KeralaLatest NewsNews

സിപിഎം നേതാക്കളുടെ നിര്‍ദേശത്തിന് അനുസരിച്ച് അന്വേഷണം നടത്താത്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ വേട്ടയാടി പിണറായി സര്‍ക്കാര്‍

ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ നിര്‍ദേശത്തിന് അനുസരിച്ച് അന്വേഷണം നടത്താത്തതിന് പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം നല്‍കാതെ സര്‍ക്കാര്‍ വേട്ടയാടി

കൊച്ചി: സിപിഎമ്മിനും പിണറായി സര്‍ക്കാരിനും എതിരെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ നിര്‍ദേശത്തിന് അനുസരിച്ച് അന്വേഷണം നടത്താത്തതിന് പെന്‍ഷന്‍ ആനുകൂല്യങ്ങളടക്കം നല്‍കാതെ സര്‍ക്കാര്‍ വേട്ടയാടിയ സംഭവമാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണനാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.

Read Also : എയര്‍ പമ്പിലൂടെ ശരീരത്തിലേയ്ക്ക് വായു കടത്തിവിട്ട് സഹപ്രവര്‍ത്തകരുടെ വിനോദം: യുവാവിനു ജീവന്‍ നഷ്ടമായി

കരുണയ്ക്ക് വേണ്ടി യാചിച്ചപ്പോഴാണ്, യാതൊരു ദയയുമില്ലാതെ മുഖ്യമന്ത്രി പരുഷമായി പെരുമാറിയതെന്നും കെ രാധാകൃഷ്ണന്‍ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2018 ഓഗസ്റ്റ് മാസത്തിലാണ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ശമ്പളം അടക്കം തടഞ്ഞുവെച്ചതോടെ ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ മുഖ്യമന്ത്രിയോട് പറഞ്ഞു.

‘താനും കുടുംബവും സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാല്‍ യാതൊരു ദയയുമില്ലാതെ, എന്നാല്‍ അങ്ങനെയാകട്ടെ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇതുകേട്ട് താനാകെ തകര്‍ന്നുപോയി’ , കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

‘വല്ലാത്ത മാനസിക വേദനയോടെയാണ് മുഖ്യമന്ത്രിയുടെ ചേംബര്‍ വിട്ട് പുറത്തുവന്നത്. കവിളുകളിലൂടെ കണ്ണീര്‍ ഒഴുകി. ഇടനാഴിയിലെ കസേരയില്‍ തളര്‍ന്നിരുന്നു, തനിക്ക് തലചുറ്റുന്നതുപോലെ തോന്നി’, കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞു.

ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും സിപിഎം നേതാക്കളുടേയും ആജ്ഞകള്‍ക്ക് അനുസരിച്ച് കേസ് അന്വേഷിക്കാതിരുന്നതിനാലാണ്, ദളിതനായ തന്നെ സിപിഎമ്മും ഇടതുസര്‍ക്കാരും വിടാതെ പിന്തുടര്‍ന്ന് വേട്ടയാടുന്നതെന്ന് രാധാകൃഷ്ണന്‍ പറയുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി നോക്കിയാണ് രാധാകൃഷ്ണന്‍ ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.

കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായിട്ടാണ് കെ രാധാകൃഷ്ണന്‍ വിരമിച്ചത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രില്‍ 29 ന് അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് തനിക്ക് മെമ്മോ ലഭിച്ചു. തന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സിപിഎമ്മിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്നും രാധാകൃഷ്ണന്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് നാടു വിടേണ്ടി വന്നതെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

‘നിരവധി തവണയാണ് തനിക്ക് നേരെ ആക്രമണമുണ്ടായത്. 2006 ല്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നു. ഏതു നിമിഷവും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയേക്കാമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്’, കെ രാധാകൃഷ്ണന്‍ പറഞ്ഞു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

2006 ല്‍ ഉണ്ടായ ഫസല്‍ വധമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. 2006 ഒക്ടോബര്‍ 22 നാണ് മുഹമ്മദ് ഫസല്‍ ഒരു സംഘം അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. കോട്ടയം ജില്ലയിലെ തലയോലപറമ്പ് സ്വദേശിയായ കെ രാധാകൃഷ്ണന്‍ അന്ന് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ ഡിവൈഎസ്പിയായിരുന്നു. കണ്ണൂര്‍ ഡിഐജിയായിരുന്ന ആനന്ദകൃഷ്ണന്‍, ഫസല്‍ വധം അന്വേഷിക്കാനായി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.

കേസില്‍ സിപിഎം നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരം അന്വേഷണം നടത്താന്‍ രാധാകൃഷ്ണന്‍ കൂട്ടാക്കിയില്ല. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് രാധാകൃഷ്ണന് നിര്‍ദേശം നല്‍കി. എന്നാല്‍ സിപിഎം ഏരിയാ സെക്രട്ടറി കാരായി രാജന്‍ ചൂണ്ടിക്കാട്ടിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു. ഇതോടെ സിപിഎമ്മിന് തന്നോട് വിരോധം ഇരട്ടിച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്താണ് ഉദ്ദേശ്യമെന്ന് കോടിയേരി പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ വെച്ച് നേരിട്ട് രാധാകൃഷ്ണനോട് ചോദിച്ചു. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ തന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടിയേരി പറഞ്ഞുവെന്നും രാധാകൃഷ്ണന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button