ThiruvananthapuramKeralaNattuvarthaLatest NewsNews

വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ‘ഉണര്‍വ്വ്’ പദ്ധതിയുമായി വിമുക്തി

പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ എക്‌സൈസ് കമ്മീഷണറേറ്റില്‍ ഉന്നതതല സമിതി രൂപീകരിക്കും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാലയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിന് എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജന മിഷനായ വിമുക്തി ‘ഉണര്‍വ്വ്’ പദ്ധതി നടപ്പിലാക്കുന്നു.

ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിക്കുക, അവര്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുക, കര്‍മ്മശേഷിയെ ക്രിയാത്മക മേഖലകളില്‍ വിനിയോഗിക്കുന്നതിന് പരിശീലനം നല്‍കുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളില്‍ നിന്നും വഴിതിരിച്ച് കായികകലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് ഉണര്‍വ്വ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Read Also : അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, സാക്ഷിയായ മകനെയും കൊലപ്പെടുത്തി: പ്രതികള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍

തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, പരിസരവാസികള്‍, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും നാല് സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഈ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ള പ്രശ്‌നങ്ങളും സാഹചര്യങ്ങളും പഠിച്ച് ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കും.

പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ എക്‌സൈസ് കമ്മീഷണറേറ്റില്‍ ഉന്നതതല സമിതി രൂപീകരിക്കും. തിരുവനന്തപുരത്തെ നാല് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഈ സ്‌കൂളുകളില്‍ കലാകായിക പരിശീലന സൗകര്യങ്ങള്‍ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ മെച്ചപ്പെടുത്തുന്നതിനുളള കര്‍മ്മപദ്ധതി നടപ്പിലാക്കി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button