദ്ധയിൽപ്പെടുന്നില്ല. മനസ്സും ചിന്തകളും, ഇടയ്ക്കെല്ലാം ഈറനായ കാഴ്ചകളും, ആ ദിവസങ്ങളുടെ പിറകെ മാത്രമായിരുന്നു. ചെറിയൊരു സമയ ഖണ്ഡത്തിൽ ഇടംവലം ഓടിനടന്ന് ആ ദുരന്താഗ്നിയെ മനസ്സും ശരീരവും പൊള്ളിച്ച് മായ്ച്ചുകളഞ്ഞവർക്ക് ഒപ്പമായിരുന്നു.

വീശിയകന്ന കാറ്റ് ഏതുനേരവും തിരിച്ചുവരാം.
തിരിച്ചു വന്നിട്ടുമുണ്ട്.
ഈ സിനിമ അതും പറയുന്നു.
പ്രിയ സംവിധായകാ.. നന്ദി

shortlink

Related Articles

Post Your Comments


Back to top button