KeralaLatest NewsIndia

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടിയിലേക്ക്: ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി, സോഷ്യൽ മീഡിയയിൽ ചർച്ച

പെൻസ്റ്റോക്ക് പൈപ്പ് വഴി കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. സെക്കൻഡിൽ 5700 കുമെക്സ് വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ തമിഴ്നാട് കൊണ്ടുപോകുന്നത് 2200 കുമിക്സ് വെള്ളമാണ്. പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് വീണ്ടും കൂടാൻ കാരണം. അതേസമയം പെൻസ്റ്റോക്ക് പൈപ്പ് വഴി കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം. സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇനിയും മുമ്ബോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ സിദ്ദീഖും ഉണ്ണിമുകുന്ദനും ഫേസ്ബുക്ക് പോസ്റ്റിട്ടു. സ്വന്തം ജീവന് വലുതായി മറ്റൊന്നുമില്ലെന്ന് നടി സുബി സുരേഷ് അഭിപ്രായപ്പെട്ടു. ജൂഡ് ആന്‍റണി ജോസഫ്, രഞ്ജിത് ശങ്കര്‍ തുടങ്ങിയ സംവിധായകരും, ഗായകന്‍ നജീം അര്‍ഷാദുമെല്ലാം പ്രതിഷേധ സ്വരം ഉയര്‍ത്തി. ഡാം വിഷയം സജീവമായതോടെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button