KeralaLatest NewsNews

എക്‌സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയിൽ എക്സൈസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. എക്സൈസ് കമ്മീഷണറുടെ ഓഫീസ് നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: എക്‌സ്‌പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

‘വകുപ്പിലെ ഉദ്യോഗസ്ഥർ ലൈസൻസികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട സർവ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും സംഘടനകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും ലൈസൻസികളിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന്’ അദ്ദേഹം നിർദ്ദേശിച്ചു.

‘എക്സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന ഡയറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലൈസൻസികളിൽ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ഉദ്ധരിച്ചുകൊണ്ട് സർക്കാർ ജീവനക്കാരെന്ന നിലയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനിൽക്കരുതെന്ന് ഉത്തരവിലൂടെ ഓർമിപ്പിക്കുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടികൾ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലൂടെ എക്സൈസ് വകുപ്പിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും’ അദ്ദേഹം അറിയിച്ചു.

‘ബാർ അസോസിയേഷനുകളുടെയും മറ്റും ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥരും അവരുടെ സംഘടനകളും സംഭാവനകൾ കൈപ്പറ്റുമ്പോൾ ബാർ ഉടമകളുടെ വീഴ്ചകളിൽ കണ്ണടച്ചുകൊടുക്കാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയാണ് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നത്. ലൈസൻസികളോട് മൃദു സമീപനവും വിധേയത്വ, പ്രത്യുപകാര മനോഭാവങ്ങളും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന കർശനമായ നിർദേശം പാലിക്കപ്പെടുമ്പോൾ എക്സൈസ് വകുപ്പ് കൂടുതൽ സംശുദ്ധമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സെപ്തംബർ രണ്ടാംവാരം എക്സൈസ് കമ്മീഷണറേറ്റിൽ വെച്ച് വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ സംസാരിച്ചിരുന്നുവെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭാരത് ബന്ദ്: പ്രതിഷേധ റാലിക്ക് പങ്കെടുക്കാനെത്തിയ സമരക്കാരുടെ വാഹനം കയറി പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button