നടന്റെ വീടിനു മുന്നില്‍ ആരാധകന്റെ ആത്മഹത്യ; മാതാപിതാക്കളോട് ക്ഷമ ചോദിച്ച് താരം

നടന്റെ വീടിനു മുന്നില്‍ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത ആരാധകന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് ‘ കെ.ജി.എഫ്’ താരം യഷ്. ലഗ്ഗെരെ സ്വദേശിയായ രവി രഘുറാം എന്ന യുവാവ് യഷിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേരാനും സെല്‍ഫിയെടുക്കാനും വീടിനു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ താരം സ്ഥലത്തില്ലെന്നറിഞ്ഞ രവി സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി. 70 ശതമാനം പൊള്ളലേറ്റ രവി ഇന്നലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ യഷ് മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഷ് രംഗത്ത്.

‘‘രവി കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനത്തില്‍ എന്നോടൊപ്പം സെല്‍ഫിയെടുത്തയാളാണ്. ഖേദത്തോടെ പറയട്ടെ, ഇത് ആരാധനയല്ല. അദ്ദേഹം ഒരു ആരാധകനാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പരിധിവിട്ട ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു. മുമ്പ് പല ആരാധകരും ഇത്തരത്തില്‍ ഗുരുതരമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. എനിക്ക് രക്തം കൊണ്ട് കത്ത് എഴുതിയവരോടും കൈത്തണ്ട മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരോടും എപ്പോഴും പറഞ്ഞിട്ടുള്ളത് ഉത്തരവാദിത്തമുള്ള വ്യക്തിയാകാനാണ്. സ്വന്തം കുടുംബത്തെ നോക്കിയും നല്ല മനുഷ്യനായും എന്നോടുള്ള ആരാധന പ്രകടിപ്പിച്ചാല്‍ മതിയെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ രവി എന്നോട് ഹാപ്പി ബര്‍ത് ഡേ പറഞ്ഞു. ഇത് വല്ലാതെ വിഷമിപ്പിക്കുന്ന സംഗതിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളോട് ക്ഷമ യാചിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ’’. യഷ് പറയുന്നു.

SHARE