KeralaLatest NewsNews

ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന നാടാണ് കേരളം, ആ നാട്ടിലാണ് കെ റെയില്‍ വരുന്നത് : രമ്യ ഹരിദാസ് എംപി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് രമ്യ ഹരിദാസ് എംപി. ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന നാടാണ് കേരളം, ആ നാട്ടിലാണ് കെ റെയില്‍ വരുന്നതെന്ന് എംപി പരിഹസിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും നിലവിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെട്ടതാക്കുകയുമാണ് വേണ്ടതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.

നാല് അന്താരാഷ്ട്ര വിമാനങ്ങളുള്ള നാടാണ് കേരളം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റെയില്‍വെ ലൈനുണ്ട്. ഓരോ വര്‍ഷവും പൊതുകടം കുത്തനെ ഉയരുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് ആയിരങ്ങളെ കുടിയൊഴിപ്പിച്ച് 64000 കോടി രൂപ ചെലവിടുന്ന കെ റെയില്‍ പദ്ധതി എന്നണ് രമ്യ ഹരിദാസ് എംപിയുടെ ചോദ്യം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘ ഒരു ദിവസം മഴപെയ്യുമ്പോഴേയ്ക്കും പ്രളയത്തില്‍ മുങ്ങുന്ന കേരളത്തില്‍,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റെയില്‍വേ ലൈനുള്ള കേരളത്തില്‍, ദുരിതങ്ങള്‍ വരുമ്പോള്‍ ജീവനക്കാരുടെ ശമ്പളവും പൊതുജനങ്ങളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന കേരളത്തില്‍, ഓരോ വര്‍ഷവും പൊതുകടം കുത്തനെ ഉയരുന്ന കേരളത്തില്‍, 64,000 കോടി രൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന, ചതുപ്പുനിലങ്ങളും നെല്‍പ്പാടങ്ങളും കിടപ്പാടങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന കെ റെയില്‍ സില്‍വര്‍ലൈന്‍ ആര്‍ക്കുവേണ്ടിയാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്’ .

‘ നിലവിലെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചും യാത്രാസൗകര്യം കൂട്ടുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. മുണ്ടക്കയത്ത് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ പ്രദേശത്തേക്ക് എത്താന്‍ സാധിക്കുന്നില്ല. സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്. നിലവിലെ റെയില്‍പാതയുടെയും റോഡ് ഗതാഗതത്തിന്റെയും സൗകര്യങ്ങള്‍ കൂട്ടി യാത്രാസമയം ചുരുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button