Latest NewsNewsIndia

ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും

മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ എന്‍സിബിയുടെ പിടിയിലായ ഷാരൂഖിന്റെ മകന്‍ ആര്യന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍. കേസില്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി സാക്ഷി രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശിവസേനാ നേതാവ് പറഞ്ഞു.

Read Also : ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയതായി സാക്ഷിയുടെ ആരോപണം

‘ആര്യന്‍ ഖാന്‍ കേസില്‍ സാക്ഷിയെ കൊണ്ട് വെള്ളക്കടലാസില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വന്‍തോതിലുള്ള പണം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നു. മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയത് എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞത്. ഇത് ശരിയാണെന്നാണ് കാണുന്നത്. പൊലീസ് ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെടണം’ -സഞ്ജയ് റാവത്ത് വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

അതേസമയം, ആര്യന്‍ ഖാനും കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഓഫിസില്‍ ഒരുമിച്ചുള്ള വിഡിയോയും പുറത്തുവന്നു. ആര്യന്‍ ഖാനെ ഗോസാവി തന്റെ ഫോണില്‍ സംസാരിപ്പിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്റെ മറവില്‍ നടക്കുന്നതെന്ന് സത്യവാങ്മൂലം നല്‍കിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇയാളുടെ ആരോപണം.

കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാല്‍, ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരിക്കുകയാണ്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ മറുചോദ്യം. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button