KeralaLatest NewsIndia

തിരുവനന്തപുരത്തെത്തിയാൽ ഇഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ബിനീഷ്

ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നില്‍ ബി ജെ പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.

തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ – ബിനാമി ഇടപാടില്‍ ജാമ്യം ലഭിച്ച്‌ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നു സൂചന നൽകി. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നില്‍ ബി ജെ പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.

കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ ഇറങ്ങിയേനെ എന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ശനിയാഴ്ച രാത്രി എട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരന്‍ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചിതനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button