Latest NewsIndia

സമീര്‍ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാര്‍ഡും സായുധ പോലീസും അനുവദിച്ച് ഉദ്ധവ്: നടപടി കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ

തന്നെ പലരും പിന്‍തുടരുകയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രണ്ട് ദിവസം മുമ്പ് സമീര്‍ വാങ്കഡെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമായി

മുംബൈ: ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതോടെ സമീർ വാങ്കഡെ എന്ന എൻസിബി ഉദ്യോഗസ്ഥനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. അതേസമയം അദ്ദേഹത്തിനെതിരെ മയക്കുമരുന്ന് മാഫിയയുടെ ഭീഷണികളും ഉണ്ടായി. ഒടുവിൽ ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ സുരക്ഷ മഹാരാഷ്‌ട്ര സര്‍ക്കാര്‍ വർധിപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ കയ്യോടെ പിടികൂടിയ സമീറിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഉദ്ദവ് താക്കറെ സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. തന്നെ പലരും പിന്‍തുടരുകയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രണ്ട് ദിവസം മുമ്പ് സമീര്‍ വാങ്കഡെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമായി. സമീറിനെ പിന്തുണച്ചും മഹാരാഷ്‌ട്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.

ഇതോടെ സമ്മര്‍ദ്ദത്തിലായ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു. കൂടുതല്‍ ബോഡി ഗാര്‍ഡുകളെ സുരക്ഷക്കായി ഇന്ന് നിയമിച്ചു. മുംബൈയിലെ എന്‍സിബിയുടെ ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുവെന്ന് എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പരാതിയും നല്‍കിയിരുന്നു . മഹാരാഷ്‌ട്ര പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം പരാതി നല്‍കിയത്.

അമ്മയെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറ് വര്‍ഷമായി വാങ്കഡെ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട്. രണ്ട് പോലീസുകാര്‍ ഈ സെമിത്തേരിയിലെത്തുകയും, ഇവിടെ നിന്ന് സമീര്‍ വാങ്കഡെയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തനിക്ക് പിന്നാലെയുള്ളതെന്നും വാങ്കഡെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വാങ്കഡെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

ഒന്‍പത് മാസം മുന്‍പ് മഹാരാഷ്‌ട്ര മന്ത്രിസഭംഗമായ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ മയക്കുമരുന്ന് കേസില്‍ ഇദ്ദേഹം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് നവാബ് മാലിക് ഉയര്‍ത്തിയത്. മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്തും നികുതി വെട്ടിപ്പ് കേസില്‍ സിനിമ താരങ്ങടക്കം നിരവധി പേരെ സമീര്‍ പിടികൂടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും വാങ്കഡെ ആയിരുന്നു.

ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ സമീര്‍ വാങ്കഡെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ എന്‍ സി ബി പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button