KeralaLatest NewsNews

ചർച്ചയിൽ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അവയിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു

24 ന്യൂസിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി അഡ്വ. ശങ്കു ടി. ദാസ്

കൊച്ചി : പുരാവസ്തുവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൺസൻ മാവുങ്കലിന്റെ കയ്യിൽ ഉള്ള ഒരു രേഖ ഉപയോഗിച്ച് ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പങ്കുവച്ച മാധ്യമ പ്രവർത്തകനും ചാനലിനും എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. .24 ന്യൂസിന്റെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ന്‍ പ്രകാരം നാല് ദിവസം കൊണ്ട് ഇരുപത്തിയൊന്നായിരത്തോളം പരാതികളാണ് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിച്ചത്. ആദ്യമായാണ് ഇത്രയധികം പരാതികള്‍ ഒരു ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ അപകീർത്തി പെടുത്തി എന്ന് കാട്ടി 24 ന്യൂസ് അയച്ച വക്കീൽ നോട്ടീസിന് ഉള്ള മറുപടിയും തിരിച്ചുള്ള വക്കീൽ നോട്ടീസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ശങ്കു ടി ദാസ്.

പോസ്റ്റ് പൂർണ്ണ രൂപം

To,
Adv. C. Unnikrishnan
104, Purva Grand Bay,
Marine Drive Extension,
Cochin – 18
Date: 14/October/2021
വിഷയം: 11/10/2021ന് ഇമെയിൽ ആയി താങ്കൾ എനിക്കയച്ച വക്കീൽ നോട്ടീസിനുള്ള മറുപടി.

READ ALSO: അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

സർ,

താഴെ പ്രത്യക്ഷത്തിൽ സമ്മതിക്കുന്ന സംഗതികൾ ഒഴികെ താങ്കൾ അയച്ച നോട്ടീസിലെ മുഴുവൻ പ്രസ്താവനകളെയും ഞാൻ നിഷേധിക്കുകയും അടിസ്ഥാന രഹിതവും ഉത്തമ വിശ്വാസമില്ലാത്തതും നിലനിൽക്കാത്തതുമെന്ന് കണ്ട് അവയെ അപ്പാടെ തള്ളികളയുകയും ചെയ്യുന്നു.

1. നോട്ടീസിന്റെ ആമുഖത്തിൽ “TWNETY FOUR” എന്ന വാർത്താ ചാനലിന് വേണ്ടിയാണ് താങ്കൾ പ്രസ്തുത നോട്ടീസ് അയക്കുന്നത് എന്ന് പ്രസ്താവിച്ചിട്ടുള്ളത് അവ്യക്തവും സംശയകരവുമാണ്. എന്റെ അറിവിലോ അന്വേഷണത്തിലോ അങ്ങനെയൊരു ചാനൽ മലയാളത്തിൽ പ്രവർത്തിക്കുന്നതായി കാണാനായിട്ടില്ല. എങ്കിലും നോട്ടീസിലെ ശേഷമുള്ള പ്രസ്താവനകൾ കൊണ്ടും ആർ. ശ്രീകണ്ഠൻ നായർ എന്ന ചീഫ് എഡിറ്ററുടെ പേര് കൊണ്ടും സർവ്വോപരി നോട്ടീസിലുടനീളമുള്ള വ്യാജ വാർത്തയെ സംബന്ധിക്കുന്ന പ്രസ്താവനകൾ കൊണ്ടും “TWENTY FOUR” എന്ന മലയാളം ന്യൂസ് ചാനലിനെ ആവണം താങ്കൾ പ്രതിനിധീകരിക്കുന്നത് എന്ന് ഊഹിക്കുന്നു. ആ നിലയിലാണ് ഈ മറുപടി അയക്കുന്നതും.

2. ‘താങ്കളുടെ കക്ഷി വളരെയേറെ യശസ്സുള്ള ഒരു മാധ്യമ സ്ഥാപനമാണെന്നും, മലയാള മാധ്യമങ്ങൾക്കിടയിൽ വലിയ സൽപ്പേരും പൊതുസമൂഹത്തിന്റെ വലിയ മതിപ്പും മൂന്ന് വർഷം കൊണ്ട് അവർ സമ്പാദിച്ചിട്ടുണ്ടെന്നും, പ്രദേശികമായും ദേശീയ തലത്തിലും ചാനലിന് വലിയ കീർത്തി ഉണ്ടെന്നും” മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകൾ താങ്കൾ തന്നെ തെളിയിക്കേണ്ടതാണ്. പ്രസ്തുത ചാനലിന് എതിരെ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നിരന്തരമായി പ്രത്യക്ഷപ്പെടുന്ന വിമർശനങ്ങളും പരിഹാസങ്ങളും പൊതു സമൂഹത്തിൽ ഉയർന്നിട്ടുള്ള ജനരോഷവും നേരിട്ട് കാണുന്ന ഒരാൾ എന്ന നിലയിൽ നേരെ മറിച്ചാണ് എന്റെ ബോധ്യം.

വ്യാജ വാർത്തയുടെ പേരിൽ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനൽ എം.ഡിയാണ് താങ്കളുടെ കക്ഷിയുടെ ചീഫ് എഡിറ്റർ ആയ ആർ. ശ്രീകണ്ഠൻ നായർ എന്ന വസ്തുത ഈ ഘട്ടത്തിൽ താങ്കളെ ഞാൻ ഓർമിപ്പിക്കുകയാണ്. ശ്രീകണ്ഠൻ നായർ ഷോ എന്ന പരിപാടിയിലൂടെ കോവിഡ് വ്യാപനത്തെ പറ്റി വ്യാജവും തെറ്റിദ്ധാരണാജനകവും പെരുപ്പിച്ച് കാട്ടിയതുമായ വിവരങ്ങളും കണക്കുകളും പ്രചരിപ്പിച്ചതിന്റെ പേരിൽ തൃശ്ശൂർ ഡി.എം.ഒയുടെ പരാതിയിൽ വാടാനപ്പള്ളി പോലീസ് ശ്രീമാൻ ശ്രീകണ്ഠൻ നായരെ 2020 ഓഗസ്റ്റ് 14ന് അറസ്റ്റ് ചെയ്തിരുന്നു. അതേ കേസിൽ മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ “അവിടെയും ഇവിടെയും കേട്ടതും ഗോസിപ്പുകളും വാർത്ത എന്ന പേരിൽ പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവർത്തകരുടെ ജോലി എന്നും, ഒരിക്കൽ കൊടുത്തു കഴിഞ്ഞ വാർത്ത പിന്നീട് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർക്കണമെന്നും, അതുകൊണ്ട് തന്നെ പ്രക്ഷേപണത്തിന് മുൻപ് വാർത്ത സത്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്” എന്നും രൂക്ഷമായ ഭാഷയിൽ കോടതി ടിയാനെ താക്കീത് ചെയ്യുകയുണ്ടായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
ചാനൽ എം.ഡി തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു അറസ്റ്റിൽ ആയ ശേഷവും ചാനലിന്റെ സൽപ്പേരിനെ പറ്റി താങ്കൾ ഉന്നയിച്ച അവകാശവാദം വിചിത്രമാണ്. എം.ഡിക്ക് പുറമേ ഇതേ ചാനലിന്റെ ഒന്നിലേറെ ജീവനക്കാരും പലവിധത്തിൽ ആരോപണങ്ങളിൽ പെട്ടവരും നിയമ നടപടികൾ നേരിടുന്നവരും ആണെന്നത് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുമാണ്. മുട്ടിൽ മരം മുറി കേസിൽ അന്വേഷണത്തെ അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കാനും പ്രതികളുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നതിന്റെ പേരിൽ വിവാദത്തിലും പിന്നീട് സസ്പെൻഷനിലുമായ ദീപക് ധർമ്മടം 24 ന്യൂസിന്റെ റീജിയണൽ ഹെഡ് ആയിരുന്നു. കേരള സർവകലാശാലയിൽ അധ്യാപകൻ ആയി ജോലി നേടി പ്രൊബേഷനിൽ ഇരിക്കെ തന്നെ അവധിയെടുത്ത് 24 ന്യൂസ്‌ ചാനലിൽ അവതാരകൻ ആയും ജോലി ചെയ്തിരുന്ന അരുൺ കുമാറിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് നിലപാട് എടുത്തതിനെ തുടർന്ന് ടിയാന് 24 ന്യൂസിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ എന്ന വ്യാജ പുരാവസ്തു തട്ടിപ്പുകാരനുമായുള്ള സംശകരമായ ബന്ധങ്ങളുടെ പേരിലും, അയാളുടെ തട്ടിപ്പുകളുടെയും സഹായിയും ഇടനിലക്കാരനും ഒത്തുതീർപ്പുകാരനും ആയെന്ന പേരിലും, അയാളോട് കൂട്ടു ചേർന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പേരിലും 24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടർ ആയ സഹിൻ ആന്റണിക്ക് എതിരെ ഇതിനകം പത്തോളം പരാതികൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ, 13/10/2021ന് ക്രൈം ബ്രാഞ്ച് ടിയാനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഈ നിലയിൽ എം.ഡി മുതൽ റിപ്പോർട്ടർ വരെ പല നിലകളിലുള്ള നിയമ നടപടികൾ നേരിടുന്ന സ്ഥാപനത്തിന്റെ സൽപ്പേരിനെ പറ്റിയാണ് താങ്കൾ പറയുന്നത് എന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കട്ടെ.

