KeralaLatest NewsNewsIndia

‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജിൽ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ഫ്രാങ്കോ കേസിലെ വിധിയിലെ ന്യായങ്ങളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുൻ ജഡ്ജി എസ് സുദീപ്. അടിസ്ഥാനരഹിതമായ കണ്ടെത്തലുകളാണ് കോടതി കേസിൽ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം, എന്നെ വിളിക്കണം’ എന്ന് ഫ്രാങ്കോ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അയച്ച സന്ദേശമാണ്. ഇത് ഭീഷണിയെക്കാളും സമ്മർദ്ദത്തെക്കാളും ഉപരി ലൈംഗികദാഹം തന്നെയാണ് തെളിഞ്ഞു നിൽക്കുന്നതെന്നു മനസിലാക്കാൻ ആർക്കാണു കഴിയാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.

എസ് സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

● ‘എനിക്കു നിന്നെ കാണണം. എനിക്കു നിന്നെ വേണം എന്നെ വിളിക്കണം…’
ഫ്രാങ്കോ പിതാവ്, പരാതിക്കാരിയായ സിസ്റ്റർ എക്സിനയച്ചതായി സിസ്റ്റർ എക്സ് പറഞ്ഞ സന്ദേശമാണ്.
കോടതി: ‘ഭീഷണിയോ സമ്മർദ്ദമോ ഒന്നും തന്നെ ഈ സന്ദേശങ്ങളിൽ നിന്നു വെളിവാകുന്നില്ല.’

● ഫ്രാങ്കോ പിതാവ്, സിസ്റ്റർ എക്സിനയച്ച ഇ-മെയിൽ: ‘പ്രിയപ്പെട്ടവളേ, ഞാനിന്നാണു ചിത്രങ്ങൾ കണ്ടത്. ഭംഗിയുള്ളത്. ഈ സന്ദേശം കാണുമ്പോൾ ദയവായി മറുപടി അയച്ചാലും. നന്ദി.’
അടുത്തത് സിസ്റ്റർ, ഫ്രാങ്കോ പിതാവിന് അയച്ച ഇ-മെയിൽ മറുപടി: ‘പ്രിയ പ്രഭുവേ, ശുഭമദ്ധ്യാഹ്നശേഷം ആശംസിക്കുന്നു. എംജേസ്-നോട് അങ്ങേയ്ക്ക് എത്രമേൽ പ്രിയവും ചിന്തയുമുണ്ടെന്ന് ഞാനറിയുന്നു. അങ്ങ് അപ്ഡേറ്റ് ചെയ്യാൻ താമസിച്ചിരിക്കുന്നു. ഞാനിപ്പോഴാണ് കണ്ടതും മറുപടി അയച്ചതും. അങ്ങയുടെ ആരോഗ്യം, ജോലി, ദൗത്യം, വീക്ഷണം എന്നിവയൊക്കെ എപ്രകാരമിരിക്കുന്നു? എം ജെ യിലും പുറത്തുമുള്ളവരെക്കൂടിയും ശ്രദ്ധാപൂർവ്വം പരിരക്ഷിക്കണേ… പഠനത്തിനായി പുറത്തുള്ളവരെക്കൂടി എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദി.’
(എം ജെ എന്നാൽ, മിഷണറീസ് ഓഫ് ജീസസ്)
കോടതി: ‘ഈ സന്ദേശങ്ങളിലെ ഭാഷ അനുഷ്ഠാനപരമോ ഔദ്യോഗികമോ അല്ല. തീർച്ചയായും ഈ സന്ദേശങ്ങൾ പ്രതിയും ഇരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉൾക്കാഴ്ച്ച നൽകുന്നു.’

1. ഓർക്കണം, സിസ്റ്റർ എക്സിനോട് തനിക്കു പ്രണയബന്ധമോ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ ഉണ്ടായിരുന്നതായി ഫ്രാങ്കോയ്ക്ക് ഒരു വാദം പോലുമില്ല. പിന്നെന്ത് ഉൾക്കാഴ്ച്ചയാണ് കോടതി സ്വയം സൃഷ്ടിക്കുന്നത്?

2. ‘എനിക്കു നിന്നെ കാണണം. എനിക്കു നിന്നെ വേണം എന്നെ വിളിക്കണം…’ എന്ന് പ്രതി ഒരു സന്ദേശമയച്ചാൽ അതിൽ ഭീഷണിയെക്കാളും സമ്മർദ്ദത്തെക്കാളും ഉപരി ലൈംഗികദാഹം തന്നെയാണ് തെളിഞ്ഞു നിൽക്കുന്നതെന്നു മനസിലാക്കാൻ ആർക്കാണു കഴിയാത്തത്?

3. ഫ്രാങ്കോ പരാമർശിക്കുന്ന ചിത്രങ്ങൾ ഏതാണെന്ന് കോടതി പരാമർശിച്ചിട്ടില്ല. അവ സിസ്റ്റർ എക്സിൻ്റെ ചിത്രങ്ങളാണെങ്കിൽ കോടതി അതു വ്യക്തമാക്കുമായിരുന്നു. ഫ്രാങ്കോയുടെ കീഴിലുള്ള കുറവിലങ്ങാട് മഠത്തിൽ സിസ്റ്റർ എക്സ് മദർ സുപ്പീരിയറായിരിക്കെ എട്ടു ലക്ഷത്തിൽപരം രൂപ മുടക്കി അടുക്കള പുതുക്കിപ്പണിയുകയും അത് ഫ്രാങ്കോ നിർത്തി വയ്പിക്കുകയും പരിശോധിക്കാൻ ഫ്രാങ്കോ വരികയും വീണ്ടും നിർമ്മാണം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു. അതിൻ്റെ ചിത്രങ്ങൾ ആയിരിക്കാം. വ്യക്തത നൽകേണ്ടത് കോടതിയാണ്. വ്യക്തതയില്ലെങ്കിൽ സാക്ഷി വിസ്താര വേളയിൽ കോടതി തന്നെ വ്യക്തത വരുത്തണമായിരുന്നു.

4. അടുക്കളയോ അരമനയോ എന്തുമാവട്ടെ ചിത്രങ്ങളിൽ. നമുക്കൊന്നും കിട്ടാത്ത എന്ത് ഉൾക്കാഴ്ച്ചയാണ് സിസ്റ്റർ എക്സിൻ്റെ തികച്ചും മാന്യമായ മറുപടി സന്ദേശത്തിൽ നിന്നു കോടതിക്കു കിട്ടിയത്? ലോർഡ്ഷിപ് എന്ന സംബോധനയിൽ തുടങ്ങി, പ്രാർത്ഥനയും നന്ദിയും പറഞ്ഞ് അവസാനിപ്പിക്കുന്ന സിസ്റ്റർ എക്സിൻ്റെ മറുപടി ഫോർമൽ അല്ലെന്ന് എന്തടിസ്ഥാനത്തിലാണ് കോടതി പറയുന്നത്?

അടിസ്ഥാനരഹിതമായ കണ്ടെത്തലുകളാണ്, തീർത്തും അടിസ്ഥാനരഹിതം…

shortlink

Related Articles

Post Your Comments

Related Articles


Back to top button