CricketLatest NewsNewsIndiaInternational

തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് 73 റൺസിന്

രോഹിത്തിനും ദ്രാവിഡിനും ജയത്തുടക്കം

കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വെന്റി 20 മത്സരത്തിലും തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 73 റൺസിനായിരുന്നു കൊൽക്കത്തയിലെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ 17.2 ഓവറില്‍ 111 റണ്‍സിന് ന്യൂസിലാൻഡ് പുറത്തായി.

Also Read:സൂര്യദേവനെ ആരാധിക്കുന്നവർ ഞായറാഴ്ച കഴിക്കരുതാത്ത ഭക്ഷണങ്ങൾ

അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തു. 27 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധ ശതകത്തിലെത്തിയത്. 31 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റണ്‍സെടുത്താണ് രോഹിത് ക്രീസ് വിട്ടത്. 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്ത ഇഷാൻ കിഷൻ, 15 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത വെങ്കിടേഷ് അയ്യർ, 20 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ശ്രേയസ് അയ്യർ, 11 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത ഹർഷൽ പട്ടേൽ, എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ദീപക് ചഹാർ എന്നിവരും ഇന്ത്യക്ക് വേണ്ടി നന്നായി ബാറ്റ് വീശി. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർ പരാജയമായി.

ന്യൂസീലന്‍ഡിനുവേണ്ടി നായകന്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

185 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസീലന്‍ഡിനു വേണ്ടി 36 പന്തുകളില്‍ നിന്ന് നാലുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത മാർട്ടിൻ ഗപ്ടിൽ, 17 റണ്‍സെടുത്ത സീഫേര്‍ട്ട് എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്നു വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ട്വന്റി 20 ടീം നായകനായി സ്ഥാനമേറ്റ രോഹിത്തിനും പരിശീലകനായി സ്ഥാനമേറ്റ ദ്രാവിഡിനും തുടക്കം ഗംഭീരമാക്കാൻ ഈ പരമ്പര നേട്ടത്തോടെ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button