ഇതിനെല്ലാം പുറമേ പന്തളം കൊട്ടാരത്തിന്റെ പേരും രാജമുദ്രയും ദുരുപയോഗം ചെയ്തു നിർമ്മിച്ച വ്യാജ ചെമ്പോല തിട്ടൂരം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇത് വരെ 25000ത്തിൽ ഏറെ പരാതികൾ 24 ന്യൂസ്‌ ചാനലിന് എതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു വാർത്താ ചാനലിന് എതിരെ കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സംഭവമാണിത്. താങ്കളുടെ കക്ഷിയുടെ യശസ്സും ജനപ്രീതിയും യഥാർത്ഥത്തിൽ എത്രയാണെന്നത് ഈ വസ്തുതകൾ കൊണ്ട് തന്നെ വ്യക്തമാണല്ലോ.
ആയതിനാൽ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകൾ സ്വയം തെളിയിക്കാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുന്നു.

3. ‘താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ മാത്രം ഞാൻ 02/10/2021ന് രാത്രി ഏഷ്യാനെറ്റ്‌ ന്യൂസിലെ ചർച്ചയിൽ പങ്കെടുത്തു എന്നും, ആ ചർച്ചയിൽ താങ്കളുടെ കക്ഷിക്ക് എതിരെ ഞാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു എന്നും, ആ ചാനൽ ഡിബേറ്റ് തന്നെ ചോദ്യോത്തരങ്ങൾ മുൻകൂറായി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചർച്ച ആയിരുന്നു എന്നും, ആയത് ഞാനും ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരകൻ വിനു വി. ജോണും ചേർന്ന് നടത്തിയ ഗൂഢാലോചന ആണെന്ന് സംശയിക്കുന്നുവെന്നും” മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ രണ്ടാം ഖണ്ഡികയിലെ മുഴുവൻ പ്രസ്താവനകളും ഞാൻ നിഷേധിക്കുന്നു. ആയവ യാതൊരു അടിസ്ഥാനവും ഉത്തമ വിശ്വാസവുമില്ലാത്തതും തീർത്തും കളവായിട്ടുള്ളതുമായ ദുരാരോപണങ്ങൾ മാത്രമാണ്. യഥാർത്ഥ വസ്തുതകൾ താഴെ പറയും പ്രകാരമാണ്.
വിനു വി. ജോൺ എന്ന ഏഷ്യാനെറ്റ്‌ ന്യൂസിലെ വാർത്താ അവതാരകനുമായി ഞാൻ ആദ്യമായി ഫോണിൽ സംസാരിക്കുന്നത് 2021 ഒക്ടോബർ 2, ശനിയാഴ്ച വൈകുന്നേരം 4.31ന് മാത്രമാണ്. അന്നേ ദിവസം രാവിലെ 9.54ന് തന്നെ ഞാൻ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ 24 ന്യൂസ്‌ മാനേജ്മെന്റിനും റിപ്പോർട്ടർ സഹിൻ ആന്റണിക്കും മോൻസൺ മാവുങ്കലിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും രാവിലെ 10 മണിയോട് കൂടി അക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനും മൂന്ന് ദിവസം മുൻപ് സെപ്റ്റംബർ 29, ബുധനാഴ്ച രാത്രി തന്നെ ചെമ്പോല തിട്ടൂരത്തെ പറ്റി 24 ന്യൂസ്‌ 2018 ഡിസംബറിൽ പ്രക്ഷേപണം ചെയ്ത വാർത്തയുടെ വീഡിയോ സഹിതം വിശദമായ വിമർശന കുറിപ്പും പങ്കുവെച്ചിരുന്നു. ഇതിനെല്ലാം ശേഷം എന്റെ പരാതി നിരവധി മാധ്യമങ്ങളിൽ വാർത്ത ആയതിനെ തുടർന്ന് മാത്രമാണ് ആ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ്‌ സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കാമോ എന്ന് അന്വേഷിച്ച് കൊണ്ട് വിനു വി. ജോൺ എന്നെ വിളിക്കുന്നതും ഞാൻ ആയതിന് സമ്മതിക്കുന്നതും. അദ്ദേഹവുമായി ആദ്യം സംസാരിക്കുന്നതിനു മുൻപ് തന്നെ ചർച്ചയിൽ ഉന്നയിച്ച എല്ലാ വാദങ്ങളും ഞാൻ ഫേസ്ബുക് പോസ്റ്റ് ആയും പോലീസിൽ പരാതി ആയും ഉന്നയിച്ചിട്ടുണ്ട് എന്നിരിക്കെ ഞങ്ങൾ തമ്മിൽ നടത്തിയ ഗൂഡലോചനയുടെ ഉത്പന്നമാണ് ചർച്ചയിലെ എന്റെ പ്രസ്താവനകൾ എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

ഒക്ടോബർ 2ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മാനാഞ്ചിറയിൽ വെച്ച് സമസ്ത നായർ സമാജം സംഘടിപ്പിച്ച മാപ്പിള ലഹളയിലെ രക്തസാക്ഷികളെ പുണ്യാത്മാക്കൾ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു ഞാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചിട്ടുണ്ട്. അതിന് ശേഷം വൈകുന്നേരം 6.30ന് മഞ്ചേരി പാണ്ടിക്കാട് വെച്ച് ബി.ജെ.പി സംഘടിപ്പിച്ച മാപ്പിള ലഹളയുമായി തന്നെ ബന്ധപ്പെട്ട സ്മൃതി സന്ധ്യ എന്ന പരിപാടിയിലും ഞാൻ പങ്കെടുത്തു വിഷയാവതരണം നടത്തിയിട്ടുമുണ്ട്. ഒരു പരിപാടി കഴിഞ്ഞു രണ്ടാമത്തെ പരിപാടി സ്ഥലത്തേക്ക് പോവുന്നതിനു ഇടയിലാണ് വിനു വി. ജോണിന്റെ കോൾ വന്നത് എന്നതിനാൽ ആദ്യം സമയത്തിന്റെ പ്രശ്‌നം കൊണ്ട് 8 മണി ചർച്ചക്ക് മലപ്പുറം സ്റ്റുഡിയോയിൽ എത്താൻ പ്രയാസമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. തുടർന്ന് ഞാൻ പങ്കെടുക്കുന്ന യോഗം നടക്കുന്ന പാണ്ടിക്കാട്ടേക്ക് ഏഷ്യാനെറ്റ് ന്യൂസ്‌ ക്യാമറാമാനെ അയക്കുകയും, യോഗത്തിൽ സംസാരിച്ചു കഴിഞ്ഞ ശേഷം സുമാർ 7.45 ഓട് കൂടി മാത്രം അവിടെ അടുത്ത് താമസിക്കുന്ന ഒരു ബിജെപി കാര്യകർത്താവിന്റെ വീട്ടിലെത്തി അവിടെയിരുന്ന് ചർച്ചയിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുകയുമാണ് ചെയ്തത്. ഇക്കാര്യങ്ങൾ എല്ലാം ഫോൺ കോൾ രേഖകൾ കൊണ്ടും സാക്ഷികളെ കൊണ്ടും എനിക്ക് തെളിയിക്കാൻ സാധിക്കും. ആയതു കൊണ്ട് തന്നെ നേരത്തേ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റഡ് ചർച്ചയായിരുന്നു അന്നത്തേത് എന്ന നിങ്ങളുടെ ആരോപണവും നിലനിൽക്കുന്നതല്ല.

