ThiruvananthapuramLatest NewsKeralaNattuvarthaNews

ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും, അത്‌ കാത്തിരുന്നു കാണാം: മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് ആർജെ സൂരജ്

തിരുവനന്തപുരം: പിണറായി സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ആർജെ സൂരജ്. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റുമെന്നും സൂരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല എന്ന ആമുഖത്തോടെയാണ് സൂരജ് മന്ത്രി മുഹമ്മദ് റിയാസുമൊത്തുള്ള അനുഭവം പങ്കുവെച്ചത്.

ആർജെ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല..!
സ്ഥലം കോഴിക്കോട്‌.. ഈസ്റ്റ്‌ ഹില്ലിലുള്ള PWD ഗസ്റ്റ്‌ ഹൗസ്‌.. സമയം വൈകിട്ട്‌ 5.30.. ഞാനും അക്ഷയയും കാറിനുള്ളിൽ ബഹുമാന്യനായ പൊതുമരാമത്ത്‌ & ടൂറിസം മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിനെ കാത്തിരിക്കുന്നു..!

ഒരു ഫ്ലാഷ്‌ ബാക്ക്‌ : കേരളത്തിലെ സൂപ്പർ മന്ത്രിയെന്ന ലെവലിലേക്ക്‌ വളരുന്ന പ്രിയപ്പെട്ട ശ്രീ റിയാസിന്റെ നമ്പർ എനിക്ക്‌ തരുന്നത്‌ ഖത്തറിലെ എന്റെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരൻ ചങ്ങാതി മറ്റൊരു റിയാസാണ്‌..! വാട്സാപ്പിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ മെസേജ്‌ അയക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.. പക്ഷേ ആ നമ്പർ അദ്ദേഹത്തിന്റെ PA ആയിരുന്നു കൈകാര്യം ചെയ്തത്‌.. ആ നല്ല മനുഷ്യൻ മറുപടികൾ തരികയും മറ്റു ചില പേർസ്സണൽ അസിസ്റ്റന്റുകളെ പരിചയപ്പെടുത്തുകയും ചെയ്തു.. അങ്ങനെ നാട്ടിലേക്ക്‌ വെക്കേഷൻ വരുന്ന കാര്യം ഞാൻ ചുമ്മാ അവർക്കൊരു മെസേജ്‌ അയച്ചു.. അവർ പറഞ്ഞു എങ്കിൽ മിനിസ്റ്ററെ ഒന്ന് മീറ്റ്‌ ചെയ്തോളു എന്ന്..!!

ഏയ്‌ അങ്ങനെ ചുമ്മാ ഒരു മന്ത്രിയെ ഒക്കെ കാണാൻ പറ്റ്വോ..! അതും ഇത്രയും സൂപ്പർ ഷൈനിംഗ്‌ മന്ത്രിയെ..!
പക്ഷേ കഴിഞ്ഞ ദിവസം എനിക്ക്‌ കോൾ വന്നു..! ഒൻപതാം തീയതി മന്ത്രി കോഴിക്കോടുണ്ട്‌ ഉച്ചക്‌ 12.30 ന്‌ നിങ്ങളെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌..!

ഒരു പ്രത്യേകതരം സന്തോഷം.. ആദ്യമായാണ്‌ ഞാൻ ഒരു മന്ത്രിയെ നേരിൽ കാണാൻ പോകുന്നത്‌..! മാത്രമല്ല ശ്രീ മുഹമ്മദ്‌ റിയാസിന്റെ മാതൃകാപരമായ ഭരണ പാടവവും ഊർജ്ജസ്വലതയും വീഡിയോകളിലും ചാനലുകളിലും ചർച്ചയാകുന്നതും ശ്രദ്ധിക്കാറുണ്ട്‌.. എതിർ പാർട്ടിക്കാരാണെങ്കിൽ പോലും വിവേകമുള്ള മനുഷ്യർ അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതും അദ്ദേഹത്തോട്‌ മനസിൽ ഒരു ബഹുമാനം വർദ്ധിപ്പിച്ചിരുന്നു..

