Latest NewsIndia

ഒറ്റ ദിവസം 5 പേരുടെ രാജിയിൽ ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്‍, പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

കോണ്‍ഗ്രസിലെ പ്രത്യേക സാഹചര്യത്തില്‍ കെജ്രിവാളിന്റെ സന്ദര്‍ശനത്തിനിടെ പുതിയ രാഷ്ട്രീയ നീക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛണ്ഡീഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റിയതിലൂടെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു ഹൈക്കമാന്റ്. ഇന്ന് ഉച്ചയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു രാജി പ്രഖ്യാപിച്ച്‌ സോണിയ ഗാന്ധിക്ക് കത്തയച്ചത്. പഞ്ചാബിന്റെ ക്ഷേമത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. അടുത്തിടെ രൂപീകരിച്ച മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ സിദ്ദു അതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദു രാജിവച്ചതിന് പിന്നാലെ നാല് കേണ്‍ഗ്രസ് നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. എല്ലാവരും സിദ്ദുവുമായി അടുപ്പമുള്ളവരാണ്. ഇവരുടെ അടുത്ത നീക്കം എന്താണ് എന്ന് അറിയില്ല. കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജിവച്ചത് എന്നുമാണ് ഒരു റിപ്പോര്‍ട്ട്. അതേസമയം, എഎപിയിലോ ബിജെപിയിലോ ചേരാനുള്ള സാധ്യതയും തള്ളാനാകില്ല എന്നും റിപ്പോര്‍ട്ടുണ്ട്.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പര്‍ഗത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി യോഗീന്ദര്‍ ധിന്‍ഗ്ര എന്നിവരും രാജി പ്രഖ്യാപിച്ചു.

സിദ്ദുവിന് ശേഷം നാല് നേതാക്കള്‍ കൂടി രാജി പ്രഖ്യാപിച്ചതോടെ ആസൂത്രിതമായ നീക്കമാണോ ഇത് എന്ന സംശയം ജനിച്ചിട്ടുണ്ട്. സിദ്ദുവിന് പിന്നില്‍ ആര്‍എസ്‌എസ് ആണോ എന്നാണ് കോണ്‍ഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടു ചോദിച്ചത്.മുഖ്യമന്ത്രിയായി ദളിത് നേതാവിനെ നിയോഗിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന് എന്ന് എഎപി ആരോപിച്ചു. അതിനിടെ പഞ്ചാബിലെ പ്രത്യേക സാഹചര്യത്തില്‍ യുപിയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പ്രിയങ്ക ഗാന്ധി മാറ്റിവച്ചു. അവര്‍ പഞ്ചാബ് നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടുകയാണ്.

എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച പഞ്ചാബിലെത്തും. കോണ്‍ഗ്രസിലെ പ്രത്യേക സാഹചര്യത്തില്‍ കെജ്രിവാളിന്റെ സന്ദര്‍ശനത്തിനിടെ പുതിയ രാഷ്ട്രീയ നീക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എ, ബിഹാറിലെ സിപിഐ നേതാവ് കനയ്യ കുമാര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദിവസമാണ് പഞ്ചാബിലെ പൊട്ടിത്തെറി എന്നതാണ് മറ്റൊരു കാര്യം.

ജൂലൈയില്‍ പിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദു രണ്ട് മാസം പിന്നിടുമ്പോള്‍ രാജിവച്ചിരിക്കുന്നു. തൊട്ടുപിന്നാലെ 4 പേര്‍ കൂടി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചു. അതിനിടെ അമരീന്ദര്‍ സിങ് ഡല്‍ഹിയില്‍ എത്തി. സിദ്ദുവിനെ വിശ്വസിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമരീന്ദര്‍ സിങിനെ മാറ്റിയ ശേഷം പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാന്റ് നിയോഗിച്ചത് ചരഞ്ജിത് സിങ് ചന്നിയെ ആണ്. സിദ്ദുവുമായി അടുപ്പമുള്ള ദളിത് നേതാവാണ് ഇദ്ദേഹം. എന്നാല്‍ ചില വകുപ്പുകള്‍ സിദ്ദുവിന്റെ എതിര്‍ചേരിയിലുള്ളവര്‍ക്ക് നല്‍കിയതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നുവത്രെ.

എസ്‌എസ് രണ്ഡാവയെയും മറ്റുചിലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തയാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചത്.ഇക്കാര്യം ഞാന്‍ നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചതാണ് എന്നായിരുന്നു സിദ്ദുവിന്റെ രാജിയില്‍ അമരീന്ദറിന്റെ പ്രതികരണം. അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനാണ് അമരീന്ദര്‍ വരുന്നത് എന്നായിരുന്നു പ്രചാരണം.

എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ നേതാവിനെയും കാണുന്നില്ല എന്നാണ് ഡല്‍ഹിയിലെത്തിയ ശേഷം അമരീന്ദര്‍ പറഞ്ഞത്.സിദ്ദു സ്ഥിരതയില്ലാത്ത വ്യക്തിയാണ് എന്ന് അമരീന്ദര്‍ പറയുന്നു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് യോജിച്ച വ്യക്തിയല്ല അദ്ദേഹം എന്ന് ഹൈക്കമാന്റിനെ ഞാന്‍ അറിയിച്ചിരുന്നു എന്നാണ് അമരീന്ദര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം ഡല്‍ഹിയില്‍ എന്തിന് വന്നു എന്ന കാര്യത്തില്‍ അവ്യക്തിത നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെയും മറ്റു ചിലരെയും അമരീന്ദര്‍ കണ്ടേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button