അന്നത്തെ ചർച്ചയിൽ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയും അവയിൽ ഇപ്പോളും ഉറച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അന്നത്തെ ചർച്ചയിൽ ഞാൻ പറഞ്ഞ ഏത് വാചകമാണ് തെറ്റായത് എന്നും അത് എപ്രകാരമാണ് താങ്കളുടെ കക്ഷിക്ക് അപകീർത്തി ഉണ്ടാക്കിയത് എന്നും നോട്ടീസിൽ എവിടെയും താങ്കൾ ചൂണ്ടി കാട്ടിയിട്ടില്ല എന്നത് കൂടി ഇതോടൊപ്പം സൂചിപ്പിക്കട്ടെ.
4. താങ്കളുടെ നോട്ടീസിന്റെ മൂന്നാം ഖണ്ഡികയിൽ 05/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അത് പോലെ പകർത്തി വെയ്ക്കുകയും പ്രസ്തുത പോസ്റ്റ്‌ താങ്കളുടെ കക്ഷിയുടെ വിശ്വാസ്യതയും സൽപ്പേരും കളങ്കപ്പെടുത്തുകയും അവർക്ക് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് പൊതുവിൽ പ്രസ്താവിക്കുകയല്ലാതെ അതിലെ ഏത് വാചകമാണ് അപകീർത്തികരമായത് എന്ന് എടുത്തു പറയുകയോ അതെങ്ങനെ താങ്കളുടെ കക്ഷിയുടെ സൽപ്പേര് ഇടിച്ചു എന്ന് വിശദീകരിക്കുകയോ ചെയ്യുന്നില്ല. ഈ സുഗമ ശൈലി എനിക്ക് വളരെ കൗതുകരമായാണ് അനുഭവപ്പെട്ടത്. താങ്കൾ അയക്കുന്ന നോട്ടീസ് താങ്കളുടെ ഇഷ്ടപ്രകാരം തയ്യാറാക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോളും പൊതുവെ കണ്ടു പരിചയിച്ചിട്ടുള്ള സാമ്പ്രദായികയും നിയമപരവുമായ നോട്ടീസ് രീതി ഇതല്ലെന്ന് പറയാതെയും വയ്യ. Cause of Action പോലും വ്യക്തമാക്കാതെയും Mala Fide സ്ഥാപിക്കാതെയും Conspiracy എന്ന ആരോപണത്തിന് യാതൊരു തെളിവും നിരത്താതെയും Defamation എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാതെയും Damages തിട്ടപ്പെടുത്തിയതിന്റെ Methodology വിവരിക്കാതെയും വെറും പൊതു പ്രസ്താവനകളും പരത്തി പറച്ചിലുകളും മാത്രം ഉപയോഗിച്ചും മനസ്സിൽ വന്നൊരു നല്ല തുക നഷ്ടപരിഹാര സംഖ്യയായി കാണിച്ചും എതിർകക്ഷിയെ Intimidate ചെയ്യാനും ശേഷം അതുപയോഗിച്ച് ഒരു വാർത്ത കൊടുത്ത് വ്യക്തിഹത്യ നടത്തി പ്രതികാരം ചെയ്യാനും മാത്രമായി അയിച്ചിട്ടുള്ള ഇപ്രകാരമൊരു നോട്ടീസിന് യാതൊരു നിയമസാധുതയുമില്ല.
05/10/2021ന് ഞാനെഴുതിയ ഫേസ്ബുക് പോസ്റ്റ് 29/09/2021ന് മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിൽ ഉണ്ടായിരുന്ന വ്യാജ ചെമ്പോല തിട്ടൂരം “ശബരിമലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും പഴക്കമുള്ളതുമായ രേഖയാണെന്നും, അത് പ്രകാരം ശബരിമലയിൽ ആചാരങ്ങളും ആരാധനകളും നടത്താൻ മലയരയ വിഭാഗക്കാർക്കും ചീരപ്പഞ്ചിറ എന്ന ഈഴവ കുടുംബത്തിനും മാത്രമാണ് അധികാരികമെന്നും, അങ്ങനെയിരിക്കെ ബ്രാഹ്മണരായ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെ ശബരിമല ക്ഷേത്രത്തിൽ സുപ്രധാന സ്ഥാനത്ത് എത്തി എന്നത് വിചിത്രമാണെന്നും” മറ്റും ആരോപിച്ചു കൊണ്ട് 24 ന്യൂസ് ചാനലിൽ സഹിൻ ആന്റണി മൂന്ന് വർഷം മുൻപ് അവതരിപ്പിച്ച റിപ്പോർട്ടിന്റെ വീഡിയോ സഹിതം ഞാൻ പോസ്റ്റ് ചെയ്ത കുറിപ്പ് കോപ്പി റൈറ്റ് എന്ന സാങ്കേതിക തടസ്സം ഉന്നയിച്ച് താങ്കളുടെ കക്ഷി ഫേസ്ബുക്കിൽ നിന്ന് റിമൂവ് ചെയ്യിച്ചതിന് എതിരെ ഞാൻ നടത്തിയ ഉത്തമ ബോധ്യത്തിലുള്ള പ്രതികരണമാണ്. സ്വന്തം വ്യാജ വാർത്താ വീഡിയോക്ക് പോലും പകർപ്പവകാശം ഉന്നയിക്കുന്ന താങ്കളുടെ കക്ഷിയുടെ നടപടിയെ ആണ് ആക്ഷേപ ഹാസ്യത്തിലൂടെ പ്രസ്തുത പോസ്റ്റിൽ ഞാൻ വിമർശിച്ചത്. ആയതുമൂലം താങ്കളുടെ കക്ഷിക്ക് എന്തെങ്കിലും അപകീർത്തി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി എന്റെ പോസ്റ്റ് അല്ല, താങ്കളുടെ കക്ഷിയുടെ പ്രവർത്തി തന്നെയാണ് എന്ന് ഓർമിപ്പിക്കുന്നു.
5. “ചെമ്പോല വിഷയത്തിൽ താങ്കളുടെ കക്ഷി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതായി ഞാൻ ആരോപിച്ചു എന്നും, എന്നാൽ യഥാർത്ഥത്തിൽ താങ്കളുടെ കക്ഷി ആ വിഷയത്തിൽ യാതൊരു വ്യാജ വാർത്തയും പ്രസിദ്ധീകരിച്ചിട്ടേ ഇല്ലെന്നും” താങ്കളുടെ നോട്ടീസിന്റെ നാലാം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ളത് തീർത്തും അസത്യമാണ്. മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല എടുത്ത് കാണിച്ച് താങ്കളുടെ കക്ഷി 2018 ഡിസംബർ 10ന് ഒരു തെറ്റായ വാർത്ത പ്രക്ഷേപണം ചെയ്തു എന്നതും, അത് ചാനലിന് പുറമേ താങ്കളുടെ കക്ഷിയുടെ യൂട്യൂബ്, ഫേസ്ബുക്, വെബ്സൈറ്റ് എന്നിവ വഴിയും പ്രചരിപ്പിച്ചു എന്നതും, അത് കേരളീയ സമൂഹത്തിൽ വലിയ ചർച്ചയായി മാറി എന്നതും പൊതുമധ്യത്തിലുള്ളതും അനിഷേധ്യവുമായ വസ്തുതയാണ്. പ്രസ്തുത ചെമ്പോലയും അതിന്മേലുള്ള താങ്കളുടെ കക്ഷിയുടെ വാർത്തയും വ്യാജമാണെന്നത് എന്റെ ആരോപണമല്ല, ഇതിനകം എല്ലാവരാലും അംഗീകരിക്കപ്പെട്ട സത്യവുമാണ്.
മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും അയാളുടെ പക്കലുണ്ടായിരുന്നതും പുരാവസ്തു എന്ന് ടിയാൻ അവകാശപ്പെട്ടിരുന്നതുമായ സാമഗ്രികൾ എല്ലാം തന്നെ വ്യാജമായിരുന്നു എന്ന് പുറത്തു വരികയും ചെയ്തതിനെ തുടർന്ന് നിരവധി ആളുകൾ ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തിരുന്നു. അതേ തുടർന്ന് വിഷയത്തിൽ പഠിച്ചു പ്രതികരിച്ച വിദഗ്ദർ എല്ലാം തന്നെ പ്രസ്തുത ചെമ്പോല കൃത്രിമമായി നിർമിച്ചതാണ് എന്ന് വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാർത്തയിൽ പ്രത്യക്ഷപ്പെട്ടു ചെമ്പോല വായിച്ച പൈതൃക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറലായ എം.ആർ. രാഘവ വാര്യർ തന്നെ അതേ തുടർന്ന് ആ ചെമ്പോലയുടെ ആധികാരികതയിൽ ഉറപ്പില്ലെന്നും, ഓലയുടെ പഴക്കമോ സ്വഭാവമോ ഒന്നും താൻ പരിശോധിച്ചിട്ടില്ലെന്നും, അതിൽ എഴുതിയത് വായിക്കുക മാത്രമാണ് ചെയ്തതെന്നും ഏറ്റു പറഞ്ഞിരുന്നു. താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാർത്തയെ തുടർന്ന് ഈ ചെമ്പോലയെ ആശ്രയിച്ച് ഒരു പ്രബന്ധം തന്നെ ചമച്ച സന്തോഷ്‌ എളമക്കര എന്ന ഗവേഷകൻ പോലും ഇപ്പോൾ ചെമ്പോലയുടെ ആധികാരികതക്ക് ഉറപ്പ് പറയാനാവില്ല എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം.