അങ്ങനെ ഉച്ചക്ക്‌ 12.30 ന്‌ കോഴിക്കോട്‌ കളക്ട്രേറ്റിൽ എത്തേണ്ടിയിരുന്ന ഞാൻ എല്ലായിടത്തെയും പോലെ ലേറ്റായി ഒടുവിൽ 1.10 നാണ്‌ സ്ഥലത്തെത്തിയത്‌..! മന്ത്രി 12.50 വരെ സ്ഥലത്തുണ്ടായിരുന്നത്രേ..! വരുന്നതിനിടയിൽ ഓരോ അരമണിക്കൂറിലും അദ്ദേഹത്തിന്റെ PA എവിടെത്തിയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.. ഇപ്പം എത്തും എത്തും എന്ന് പറഞ്ഞ്‌ ലാസ്റ്റ്‌ ആകെ നാണക്കേടായി.. കോഴിക്കോട്‌ എത്തിയപ്പൊ പ്രതീക്ഷയൊട്ടുമില്ലാതെ ‌ എന്നെ പരിചയപ്പെടുത്തിയ PA ചേട്ടനെ വിളിച്ചു.. വീണ്ടും അദ്ദേഹം മിനിസ്റ്ററോട്‌ ചോദിച്ച്‌ പുതിയ സ്ഥലവും സമയവും തന്നു.. ഫറൂക്കിനടുത്ത്‌ മന്ത്രിയുടെ MLA ഓഫീസ്‌.. സമയം 2 മണി.. അതും ഞാൻ ഓടിയെത്താൻ ലേറ്റാകുമെന്ന് തോന്നിയിട്ടാവണം അദ്ദേഹം വീണ്ടും സമയം ചോദിച്ച്‌ വൈകിട്ട്‌ 5 മണിക്ക്‌ ഗസ്റ്റ്‌ ഹൗസിൽ കുറച്ചു കൂടി റിലാക്സായി മന്ത്രിയെ കാണാമെന്ന് പറഞ്ഞു..!

5 മണി പറഞ്ഞിട്ട്‌ 5.30 കഴിഞ്ഞിട്ടും ആളെ കാണുന്നില്ല… ഈ മന്ത്രിമാർക്ക്‌ കൃത്യനിഷ്ഠ എന്നൊന്ന് ഇല്ലെന്ന് പണ്ടേ കേട്ടത്‌ ശെരി തന്നെയാണോ‌..? 5.40 ആയപ്പൊ ഞാൻ പിന്നേം PA ചേട്ടനെ വിളിച്ചു.. “ചേട്ടാ എവിടെത്തി..? ഞങ്ങൾ ഇവിടെ ഗസ്റ്റ്‌ ഹൗസിൽ വെയിറ്റ്‌ ചെയ്യുന്നുണ്ട്‌” “എന്നിട്ട്‌ നിങ്ങൾ എവിടേ.. മിനിസ്റ്റർ ഗസ്റ്റ്‌ ഹൗസിൽ 5 മുതൽ തന്നെ ഉണ്ടല്ലോ..!”

പിന്നീട്‌ പറഞ്ഞ്‌ വന്നപ്പൊളാണ്‌ അമളി മനസിലായത്‌ ഞങ്ങൾക്ക്‌ ഗസ്റ്റ്‌ ഹൗസ്‌ മാറിപ്പോയി..! PWD ഗസ്റ്റ്‌ ഹൗസിന്റെ മേലെ ഒരു ഗവൺമന്റ്‌ ഗസ്റ്റ്‌ ഹൗസ്‌ കൂടി ഉണ്ട്‌ പോലും..!! അപ്പൊ തന്നെ അങ്ങോട്ടോടി.. മിനിസ്റ്റർ വീണ്ടും മീറ്റിംഗിൽ കയറിയിരിക്കുന്നു.. തുറമുഖം പുരാരേഖാ വകുപ്പ്‌ മന്ത്രി ശ്രീ അഹമ്മദ്‌ ദേവർ കോവിൽ ഒക്കെ അവിടെ ഉണ്ടായിരുന്നു.. കുറച്ച്‌ നേരം കഴിഞ്ഞപ്പൊ PA ഉള്ളിലേക്ക്‌ വിളിച്ചു..! ആദ്യമായി ഒരു മിനിസ്റ്ററുടെ അടുത്തേക്ക്‌…!!