പണ്ഡിതനും വിഷയ വിദഗ്ദനുമായ പ്രൊഫ. എം.ജി. ശശിഭൂഷൺ ഓലയുടെ കനം കുറവ്, അതിൽ കാണുന്ന റൗണ്ട് സീലിന്റെ കാലഗണന, അതിന്റെ ഉള്ളടക്കത്തിൽ മലങ്കുറവന്മാരെയും മലമ്പണ്ടാരങ്ങളെയും ഒഴിവാക്കി മലയരയരയരെ മാത്രം പരാമർശിച്ചതിലെ ദുരൂഹത എന്നീ തെളിവുകൾ മുൻനിർത്തി പ്രസ്തുത ചെമ്പോല ഒരു വ്യാജ നിർമ്മിതി ആണെന്ന് ആധികാരികമായി പ്രസ്താവിച്ചിരുന്നു. അത് കൂടാതെ സമാനമായൊരു ചെമ്പോല ചീരപ്പഞ്ചിറ കുടുംബത്തിന് ശബരിമലയിൽ വെടി വഴിപാട് നടത്താനുണ്ടായിരുന്ന അവകാശം തുരുവിതാംകൂർ ദേവസ്വം ബോർഡ്‌ എടുത്തു കളഞ്ഞതിനെതിരെ 1960കളിൽ കേരളാ ഹൈക്കോടതിയിൽ നടന്ന കേസിൽ സമർപ്പിക്കപ്പെട്ടിരുന്നു എന്നും, അത് എ. ശ്രീധര മേനോനും വി.ആർ. പരമേശ്വരൻ പിള്ളയും അടങ്ങിയ വിദഗ്ദ സമതി ഹൈക്കോടതി നിർദ്ദേശ പ്രകാരം പരിശോധിക്കുകയും ആയത് കേസിന്റെ ആവശ്യാർത്ഥം വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നെന്നും, അക്കാര്യം യശഃശരീരനായ ശ്രീമാൻ വി.ആർ. പരമേശ്വരൻ പിള്ള തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ 11/10/2021 തീയതിയിൽ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി തന്നെ കേരള നിയമസഭയിൽ “ഈ ചെമ്പോലയുടെ കാര്യത്തിൽ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് തെറ്റായ രീതിയിൽ വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഇതിനകം തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും, അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും ഉറപ്പ് പറഞ്ഞിട്ടുമുണ്ട്. അപ്രകാരം സംസ്ഥാന മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതും സഭാരേഖകളിൽ ഇടം പിടിച്ചതുമായ സംഗതിയാണ് ചെമ്പോലയുടെ വ്യാജത എന്നിരിക്കെ ആ ചെമ്പോലയെ ആശ്രയിച്ച് താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത റിപ്പോർട്ട് വ്യാജ വാർത്ത ആണെന്നത് നിഷേധിക്കാനാവില്ല.
പ്രസ്തുത വ്യാജ വാർത്ത അവതരിപ്പിച്ച സഹിൻ ആന്റണിയെ താങ്കളുടെ കക്ഷി കഴിഞ്ഞ ദിവസം സസ്പെൻഡ്‌ ചെയ്തതായും പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. മേപ്പടി റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നൽകിയത് വ്യാജ വാർത്തയാണെന്ന് താങ്കളുടെ കക്ഷിയും ഇതിനകം സമ്മതിച്ചു കഴിഞ്ഞുവെന്നാണ് അർത്ഥം. ആ നിലയ്ക്ക് അത് പറയുന്നവരെ ആക്രമിക്കുന്നതിന് പകരം ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മാന്യമായി ക്ഷമാപണം നടത്തുന്നതാവും താങ്കളുടെ കക്ഷിക്ക് ഭൂഷണം എന്നതും സാന്ദർഭികമായി ചൂണ്ടി കാണിക്കട്ടെ.
6. താങ്കളുടെ നോട്ടീസിന്റെ അഞ്ചാം ഖണ്ഡികയിൽ 06/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അതേ മട്ടിൽ പകർത്തി വെച്ച് കൊണ്ട്, “വിനു വി. ജോൺ അവതരിപ്പിച്ച ഒരു ന്യൂസ്‌ ഡിബേറ്റിന്റെ സ്വാധീനത്തിലും സമ്മർദ്ധത്തിലും വഴങ്ങി താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു താങ്കളുടെ കക്ഷിക്കെതിരെ പരാതി നൽകുകയും മറ്റുള്ളവരെയും അങ്ങനെ പരാതി നൽകാൻ പ്രേരിപ്പിക്കുകയും അത് വഴി താങ്കളുടെ കക്ഷിക്ക് മാധ്യമങ്ങൾക്കിടയിലുള്ള വിശ്വാസ്യതയും പൊതുസമൂഹത്തിന് മുന്നിലുള്ള സൽപ്പേരും കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു” എന്നും മറ്റും പ്രസ്താവിച്ചിരിക്കുന്നത് തീർത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.
വിനു വി. ജോൺ അവതരിച്ച ന്യൂസ്‌ ഡിബേറ്റ് എങ്ങനെയാണ് എനിക്ക് മേൽ ഇപ്രകാരമൊരു പരാതി സമർപ്പിക്കാനുള്ള സമ്മർദ്ദം സൃഷ്ടിക്കുക എന്നത് തന്നെ യുക്തി കൊണ്ട് മനസിലാക്കാൻ സാധിക്കുന്നതല്ല. ആയതിനു എന്തെങ്കിലും വിശദീകരണമോ തെളിവോ നിരത്താൻ താങ്കളാവട്ടെ തയ്യാറായിട്ടുമില്ല. വിനു വി. ജോണുമായി എനിക്ക് അടുത്ത ബന്ധമോ എനിക്ക് മേൽ ടിയാന് എന്തെങ്കിലും സ്വാധീന ശേഷിയോ ഇല്ലെന്നത് ഈ മറുപടി നോട്ടീസിന്റെ മൂന്നാം ഖണ്ഡികയിൽ ഞാൻ വിവരിച്ചിട്ടുള്ളതാണ്. ഞാൻ എന്റെ സ്വയം ബോധ്യത്തിന്റെയും ഉത്തമ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഏത് വിഷയത്തിലും ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും ആരുടേയും സമ്മർദ്ദത്തിനോ സ്വാധീനത്തിനോ ഞാൻ വഴിപ്പെടാറില്ലെന്നും ഉത്തരവാദിത്വത്തോടെ വ്യക്തമാക്കുന്നു.മേൽപ്പറഞ്ഞത് താങ്കളുടെ കക്ഷിയുടെ കാര്യത്തിലും ബാധകമായിരിക്കുന്നതുമാണ്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയതിലോ സമാന രീതിയിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നവരെ സഹായിച്ചതോ അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്ന പ്രവർത്തിയല്ലെന്നും താങ്കളെ ഞാൻ ഓർമിപ്പിക്കുന്നു. ഇക്കാര്യത്തിൽ Defamation നിർവചിക്കുന്ന IPC Section 499 ന്റെ Exception Eight താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
“IPC 499, Eighth Exception — Accusation preferred in good faith to autho­rised person — It is not defamation to prefer in good faith an accusation against any person to any of those who have lawful authority over that person with respect to the subject-matter of accusation.”
ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി എന്നത് താങ്കളുടെ കക്ഷി ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ തെറ്റായ പ്രവർത്തികൾക്ക് എതിരെ നടപടിയെടുക്കാൻ നിയമപ്രകാരം അധികാരമുള്ള ‘Lawful Authority’ ആണെന്നിരിക്കെ, പ്രസ്തുത മന്ത്രാലയത്തിന് നൽകുന്ന സദുദ്ദേശത്തിലുള്ള പരാതി എന്നത് നിയമത്തിലെ എട്ടാം ഒഴിവ് പ്രകാരം അപകീർത്തിപ്പെടുത്തലല്ല. ആയതിന്മേൽ യാതൊരു നിയമ നടപടിയും സാധ്യവുമല്ല.
7. “ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചെമ്പോല പന്തളം കൊട്ടാരത്തിന്റെ രാജശാസനം ആണെന്ന് അവകാശപ്പെട്ടു 10/12/2021ന് താങ്കളുടെ കക്ഷി ഒരു വ്യാജ വാർത്ത പ്രക്ഷേപണം ചെയ്തതായി ഞാൻ ആരോപിച്ചു എന്നും, അത് താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്താനും പ്രേക്ഷകർക്ക് ഇടയിൽ താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകർക്കാനും മലയാള മാധ്യമങ്ങൾക്കിടയിലെ സൽപ്പേര് കളങ്കപ്പെടുത്താനും ബോധപൂർവ്വം ഞാൻ ചെയ്തതാണെന്നും, ആയതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും” മറ്റും താങ്കളുടെ നോട്ടീസിന്റെ ആറാം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ളതിന് യാതൊരു അടിസ്ഥാനവുമില്ല.
എന്റേത് വെറും ആരോപണം അല്ലെന്നും, സത്യം ആണെന്നും, ആയതിനു തെളിവുകളുടെയും വസ്തുതകളുടെയും പിൻബലം ഉണ്ടെന്നും, ആയത് കൊണ്ട് തന്നെ എന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരില്ലെന്നും താങ്കളെ ഓർമിപ്പിക്കട്ടെ.
ഇക്കാര്യത്തിൽ Defamation നിർവചിക്കുന്ന IPC Section 499 ന്റെ Exception One താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
“IPC 499, First Exception — Imputation of truth which public good requires to be made or published.”
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ഭേദഭാവങ്ങളൊക്കെ മറന്നു ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദു സമൂഹത്തെ ജാതീയമായി ഭിന്നപ്പിക്കാനും അവർക്കിടയിൽ പരസ്പര സ്പർദ്ധ വളർത്താനുമാണ് ശബരിമല വിശ്വാസി പ്രക്ഷോഭം കരുത്ത് പ്രാപിച്ച 2018 ഡിസംബർ മാസത്തിൽ ചില സമുദായങ്ങൾക്ക് മാത്രമാണ് ശബരിമലയിൽ ആരാധനക്ക് അവകാശമെന്നും അവിടെ ബ്രാഹ്മണർക്ക് യാതൊരു അധികാരവുമില്ലെന്നും നിലവിലെ തന്ത്രി കുടുംബം ക്ഷേത്രത്തിന്റെ നിർണ്ണായക സ്ഥാനത്ത് എത്തിയതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും അത് ദ്രാവിഡ ആരാധനാ കേന്ദ്രത്തിൽ നടന്ന ബ്രാഹ്മണ അധിനിവേശം ആണെന്നുമുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജ ചെമ്പോല തിട്ടൂരം പുറത്തു വരുന്നത്. അത് ഹൈന്ദവ ഐക്യത്തെ തകർക്കാനും വിശ്വാസി പ്രക്ഷോഭത്തെ ആട്ടിമറിക്കാനുമുള്ള ഗൂഢാലോചനയായിരുന്നു. അത് തുറന്നു പറയുന്നത് പൊതു നന്മയെ കരുതി സത്യം പറയൽ മാത്രമാണ്. നന്മയെ കരുതി സത്യം പറയുന്നത് നിയമത്തിലെ ഒന്നാം ഒഴിവ് പ്രകാരം അപകീർത്തിപ്പെടുത്തലല്ല.
Truth cannot be Defamatory എന്നൊരു തത്വം തന്നെയുണ്ട്. ഒരാൾ സ്വയം വരുത്തി വെയ്ക്കുന്ന അപകീർത്തി മറ്റൊരാൾ അത് വിളിച്ചു പറയുന്നത് കൊണ്ട് ഒട്ടും കൂടില്ല.
8. താങ്കളുടെ നോട്ടീസിന്റെ ഏഴ് – എട്ട് ഖണ്ഡികളിലായി നടത്തിയിരിക്കുന്ന പ്രസ്താവനകൾക്ക് യാതൊരു സാധുതയും ഉത്തമ വിശ്വാസവുമില്ല. “താങ്കളുടെ കക്ഷി പ്രസ്തുത വാർത്ത പ്രക്ഷേപണം ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് 08/12/2018ന് ‘ദേശാഭിമാനി’ എന്ന പത്രം ശബരിമലയുമായി ബന്ധമുള്ള ചെമ്പോലയെ പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നും, ആയത് മറച്ചു വെച്ച് താങ്കളുടെ കക്ഷിക്ക് എതിരെ മാത്രം ദുരുദ്ദേശത്തോടെയും ശത്രുതാ ഭാവത്തോടെയും ഞാൻ നടപടി സ്വീകരിച്ചത് താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഡ ലക്ഷ്യത്തോടെയാണെന്നും, ആയതിനു ഞാൻ താങ്കളുടെ കക്ഷിയുടെ വിരോധികളായ മാധ്യമ സ്ഥാപനങ്ങളുമായി കൂട്ടുചേർന്ന് പ്രവർത്തിച്ചുവെന്നും” പ്രസ്താവിച്ചിട്ടുള്ളത് തീരെ ശരിയല്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആദ്യം എഴുതിയ ഫേസ്ബുക് പോസ്റ്റിൽ മുതൽ സമർപ്പിച്ച പരാതികളിലും പങ്കെടുത്ത ചർച്ചകളിലും വരെ ഒന്നിലുമൊഴിയാതെ ഇതേ വ്യാജ വാർത്ത ദേശാഭിമാനി, അഴിമുഖം, നാരദാ ന്യൂസ്‌ എന്നീ മാധ്യമ സ്ഥാപനങ്ങളും ഇതേ മട്ടിലോ ഇതിലും അപകടകരമായോ പ്രസിദ്ധീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ആയത് കൊണ്ട് തന്നെ മറ്റ് മാധ്യമ സ്ഥാപനങ്ങളുടെ പേര് മറച്ചു വെച്ച് താങ്കളുടെ കക്ഷിയെ മാത്രം ആക്രമിച്ചു എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അഥവാ അവർക്കെതിരെയും സമാനമായ രീതിയിൽ പരാതികൾ ഞാൻ സമർപ്പിക്കണം എന്നതാണ് താങ്കളുടെ കക്ഷിയുടെ ആവശ്യമെങ്കിൽ അക്കാര്യം ഞാൻ പരിഗണിക്കുന്നതാണ്.
തീയതിയുടെ കാര്യത്തിൽ താങ്കൾ ഉന്നയിച്ചിട്ടുള്ളത് കേവലം സാങ്കേതികമായ ഒരു തർക്കം മാത്രമാണ്. ഞാൻ ദേശാഭിമാനി പത്രം വരുത്തുകയോ വായിക്കുകയോ ചെയ്യുന്ന ആളല്ല എന്നത് കൊണ്ട് തന്നെ ആദ്യം അവരാണ് വാർത്ത കൊടുത്തതെങ്കിൽ പോലും അതെന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തതാണ്. ഞാനുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ പ്രസ്തുത വ്യാജ വാർത്ത ആദ്യമായി കണ്ടതും ചർച്ച ചെയ്തതും താങ്കളുടെ കക്ഷി അത് പ്രക്ഷേപണം ചെയ്തപ്പോളാണ്. ദേശാഭിമാനി പരിമിതമായ സർക്കുലേഷനും അതിൽ കുറവ് വായനക്കാരും മാത്രമുള്ള ഒരു പാർട്ടി പത്രമാണെന്നതും പരാമർശിക്കപ്പെട്ട മറ്റ് രണ്ട് ചാനലുകളും ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണെന്നതും എന്നാൽ താങ്കളുടെ കക്ഷി മലയാളം ന്യൂസ്‌ ചാനൽ റേറ്റിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഒരു മുഖ്യധാരാ മാധ്യമം ആണെന്നതും പരിഗണിക്കുമ്പോൾ നിങ്ങളുടെ വാർത്തകൾ തമ്മിൽ വിസിബിലിറ്റിയുടെയോ ഇമ്പാക്റ്റിന്റെയോ കാര്യത്തിൽ യാതൊരു താരതമ്യവുമില്ലെന്നത് ബോധ്യപ്പെടേണ്ടതാണ്. അങ്ങനെയിരിക്കെ ദേശാഭിമാനി കൊടുത്ത വാർത്ത അതേ പോലെ കൊടുക്കുക മാത്രമേ ഞങ്ങളും ചെയ്തിട്ടുള്ളൂ എന്ന താങ്കളുടെ കക്ഷിയുടെ വാദം അസ്വീകാര്യമാണ്. ഇനിയഥവാ മറ്റ് മാധ്യമങ്ങൾ രണ്ട് ദിവസം മുൻപേ കൊടുക്കുന്ന വാർത്തകൾ യാതൊരു പരിശോധനയും ഉറപ്പു വരുത്തലും കൂടാതെ പകർത്തി വെയ്ക്കൽ ആണ് താങ്കളുടെ കക്ഷിയുടെ പ്രവർത്തന ശൈലിയെങ്കിൽ അവരൊരു എത്തിക്കൽ മാധ്യമ സ്ഥാപനം ആണെന്ന താങ്കളുടെ മുൻ ഖണ്ഡികയിലെ പ്രസ്താവനയെയും സംശയിക്കേണ്ടി വരും.