അത്രമേൽ സൗമ്യനായ മനുഷ്യൻ… മറ്റൊരാളെ കേൾക്കാൻ മനസുണ്ടാവുകയെന്നത്‌ വലിയൊരു ക്വാളിറ്റിയാണ്‌.. അത്‌ ആവോളം ഉള്ള വ്യക്തിത്വം.. ഞങ്ങളെ പരിചയപ്പെടുത്തി.. പിന്നീട്‌ അദ്ദേഹം വ്ലോഗിംഗിനെ പറ്റി.. ഫേസ്ബുക്കിനെ പറ്റി.. ഇൻസ്റ്റയെ പറ്റി.. ടൂറിസം ഐഡിയകളെ പറ്റി.. ഗൾഫിലെ മലയാളികളെ പറ്റി.. അവരുടെ താൽപര്യങ്ങളെ പറ്റി.. അങ്ങനെ അരമണിക്കൂറിലേറെ ആദ്യമായി കാണുന്ന എന്നോടും അക്ഷയയോടും സുദീർഘമായി സംസാരിച്ചു.. ഇടയിൽ വരുന്ന ചില പോയന്റുകൾ സ്റ്റാഫുകളോട്‌ നോട്ട്‌ ചെയ്യാൻ പറഞ്ഞു..

മിനിസ്റ്ററുടെ സോഷ്യൽ മീഡിയ ഹാന്റിൽ ചെയ്യുന്ന വ്യക്തിയെ പരിചയപ്പെടുത്തി..! മിനിസ്റ്ററുടെ സെൽഫ്‌ ബൂസ്റ്റിംഗ്‌ വരാത്ത രീതിയിൽ സോഷ്യൽ മീഡിയയെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യം ആ മനുഷ്യന്റെ ക്വാളിറ്റി എന്റെ മനസിൽ വാനോളം ഉയർത്തി.. ഒടുവിൽ, ഞങ്ങൾ എപ്പൊ തിരികെ പോകും എന്ന് അന്വേഷിച്ചു.. 24 നു പോകും എന്ന് പറഞ്ഞപ്പോൾ അതിനു മുന്നേ ഒരു ദിവസം തിരുവനന്തപുരത്ത്‌ വച്ച്‌ കാണണം എന്ന് അദ്ദേഹം പറഞ്ഞു..!! എന്തൊക്കെയാണ്‌ സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു..!

പറഞ്ഞതിലും കൂടുതൽ സമയം കടന്നു പോകുന്നത്‌ കണ്ടപ്പോൾ പിഎ ചേട്ടൻ വീണ്ടും ഇടപെട്ടു.. ചില വകുപ്പ്‌ ഡയറക്റ്റർമ്മാരും ഉദ്യോഗസ്ഥരും അരമണിക്കൂറായി കാത്തിരിക്കുന്നത്രേ..! അവർക്കു മുന്നിൽ ഒന്നുമല്ലാത്ത എനിക്ക്‌ വേണ്ടി ഇത്രയും സമയം അദ്ദേഹം ചിലവഴിച്ചതിന്റെ അതിശയം ഞങ്ങൾക്ക്‌ ഇനിയും മാറിയിട്ടില്ല..!

ഏതായാലും ആ മീറ്റിംഗ്‌ കഴിഞ്ഞപ്പോൾ ഒന്നുറപ്പായിരുന്നു.. ഈ സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും ഈ മനുഷ്യനായിരിക്കും.. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഡ്ഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും.. അത്‌ കാത്തിരുന്നു കാണാം.. മന്ത്രി റിയാസിന്‌ സ്നേഹം നിറഞ്ഞ ആശംസകൾ..
അഭിവാദ്യങ്ങളോടെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button