സാങ്കേതികമായി താങ്കളുയർത്തിയ തർക്കം വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും വിഷ്വൽ മീഡിയയിലും ടെലിവിഷൻ ന്യൂസ്‌ ചാനലുകളിലും ആദ്യമായി കൃത്രിമ ചെമ്പോലയെ പറ്റി വ്യാജ വാർത്ത കൊടുത്തത് താങ്കളുടെ കക്ഷി ആണെന്ന് താങ്കൾ അവിടെ സമ്മതിച്ചു കഴിഞ്ഞു. ഞാൻ ഉന്നയിച്ച എല്ലാ വിഷയങ്ങളും ആയത് കൊണ്ട് തന്നെ താങ്കളുടെ കക്ഷിക്ക് എതിരെ അപ്പോഴും നിലനിൽക്കും. സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും വളർത്താൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും, ക്രിമിനൽ കുറ്റത്തിൽ ആദ്യം ചെയ്ത ആൾക്ക് മാത്രം ശിക്ഷയും പിന്നീട് അത് ആവർത്തിക്കുന്നവർക്കൊക്കെ ഇളവും കിട്ടുന്ന സമ്പ്രദായം രാജ്യത്തില്ലെന്നും കൂടി ഇതോടൊപ്പം താങ്കളെ ഞാൻ ഓർമപ്പെടുത്തുന്നു.
9. “ഞാൻ 2020-21 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിയെ പ്രതിനിധീകരിച്ചു കൊണ്ട് മത്സരിച്ച സ്ഥാനാർഥി ആയിരുന്നു” എന്ന താങ്കളുടെ നോട്ടീസിലെ ഒമ്പതാം ഖണ്ഡികയിലെ ആദ്യ വാചകം പോലും പൂർണ്ണമായി ശരിയല്ലെന്ന് അറിയിക്കാൻ എനിക്ക് ഖേദമുണ്ട്. ശരിയായിരുന്നെങ്കിൽ നോട്ടീസിന്റെ തുടക്കത്തിൽ ചേർത്ത താങ്കളുടെ വിലാസത്തിന് പുറമേ നോട്ടീസിൽ പൂർണ്ണമായും ശരിയായ ഒരേയൊരു വാചകം ആവേണ്ടതായിരുന്നു അത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2020-21 വർഷങ്ങളിൽ ആയല്ല, പൂർണ്ണമായും 2021 വർഷത്തിലാണ് എന്നതിനാലും, അങ്ങനെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഞാൻ സ്ഥാനാർഥി ആയത് എന്നതിനാലും ആ പ്രസ്താവനയും പൂർണ്ണമായി ശരിയല്ല.
പ്രസ്തുത ഖണ്ഡികയിലെ ശേഷമുള്ള പരാമർശങ്ങൾ പൂർണ്ണമായും തെറ്റാണ്.”ഞാനെന്റെ രാഷ്ട്രീയ താത്പര്യം മുൻനിർത്തി താങ്കളുടെ കക്ഷിക്ക് എതിരെ പൊതു സമൂഹത്തിൽ മനഃപൂർവ്വം തെറ്റിദ്ധാരണ പടർത്തി എന്നും, പരാമർശത്തിലുള്ള വിഷയം ഒരു മതത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടത് ആയതിനാൽ ആ വിഷയത്തിൽ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നത് സമൂഹത്തിൽ ഭിന്നിപ്പും സംഘർഷവും സൃഷ്ടിച്ചേക്കാം എന്നറിഞ്ഞു കൊണ്ട് തന്നെ അക്കാര്യത്തിൽ പ്രതികരിച്ചു എന്നും, വിഷയത്തിന്റെ അതിലോല സ്വഭാവം പരിഗണിച്ച് മൗനം പാലിക്കാതെ അതിന്മേൽ പരാതിയും ഹർജിയും മറ്റും നൽകി വിഷയം ആളിക്കത്തിച്ച് മതപരമായ ചെരിതിരിവും അശാന്തതയും സൃഷ്ടിക്കാൻ ശ്രമിച്ചു” എന്ന് മറ്റും പ്രസ്താവിച്ചിട്ടുള്ളത് വിചിത്രമായ വരട്ടുവാദമാണ്.
താങ്കളുടെ കക്ഷിയാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും ചേരിതിരിവും അശാന്തിയുമെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. അത് ചൂണ്ടി കാണിക്കുകയും അതിനെതിരെ നടപടി ആവശ്യപ്പെടുകയും മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തുറന്ന് കാണിക്കുന്നതും വിമർശിക്കുന്നതും അതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതും കൂടുതൽ ഭിന്നിപ്പ് ഉണ്ടാക്കുമെന്നതിനാൽ അത്തരം പ്രവർത്തികളെ മിണ്ടാതെ അവഗണിക്കുകയാണ് വേണ്ടത് എന്ന താങ്കളുടെ സിദ്ധാന്തം തീർത്തും പരിഹാസ്യമാണെന്ന് പറയാതെ വയ്യ. കളവ് നടക്കുന്നത് കണ്ടാലും വിളിച്ചു കൂവി ആളുകളെ ഉണർത്തുന്നത് കള്ളന് കൂടുതൽ പ്രചാരവും കള്ളത്തരത്തിന് പ്രോത്സാഹനവും ആവുമെന്ന് കരുതി കാണാത്ത പോലെ ഉറക്കം നടിക്കാൻ ആവശ്യപ്പെടുന്ന ആ വികല യുക്തിയെ ഞാൻ ഗൗരവപൂർവ്വം നിഷേധിക്കുന്നു.
10. “ആയത് കൊണ്ട് എന്റെ ഫേസ്ബുക് പേജിലൂടെ ഞാൻ നടത്തിയ മുഴുവൻ ആരോപണങ്ങളും താങ്കളുടെ കക്ഷിയുടെ യശസ്സിനെ പരിക്കേൽപ്പിക്കണം എന്ന ഉദ്ദേശത്തോടെ നടത്തിയതാണെന്നും, ആയതിനാൽ അവ IPC 500 വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്നും” താങ്കളുടെ നോട്ടീസിന്റെ പത്താം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ളതിനെയും ഞാൻ നിഷേധിക്കുന്നു. എനിക്ക് ഫേസ്ബുക് പേജ് ഇല്ലായെന്നും, ഉള്ളത് ഫേസ്ബുക് പ്രൊഫൈൽ ആണെന്നും, ആയതിലൂടെ ഞാൻ നടത്തിയ ഒരു പ്രസ്താവനയും IPC 499 വകുപ്പിലെ നിർവചനത്തിലോ IPC 500 വകുപ്പിന്റെ ശിക്ഷാ പരിധിയിൽ വരുന്നതല്ലെന്നും താങ്കളെ ഞാൻ അറിയിക്കുന്നു. താങ്കളുടെ നോട്ടീസിന്റെ മൂന്ന്, അഞ്ച് ഖണ്ഡികകളിലും ഫേസ്ബുക് പേജ് എന്നാണ് തെറ്റായി പ്രസ്താവിച്ചിട്ടുള്ളതെന്നും, ആയത് പ്രസ്തുത ഖണ്ഡികളുടെയും സാധുത സാങ്കേതികമായി തന്നെ റദ്ദ് ചെയ്യുന്ന പിശകാണെന്നും ഇതോടൊപ്പം ഓർമിപ്പിക്കുകയും ചെയ്യുന്നു.
11. താങ്കളുടെ നോട്ടീസിന്റെ പതിനൊന്നാം ഖണ്ഡികയിലെ യാതൊരു ആവശ്യവും എനിക്ക് സ്വീകര്യമല്ല.
“മൂന്ന് ദിവസത്തിനകം ഈ വിഷയത്തിന്മേലുള്ള എല്ലാ ഫേസ്ബുക് പോസ്റ്റുകളും ആരോപണങ്ങളും പ്രസ്താവനകളും പിൻവലിക്കുകയും, താങ്കളുടെ കക്ഷിക്ക് എതിരെ സമർപ്പിച്ച പരാതികളും ഹർജികളും മടക്കി വാങ്ങുകയും, താങ്കളുടെ കക്ഷിയോട് നിരുപധികം മാപ്പ് പറഞ്ഞു കൊണ്ടും വിഷയത്തിൽ ഇതുവരെ ഉന്നയിച്ച വാദങ്ങൾ എല്ലാം ശരിയായ പരിശോധന കൂടാതെ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ് എന്ന് പൊതുസമൂഹത്തോട് വിശദീകരിച്ചു കൊണ്ടും മറ്റൊരു ഫേസ്ബുക് പോസ്റ്റ് എന്റെ ഫേസ്ബുക് പേജിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രസിദ്ധപ്പെടുത്തുകയും, ഇനി മേലിൽ ഈ വിഷയത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ താങ്കളുടെ കക്ഷിക്കെതിരെ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് തരികയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരത്തിനായി താങ്കളുടെ കക്ഷി എനിക്കെതിരെ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുന്നതാണ്” എന്നും മറ്റുമുള്ള പ്രസ്തുത ഖണ്ഡികയിലെ മുഴുവൻ പ്രസ്താവനകളേയും ഞാൻ പൂർണ്ണമായി തള്ളി കളയുന്നു.
പ്രസ്തുത വിഷയത്തിൽ താങ്കളുടെ കക്ഷിക്ക് എതിരെ എഴുതിയതോ പറഞ്ഞതോ ഉന്നയിച്ചതോ ആയ ഒരു പോസ്റ്റോ വാചകമോ പ്രസ്താവനയോ പോലും പിൻവലിക്കാൻ ഞാൻ തയ്യാറല്ലെന്നും, ഞാൻ സമർപ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ലെന്നും, നിരുപാധികമായോ ഉപാധിയോടെയോ പരസ്യമായോ സ്വകാര്യമായോ ഫേസ്ബുക്കിലൂടെയോ നേരിട്ടോ താങ്കളുടെ കക്ഷിയോട് മാപ്പ് പറയാൻ ഒരു നിലക്കും ഞാൻ ഒരുക്കമല്ലെന്നും അറിയിക്കുന്നു.
വിഷയത്തിൽ ഞാനിന്നേ വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂർണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാൻ ഉന്നയിച്ചിട്ടുള്ളതാണെന്നും, ആയവയിൽ ഞാൻ ഉറച്ചു നിൽക്കുമെന്നും, ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ഈ വിഷയത്തിൽ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും കൂട്ടി ചേർക്കുന്നു.
പോലീസിനും സർക്കാരിനും ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ പരാതി നൽകുകയെന്നത് പൗരന്റെ അവകാശമാണെന്നും, അങ്ങനെ നൽകിയ പരാതികൾ ഭീമമായ സംഖ്യയുടെ നഷ്ടപരിഹാര തുക കാണിച്ചുള്ള വക്കീൽ നോട്ടീസ് മുഖാന്തിരം ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നത് Criminal Intimidation ആണെന്നും, ആയത് IPC 506 വകുപ്പ് പ്രകാരം കുറ്റകരം ആണെന്നും ഇതുമായി ബന്ധപ്പെട്ട് താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു. അങ്ങനെയിരിക്കിലും നിയമ വിരുദ്ധവും നിലനിൽക്കാത്തതുമായ വാദങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കാനും കോർട്ട് ഫീ ആയി കെട്ടിവെയ്‌ക്കേണ്ട പത്ത് ശതമാനം കോടതി ചിലവ് നഷ്ടപ്പെടുത്താനുമുള്ള താങ്കളുടെ കക്ഷിയുടെ സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അനാവശ്യ വ്യവഹാരത്തിലേക്ക് വലിച്ചിഴക്കുക വഴി എനിക്കുണ്ടാവുന്ന ധനപരവും അദ്ധ്വാനപരവും സമയപരവുമായ നഷ്ടം നികത്താൻ താങ്കളുടെ കക്ഷിയും ആയതിന്റെ ചുമതലക്കാരും ആളായും സ്വത്തുക്കളെ കൊണ്ടും ബാധ്യതപ്പെട്ടിരിക്കുന്നതാണ് എന്നും ഓർമിപ്പിക്കുന്നു. മേൽ പ്രസ്താവിച്ച വ്യവസ്ഥയിൽ താങ്കളുടെ കക്ഷി എനിക്കെതിരെ സ്വീകരിക്കുമെന്ന് താക്കീത് ചെയ്ത ഏത് നിയമ വ്യവഹാരത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു.
12. താങ്കൾ മുഖാന്തിരം എനിക്കയച്ച വക്കീൽ നോട്ടീസിനെ ആശ്രയിച്ച് 12/10/2021 തീയതി താങ്കളുടെ കക്ഷി എനിക്കെതിരായി പ്രക്ഷേപണം ചെയ്ത അധിക്ഷേപകരവും വ്യക്തിഹത്യാപരവുമായ പ്രതികാര റിപ്പോർട്ടിനു എതിരെ ഞാനും നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് ഇതോടൊപ്പം താങ്കളെയും താങ്കളുടെ കക്ഷികളെയും അറിയിക്കുകയാണ്. വ്യാജ ചെമ്പോല വിഷയത്തിൽ ഞാൻ സ്വീകരിച്ച നടപടികൾ മൂലമുള്ള വിരോധത്താൽ എന്നെ മനഃപൂർവ്വം അപമാനിക്കാനും പൊതുമധ്യത്തിൽ ആക്ഷേപിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും മാത്രമായി തയ്യാറാക്കി അവതരിപ്പിച്ചതായിരുന്നു പ്രസ്തുത റിപ്പോർട്ട്‌. മാധ്യമ ധർമ്മികതയുടെയും സാമാന്യ മര്യാദയുടെയും പോലും ബാല പാഠങ്ങളെയടക്കം കാറ്റിൽ പറത്തി കൊണ്ട് ഒരു വ്യക്തിയോടുള്ള പക വീട്ടാനായി ഒരു വാർത്ത തന്നെ വ്യാജമായി സൃഷ്ടിക്കാനും, ചാനൽ ഫ്ലോറിനെ തരം താണ പ്രതികാരത്തിനുള്ള വേദിയാക്കാനും, സ്വന്തം പ്രേക്ഷകരെ പോലും നിക്ഷിപ്ത താല്പര്യത്തിനായി ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനും മുതിർന്നതിലൂടെ യാതൊരു തത്വദീക്ഷയുമില്ലാതെ എന്ത് അഥമ വൃത്തിക്കും തുനിയുന്ന നീചവും നിലവാരമില്ലാത്തതുമായ മാധ്യമ പ്രവർത്തന ശൈലിയാണ് തങ്ങൾ അനുവർത്തിക്കുന്നതെന്ന് താങ്കളുടെ കക്ഷി തെളിയിച്ചിരിക്കുകയാണ്.
പ്രസ്തുത റിപ്പോർട്ടിന്റെ തലക്കെട്ട് മുതൽ ഉപസംഹാരം വരെയുള്ള മുഴുവൻ ഭാഗങ്ങളും അസത്യമായിരുന്നു. “ശങ്കു. ടി. ദാസിന് എതിരെ നിയമ നടപടി” എന്നായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്. എന്നാൽ ഉള്ളടക്കത്തിൽ പറയുന്നത് താങ്കൾ അയച്ച വക്കീൽ നോട്ടീസിനെ പറ്റി മാത്രവും. വക്കീൽ നോട്ടീസ് ഒരു നിയമ നടപടി അല്ലെന്നും, ഭാവിയിൽ എടുത്തേക്കാവുന്ന നിയമ നടപടിയെ സംബന്ധിക്കുന്ന മുന്നറിയിപ്പ് മാത്രമാണെന്നും, മറ്റൊരർത്ഥത്തിൽ നിയമ നടപടി ഒഴിവാക്കാൻ നൽകുന്ന അവസരമാണെന്നും താങ്കളുടെ കക്ഷിക്ക് അറിയാത്തതല്ലല്ലോ. ഈ നിമിഷം വരെ എനിക്കെതിരെ യാതൊരു നിയമ നടപടിയും താങ്കളുടെ കക്ഷി എടുത്തിട്ടില്ലെന്നിരിക്കെ എടുക്കാത്ത നടപടി എടുത്തു കഴിഞ്ഞുവെന്ന് നുണ പറഞ്ഞിട്ടാണ് അവരുടെ റിപ്പോർട്ട് ആരംഭിക്കുന്നത് തന്നെ.
റിപ്പോർട്ടിൽ ഉടനീളം “മത സാമുദായിക ദ്രുവീകരണം ലക്ഷ്യമിട്ട് 24ന് എതിരെ ഞാൻ വ്യാജ പ്രചാരണം നടത്തി” എന്നും, “ചാനലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ, സംഘം ചേർന്ന് ഗൂഢാലോചന, സാമുദായിക സ്പർദ്ധ വളർത്തൽ എന്നീ കുറ്റകൃത്യങ്ങൾ ഞാൻ ചെയ്‌തു” എന്നും, “സാമുദായിക സ്പർദ്ധ വളർത്തി ജനങ്ങളെ ദ്രുവീകരിക്കുക എന്ന കുറ്റകരമായ ലക്ഷ്യം മുൻനിർത്തി ഞാൻ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തി” എന്നും, “സാമൂഹിക മാധ്യമങ്ങളിൽ ഞാൻ പങ്കുവെച്ചിരിക്കുന്ന പരാതിയിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുണ്ട്” എന്നും, “മറ്റ് മാധ്യമങ്ങളിലെ ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഞാൻ വ്യാജ പ്രചാരണം നടത്തിയത്” എന്നും “24ന് എതിരെ വർഗ്ഗീയമായ പോസ്റ്റുമായി വീണ്ടും സജീവമാവുന്ന ശങ്കു രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്” എന്നും മറ്റുമുള്ള തീർത്തും അടിസ്ഥാനരഹിതവും അസത്യവും അപമാനകരവുമായ പരാമർശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മേല്പറഞ്ഞ യാതൊരു സംഗതിയും ഞാൻ ചെയ്തിട്ടില്ലാതിരിക്കുകയും, എന്റെ പരാതിയിൽ ഇതര മതങ്ങളെ പറ്റി എന്തെങ്കിലുമൊരു പരാമർശമോ ഏതെങ്കിലും സമുദായത്തെ സംബന്ധിച്ച് ആക്ഷേപകരമായ ഒരു പ്രസ്താവനയോ പോലുമില്ലെന്നിരിക്കുകയും, റിപ്പോർട്ടിൽ പ്രസ്താവിച്ച എന്തെങ്കിലുമൊരു കുറ്റകൃത്യം ഞാൻ ചെയ്തിട്ടില്ലാതിരിക്കുകയും, വ്യാജമായ എന്തെങ്കിലും ഒരു പ്രചാരണമോ ആരുമായെങ്കിലും ചേർന്ന് ഏതെങ്കിലും നിലയിലുള്ള ഒരു ഗൂഡലോചനയോ ഞാൻ നടത്തിയിട്ടില്ലാതിരിക്കുകയും യാതൊരു രാഷ്ട്രീയ മുതലെടുപ്പിനും ഞാൻ ശ്രമിച്ചിട്ടില്ലാതിരിക്കുകയും ആയ സാഹചര്യത്തിൽ ഈ നിലയിലുള്ള അസത്യങ്ങൾ എനിക്കെതിരെ ആരോപിച്ച് അത് ചാനലിലൂടെയും ശേഷം യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജുലൂടെയും ലക്ഷോപലക്ഷം ജനങ്ങൾക്കിടയിലേക്ക് പ്രക്ഷേപണം ചെയ്തത് മനപ്പൂർവ്വം എനിക്കെതിരെ തെറ്റിദ്ധാരണ പടർത്താനും എന്റെ സൽപ്പേര് കളങ്കപ്പെടുത്താനും എന്നെ അപമാനിക്കാനും ലക്ഷ്യമിട്ടാണ്. യഥാർത്ഥത്തിൽ തങ്ങൾ ചെയ്ത കുറ്റങ്ങൾ എല്ലാം ഒരു കള്ള വാർത്തയിലൂടെ എന്റെ തലയിൽ കെട്ടിവെയ്ക്കാനും ആളുകളെ കൊണ്ടത് വിശ്വസിപ്പിക്കാനുമാണ് താങ്കളുടെ കക്ഷി ശ്രമിച്ചിട്ടുള്ളത്.
ഇതിനു പുറമേ റിപ്പോർട്ടിന്റെ അവസാനത്തിൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് പറയുന്ന ഭാഗത്ത് “വ്യക്തി പ്രഭാവമില്ലാത്ത ശങ്കു ടി ദാസ് എന്ന സ്ഥാനാർഥി എം.ബി. രാജേഷിനും വി.ടി. ബൽറാമിനും പിറകിൽ തോറ്റു മടങ്ങി” എന്നും, “നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ശങ്കു” എന്നും മറ്റുമുള്ള തീർത്തും Unproffesional ആയ ആക്ഷേപ പരാമർശങ്ങളുമുണ്ട്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനവിധി തേടുന്ന ഏതെങ്കിലുമൊരു സ്ഥാനാർഥി അതിൽ പരാജയപ്പെടുന്നതിനെ സംബന്ധിച്ച് മാന്യതയോ ഉത്തരവാദിത്വമോ ഉള്ള ഒരു മാധ്യമ സ്ഥാപനവും ഇത്തരത്തിൽ വ്യക്തി അതിക്ഷേപത്തിന്റെ ശൈലിയിൽ റിപ്പോർട്ട്‌ ചെയ്യുകയില്ല. ആയതിൽ നിന്ന് തന്നെ അവ എന്നെ വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ഉദ്ദേശത്തിന്റെ ഭാഗമായി നടത്തിയ പരാമർശങ്ങളാണ് എന്ന് മനസ്സിലാക്കാം.
ഇത് കൂടാതെ പ്രസ്തുത റിപ്പോർട്ടിൽ എന്റെ ഫേസ്ബുക് പ്രൊഫൈലിൽ നിന്ന് എന്റെ അനുവാദമില്ലാതെ എടുത്ത എന്റെ ഫോട്ടോകൾ ദുരുപയോഗം ചെയ്യുകയും, ഫോട്ടോകളിൽ വലിയ ചുവന്ന അക്ഷരങ്ങളായി “FAKE” എന്ന സ്റ്റാമ്പ്‌ എന്റെ മുഖത്ത് പതിച്ച മട്ടിൽ കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വ്യക്തി അധിക്ഷേപത്തിനും അപകീർത്തിപ്പെടുത്തലിനുമൊപ്പം ഐ.ടി ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് 120 (O) പ്രകാരവും കുറ്റകരമായ പ്രവർത്തിയുമാണ്.
13. പ്രസ്തുത റിപ്പോർട്ട്‌ ചാനലിലും ഫേസ്ബുക്കിലും യൂട്യുബിലും വാട്സപ്പിലും മറ്റും പ്രചരിക്കുന്നത് കണ്ട് എന്നോട് അടുപ്പവും സ്നേഹവുമുള്ള ധാരാളം സുഹൃത്തുക്കൾ എന്നെ ഫോണിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും ഇതേ പറ്റി എന്നോട് അന്വേഷിക്കുകയും ചെയ്യുകയുണ്ടായി. എന്റെ അമ്മയും സഹോദരങ്ങളും പ്രസ്തുത റിപ്പോർട്ട്‌ കണ്ടു വല്ലാതെ വേദനിക്കുകയും എന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും ചെയ്തു. ഇതിനു പുറമേ എന്റെ സഹപ്രവർത്തകർ സഹപാഠികൾ അധ്യാപകർ ബന്ധുക്കൾ തുടങ്ങി എനിക്ക് വേണ്ടപ്പെട്ട നിരവധിയാളുകൾ ഈ റിപ്പോർട്ട്‌ കണ്ടു മനോവിഷമത്തിൽ എന്നെ ബന്ധപ്പെടുകയും വിഷമം പങ്കുവെയ്ക്കുകയും ചെയ്തു. ഇതെല്ലാം എനിക്ക് വളരെയേറെ അപമാനവും മനോവിഷമവുമുണ്ടാക്കി. ഇതിനു പുറമേ പ്രസ്തുത വാർത്തയുടെ ഫേസ്ബുക് യൂട്യൂബ് പേജുകളിൽ നിരവധി ആളുകൾ ആ വാർത്ത സത്യമെന്ന് വിശ്വസിച്ച് എനിക്കെതിരെ മോശമായി കമന്റുകൾ ചെയ്യുന്നതും പരിഹസിക്കുന്നതും മറ്റും ഞാൻ നേരിൽ കാണുകയും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം എനിക്ക് വലിയ അപമാനവും അപകീർത്തിയും ഉണ്ടാക്കിയിട്ടുണ്ട്. ആയതിനു താങ്കളുടെ കക്ഷി പൂർണ്ണമായി ഉത്തരവാദിയുമാണ്.
താങ്കളുടെ കക്ഷിയുടെ പ്രവർത്തി IPC 500ആം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. 2020 ഓഗസ്റ്റിൽ കോവിഡ് വ്യാപനത്തെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ കേസ് വന്നപ്പോൾ മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച താങ്കളുടെ കക്ഷിയുടെ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരോട് ബഹുമാനപ്പെട്ട ഹൈക്കോടതി “ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാൻ കരുതിക്കൂട്ടി വാർത്ത ചെയ്യരുത്” എന്ന് താക്കീത് ചെയ്ത കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ. കോടതിയുടെ താക്കീതിനെ പോലും ധിക്കരിച്ചും വില കൽപ്പിക്കാതെയുമാണ് താങ്കളുടെ കക്ഷി ഇപ്പോൾ അതേ പ്രവർത്തി ആവർത്തിച്ചിരിക്കുന്നത് എന്നും താങ്കൾ മുഖാന്തിരം അവരെ ഞാൻ അറിയിക്കുന്നു.
14. ആയത് കൊണ്ട്, ഈ മറുപടി നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം എനിക്കെതിരെ പ്രക്ഷേപണം ചെയ്ത തെറ്റായതും അപകീർത്തികരവും ആക്ഷേപകരവുമായ പ്രതികാര വാർത്താ റിപ്പോർട്ട്‌ താങ്കളുടെ കക്ഷിയുടെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ, വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും, പ്രസ്തുത റിപ്പോർട്ടിന്റെ പേരിൽ താങ്കളുടെ കക്ഷി ചാനലിലൂടെ തന്നെ എന്നോട് നിരുപധികം മാപ്പ് പറയുകയും, ആയത് ടെക്സ്റ്റ്‌ റിപ്പോർട്ട്‌ ആയി താങ്കളുടെ കക്ഷിയുടെ ഫേസ്ബുക് പേജ്, വെബ്സൈറ്റ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത പക്ഷം താങ്കളുടെ കക്ഷിയുടെ നിയമ വിരുദ്ധമായ പ്രവർത്തിക്ക് എതിരെ ഒരു കോടിയിൽ കവിയാത്ത ഏത് സംഖ്യയും എനിക്കുണ്ടായ അപകീർത്തിക്കും അപമാനത്തിനും നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് താങ്കളുടെ കക്ഷിക്ക് എതിരെ സിവിൽ ആയും ക്രിമിനൽ ആയും ഞാൻ വ്യവഹാരത്തിന് മുതിരുന്നതും ആയതിൽ എനിക്ക് വന്നു ചേരുന്ന ചിലവുകൾ നികത്താൻ താങ്കളുടെ കക്ഷിയും അതിന്റെ ചുമതലക്കാരും ആളായും സ്വത്തുക്കളെ കൊണ്ടും ബാധ്യതപ്പെട്ടിരിക്കുന്നതുമാണ്.
15. താങ്കൾ മുഖാന്തിരം എനിക്കയച്ച വക്കീൽ നോട്ടീസ് താങ്കളുടെ കക്ഷി ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാൽ ആയതിന് ഞാൻ അയക്കുന്ന ഈ മറുപടി നോട്ടീസ് ഏത് വിധേനയും പ്രസിദ്ധപ്പെടുത്താൻ എനിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.
(ഒപ്പും സീലും)
അഡ്വ. ശങ്കു ടി. ദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button